ജലശേഖരം ശേഷിയുടെ 80 ശതമാനത്തില്‍ എത്തി അണക്കെട്ടുകള്‍ ഇക്കുറിയും നിറയാന്‍ സാധ്യത
തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകള്‍ ഇത്തവണയും പൂര്‍ണ സംഭരണശേഷിയില്‍ എത്താന്‍ സാധ്യത. ഇപ്പോള്‍ തന്നെ ജലശേഖരം ശേഷിയുടെ 80 ശതമാനത്തില്‍ എത്തിക്കഴിഞ്ഞു.
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ 70 ശതമാനവും വടക്കുകിഴക്ക് മണ്‍സൂണില്‍ 30 ശതമാനവും ജലം അണക്കെട്ടുകളില്‍ ഒഴുകിയെത്തുമെന്നാണ് കണക്ക്. വടക്കുകിഴക്ക് മണ്‍സൂണ്‍ ഇക്കുറി ഡിസംബര്‍ 31 വരെ നീളുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ (ഐ.എം.ഡി) നിഗമനം. ജലശേഖരം കഴിഞ്ഞവര്‍ഷം ഇതേദിവസത്തെ നിലയിലേക്ക് എത്തിക്കഴിഞ്ഞു. 3271.969 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം എല്ലാ സംഭരണികളിലുമായി നിലവിലുണ്ട്.
മൊത്തം സംഭരണശേഷിയുടെ 79.02 ശതമാനമാണിത്. 4140.252 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളുടെ മൊത്തത്തിലുള്ള സംഭരണ ശേഷി. ഏറ്റവും വലിയ സംഭരണിയായ ഇടുക്കി അണക്കെട്ട് ശേഷിയുടെ 75.85 ശതമാനത്തില്‍ എത്തി. 2,382 അടിയാണ് ഇടുക്കിയിലെ ഇന്നലത്തെ ജലനിരപ്പ്.
സെപ്റ്റംബറിലേത് പോലെ ഒക്ടോബറിലും പ്രതീക്ഷിച്ചതിലധികം നീരൊഴുക്ക് അണക്കെട്ടുകളിലെത്തി. ഒക്ടോബര്‍ 1 മുതല്‍ 31 വരെ 726.321 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള നീരൊഴുക്കാണ് ലഭിച്ചത്.
666.4 ദശലക്ഷം യൂനിറ്റിനുള്ള നീരൊഴുക്കാണ് ഇക്കാലയളവില്‍ പ്രതീക്ഷിച്ചത്. സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ 898.2 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചിടത്ത് 1236.638 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ലഭിച്ചു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങളുണ്ടായതാണ് അധികമഴക്ക് കാരണമായത്.
ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്നലെവരെ സംസ്ഥാനത്ത് 51 ശതമാനം അധികമഴ ലഭിച്ചതായാണ് ഐ.എം.ഡിയുടെ കണക്ക്. 329.5 മി.മീ ലഭിക്കേണ്ടിടത്ത് ലഭിച്ചത് 496.8 മി.മീറ്ററാണ്.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ ശരാശരി മഴ ലഭിച്ചപ്പോള്‍ വയനാട്, മലപ്പുറം, കോഴിക്കോട്, കോട്ടയം, കാസര്‍കോട്, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ അതിതീവ്ര മഴ ലഭിച്ചു. കാസര്‍കോട് 116 ശതമാനം മഴ കൂടുതല്‍ ലഭിച്ചു. എറണാകുളം 91, കണ്ണൂര്‍ 81, മലപ്പുറം 72, കോഴിക്കോട് 96, കോട്ടയം 74, തൃശൂര്‍ 53, പത്തനംതിട്ട 44, ആലപ്പുഴ 33 ശതമാനം വീതവും മഴ കൂടി.
ആഴ്ചകളായി പ്രതിദിന വൈദ്യുതി ഉപഭോഗം കുറഞ്ഞുനില്‍ക്കുന്നതും കെ.എസ്.ഇ.ബിക്ക് നേട്ടമായി. 64.93 ദശലക്ഷം യൂനിറ്റായിരുന്നു ഇന്നലത്തെ ഉപഭോഗം. ഇതില്‍ 18.66 ദശലക്ഷം യൂനിറ്റ് ആഭ്യന്തര ഉല്‍പാദനവും 46.27 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."