പെണ്‍കുട്ടിയെ നടുറോഡില്‍ ആക്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
ശാസ്താംകോട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികളില്‍ ഒരാള്‍ പിടിയിലായി. കേസിലെ ഒന്നാം പ്രതി കുന്നത്തൂര്‍ പ്രശാന്ത് ഭവനില്‍ (മൂത്തേരില്‍) പ്രശാന്ത് (21) ആണ് അറസ്റ്റിലായത്.
കൊട്ടാരക്കര ഡിവൈ.എസ്.പി ബി കൃഷ്ണകുമാറിന്റെ നിര്‍ദേശപ്രകാരം ശാസ്താംകോട്ട സി.ഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇയാളെ പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രശാന്തിനെ റിമാന്റ് ചെയ്തു. രണ്ടാം പ്രതിയായ കുന്നത്തൂര്‍ ഐവിള സ്വദേശി സജീവ് (21)ഒളിവിലാണ്. കഴിഞ്ഞ15 ന് വൈകിട്ട് നാലോടെ കുന്നത്തൂര്‍ ഫാക്ടറി ജങ്ഷന് സമീപത്തായിരുന്നു സംഭവം.
ബന്ധുവീട്ടില്‍ പോയശേഷം ബസിറങ്ങി നടന്നു പോവുകയായിരുന്ന 12 വയസുകാരിയാണ് ആക്രമണത്തിനിരയായത്. ബൈക്കിലെത്തിയ 2 യുവാക്കള്‍ അസഭ്യം പറഞ്ഞു കൊണ്ട് കുട്ടിയെ നിലത്തേക്ക് തള്ളിയിടുകയും വലിച്ചിഴക്കുകയും കരണത്ത് അടിക്കുകയുമായിരുന്നു. ബൈക്കിന് പിന്നിലിരുന്ന പ്രശാന്താണ് കൃത്യം നടത്തിയത്.
ഈ സമയം കുട്ടിയുടെ പിന്നാലെയെത്തിയ അയല്‍വാസികളായ ശിവാനന്ദനും വിജയമ്മയും തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെയും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ശാസ്താംകോട്ട പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണം ഉണ്ടായില്ല.
തുടര്‍ന്ന് കൊല്ലത്ത് ബാലാവകാശസംരക്ഷണ കമ്മീഷനെയും കൊട്ടാരക്കര ഡിവൈ.എസ്.പി ബി കൃഷ്ണകുമാറിനെയും സമീപിച്ചതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. ഇവരുടെ നിര്‍ദേശപ്രകാരം അഞ്ചാം ദിവസമാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതും കുട്ടിയുടെ മൊഴിയെടുത്തതും. തൊട്ടടുത്ത ദിവസം തന്നെ കരുനാഗപ്പള്ളി മജിസ്‌ട്രേറ്റും മൊഴിയെടുക്കുകയുണ്ടായി.
സംഭവം നടന്നതിന്റെ പിറ്റേദിവസം സ്റ്റേഷനില്‍ വിളിച്ചു വരുത്തി പൊലിസ് കുട്ടിയുടെ മൊഴിയെടുക്കല്‍ നടത്തിയത് നാടകമായിരുന്നുവെന്ന് ഇതോടെ തെളിയുകയായിരുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി അന്വേഷണചുമതല എസ്.ഐയില്‍ നിന്നും സി.ഐക്ക് കൈമാറി.ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയെ ഉടന്‍ തന്നെ വലയിലാകുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."