ഹവാല പണമിടപാട്; പി.ടി.എ റഹീമിന്റെ മകനും മരുമകനും പിടിയിലായത് ഒരാഴ്ച്ച മുന്നെ
റിയാദ്: ഹവാല പണമിടപാടുമായി ബന്ധപ്പട്ടു കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സഊദിയില്‍ അറസ്റ്റില്‍. ഏതാനും ആഴ്ച്ചകളായി തുടരുന്ന ഹവാല റെയ്ഡിലാണ് ഒരാഴ്ച മുന്‍പ് ഇരുവരും പിടിയിലായത്. കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍ ബിസിനസ് നടത്തി വരികയായിരുന്ന ഇരുവരെയും മറ്റു ഹവാല കേസുകളില്‍ അറസ്റ്റ്‌റു ചെയ്യപ്പെട്ടവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ തലസ്ഥാന നഗരിയിലെ ഹവാല കേസുകള്‍ കൈകാര്യം ചെയ്യുന്ന സഊദി പൊതു സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണ സംഘത്തിന് മുന്നില്‍ എത്തിച്ചാണ് അറസ്റ്റു ചെയ്തത്. ഹവാല അന്വേഷണത്തില്‍ സഊദി സുരക്ഷാ വിഭാഗം ഇനിയും അന്വേഷണം തുടരുകയാണെന്നും കൊമ്പന്മാരെ വലയിലാക്കിയതായായും ഉടന്‍ തന്നെ സഊദി അധികൃതരുടെ പിടിയില്‍ വീഴുമെന്നും അന്വേഷണത്തില്‍ വ്യക്തമായി.
കഴിഞ്ഞയാഴ്ചയാണ് സഊദി സുരക്ഷാ വിഭാഗം പി.ടി.എ റഹീമിന്റെ മകന്‍ ഷബീര്‍ പി.ടി, മരുമകന്‍ ഷബീര്‍ വായോളി എന്നിവരെ അറസ്റ്റു ചെയ്തത്. കിഴക്കന്‍ സഊദിയിലെ ഖോബാര്‍ ആസ്ഥാനമായി ജി.ബി.എസ് ഗ്ലോബല്‍ ബിസിനസ് സൊല്യൂഷ്യന്‍ എന്ന സ്ഥാപനം നടത്തുകയായിരുന്നു ഇരുവരും. സ്ഥാപനത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ് ഷബീര്‍ വായോളി. ഹവാല ഇടപാടുമായി ബന്ധപ്പെട്ടു ഷബീര്‍ വായോളിയുടെ പിതാവിന്റെ സഹോദരന്‍ നാസര്‍ വായോളിയാണ് ആദ്യം അറസ്റ്റിലാകുന്നത്. നേരത്തെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് നാട്ടില്‍ നടന്നിരുന്ന വിഷയങ്ങള്‍ ഇവിടെക്ക് വ്യാപിച്ചതും അറസ്റ്റിനു പിന്നിലുണ്ടെന്ന് ചിലര്‍ വെളിപ്പെടുത്തി. അതിനിടെ, നാസര്‍ നടത്തി വന്നിരുന്ന സ്വര്‍ണ്ണ ബിസിനസില്‍ സഊദി പൗരനുമായി ബന്ധപ്പെട്ട ക്രമക്കേടുകളാണ് കേസിന് കാരണമെന്നും പറയപ്പെടുന്നുണ്ട്.
ദമാമില്‍ സ്ഥാപനം നടത്തുന്ന ഇവരെ റിയാദിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് റിയാദിലെ പ്രത്യേക സമിതിയുടെ നേതൃത്വത്തിലാണ്. അതിനാല്‍ രാജ്യത്തിന്റെ ഏതു കോണില്‍ നിന്നും ഹവാല കേസുകളില്‍ പിടിക്കപ്പെട്ടാല്‍ റിയാദിലെത്തിച്ചു തുടര്‍നടപടികള്‍ കൈകൊള്ളുകയാണ് ചെയ്യുന്നത്. ഇന്‍ അപ്രോപ്രിയേറ്റ് ഫിനാന്‍ഷ്യല്‍ ഡീലിങ് ആന്‍ഡ് കസ്റ്റംസ് ആക്റ്റ് പ്രകാരമാണ് ഇരുവരും പിടിയിലായത്. സാമ്പത്തിക കുറ്റകൃത്യം നടത്താന്‍ നാസറിനെ സഹായിച്ചുവെന്നതാണ് പി.ടി.എ റഹീമിന്റെ മകനും, മരുമകനുമെതിരെ ചുമത്തപ്പെട്ട കുറ്റമെന്നാണ് അറിയുന്നത്. സാമ്പത്തിക ക്രമേക്കാടായതിനാല്‍ അത് പരിഹരിക്കാതെ സഊദിയില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുക അസാധ്യമാണ്. കൂടാതെ, ശിക്ഷാ നടപടികള്‍ നേരിടേണ്ടിവരികയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."