പാലാരിവട്ടം പാലം: സൂരജ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം
കൊച്ചി: പാലാരിവട്ടം അഴിമതി കേസില്‍ മൂവാറ്റുപുഴ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളും ജാമ്യത്തിലിറങ്ങി. ഇന്നലെ ഹൈക്കോടതിയാണ് കേസിലെ ഒന്നാം പ്രതി, നിര്‍മാണകമ്പനിയായ ആര്.ഡി.എസ് പ്രൊജക്ട്സ് എം.ഡി സുമിത് ഗോയല്‍, രണ്ടാം പ്രതി ആര്.ബി.ഡി.സി.കെ അസിസ്റ്റന്റ് ജന. മാനേജര്‍ പി.പി തങ്കച്ചന്, നാലാം പ്രതി പൊതുമരാമത്ത് മുന്‍സെക്രട്ടറി ടി.ഒ സൂരജ് അടക്കമുള്ളവര്‍ക്ക് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് ഇവരെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയില്‍നിന്ന് ലഭിച്ച ജാമ്യ ഉത്തരവ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് പ്രതികള്‍ മൂവാറ്റുപുഴ സബ്ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. കേസിലെ മറ്റൊരുപ്രതിയായ കിറ്റ്കോ മുന്‍ എം.ഡി ബെന്നിപോള്‍ നേരത്തെ ഹൈക്കോടതിയില്‍നിന്ന് ജാമ്യം നേടിയിരുന്നു.
ഒന്നാം പ്രതി സുമിത് ഗോയല്‍ ലാപ്ടോപ്പിന്റെ പാസ് വേഡ് വിജിലന്‍സിന് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് സുനില്‍ തോമസിന്റെ നിര്‍ദേശം. അഴിമതിയുടെ മുഖ്യ സൂത്രധാരനായ സുമിത് ഗോയലിന്റെ വസതിയില്‍നിന്ന് റെയ്ഡില്‍ പിടിച്ചെടുത്ത ലാപ് ടോപ്പിന്റെ പാസ് വേഡ് ഗോയലോ ജീവനക്കാരോ കൈമാറുന്നില്ലെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."