രാജസ്ഥാനില്‍ സി.പി.എമ്മിന്റെ മുഖ്യശത്രു കോണ്‍ഗ്രസ്
യു.എം മുഖ്താര്‍
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ ദേശീയതലത്തില്‍ കോണ്‍ഗ്രസ് നേതൃത്വംനല്‍കുന്ന വിശാലപ്രതിപക്ഷകൂട്ടായ്മയില്‍ ചേരുന്നതു സംബന്ധിച്ച് സി.പി.എമ്മില്‍ സൈദ്ധാന്തിക ചര്‍ച്ച ചൂടുപിടിച്ചിരിക്കെ, നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ പാര്‍ട്ടിയുടെ മുഖ്യശത്രു കോണ്‍ഗ്രസ്. ഇപ്പോള്‍ നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, ഛത്തിസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സി.പി.എമ്മിന് ഏറ്റവും സ്വാധീനമുള്ളത് രാജസ്ഥാനിലാണ്. 200 അംഗ രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി 28 സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയത്. ജയ്പൂര്‍ റൂറല്‍, നഗോര്‍, ഉദയ്പൂര്‍, ബികാനര്‍, സികര്‍, കോട്ട, ദുന്‍ഗര്‍പുര്‍, ഗംഗനഗര്‍, ഛുറു, ഝുഝുനു തുടങ്ങിയ മണ്ഡലങ്ങളിലാണ് പാര്‍ട്ടി സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നത്. എന്നാല്‍, പാര്‍ട്ടി മത്സരിക്കുന്ന മുഴുവന്‍ സീറ്റും കോണ്‍ഗ്രസിനു ശക്തിയുള്ള മണ്ഡലങ്ങളുമാണ്. ഇതില്‍ മൂന്നു നാലു സീറ്റിലെങ്കിലും പാര്‍ട്ടിക്കു വിജയപ്രതീക്ഷയും ഉണ്ട്. നിലവില്‍ സംസ്ഥാന നിയമസഭയില്‍ സി.പി.എമ്മിന് പ്രാതിനിധ്യം ഇല്ലെങ്കിലും 2008ലെ തെരഞ്ഞെടുപ്പില്‍ മൂന്ന് പേരെ ജയിപ്പിക്കാന്‍ പാര്‍ട്ടിക്കു കഴിഞ്ഞിരുന്നു.
പാര്‍ട്ടിയുടെ പ്രധാനപോരാട്ടം കോണ്‍ഗ്രസിനെതിരേയായിരിക്കുമെന്നും അവരുടെ ശക്തിപ്രദേശങ്ങളെയാണ് ലക്ഷ്യംവയ്ക്കുന്നതെന്നും രാജസ്ഥാന്റെ ചുമതലയുള്ള സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ഹനന്‍ മുല്ല പറഞ്ഞു. മറ്റിടങ്ങളിലേതു പോലെയല്ല സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം. ഇവിടെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ബി.ജെ.പിയെക്കാള്‍ കോണ്‍ഗ്രസുമായാണ് ഞങ്ങള്‍ ഏറ്റുമുട്ടല്‍ നടത്തുന്നത്. പ്രതിപക്ഷപാര്‍ട്ടി എന്ന നിലക്കുള്ള ഉത്തരവാദിത്തം പോലും കോണ്‍ഗ്രസ് മറന്നു. തെരഞ്ഞെടുപ്പിനു കാത്തിരിക്കുകയായിരുന്നു അവരെന്നും അദ്ദേഹം ആരോപിച്ചു. അടുത്തമാസം ഏഴിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."