തീരദേശ പൊലിസ് സ്റ്റേഷനുകളെ ജനസൗഹൃദമാക്കും: മുഖ്യമന്ത്രി
കുമ്പള / നീലേശ്വരം: സംസ്ഥാനത്ത് തീരദേശ പൊലിസ് സ്റ്റേഷനുകളെ ജനസൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തീരദേശ പൊലിസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കു പ്രധാന പരിഗണന നല്‍കും. മൂന്നു ലക്ഷത്തോളം മത്സ്യത്തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. 12 മുതല്‍ 15 ലക്ഷം വരെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ തീരദേശത്ത് ജീവിക്കുന്നു. ഇവരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ ലോക്കല്‍ പൊലിസും തീരദേശ പൊലിസും ഒരുമിച്ചു പ്രവര്‍ത്തിക്കും.
ഇന്ത്യന്‍ നാവികസേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഉള്‍പ്പെടുന്ന ത്രിതല തീരദേശ സംരക്ഷണ സംവിധാനത്തിന്റെ ഭാഗമാണ് തീരദേശ പൊലിസ്. തീരത്തു നിന്ന് 20 കിലോമീറ്റര്‍ വരെ കടല്‍ സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലാണ്. ഈ മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനു മൂന്നു ഘട്ടങ്ങളിലായി 25 തീരദേശ പൊലിസ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. രണ്ടാം ഘട്ടത്തിലെ 10 തീരദേശ പൊലിസ് സ്റ്റേഷനുകളില്‍ അഞ്ചെണ്ണത്തിന്റെ ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. തീരദേശ പൊലിസ് സ്റ്റേഷനുകളില്‍ 48 പേരാണ് ആവശ്യം. ഇപ്പോള്‍ 29 പേരെയാണു നിയമിച്ചിരിക്കുന്നത്. അവശേഷിക്കുന്ന തസ്തികകളില്‍ നിയമനത്തിനു തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
കടലോരജാഗ്രത സമിതികളുടെ പ്രവര്‍ത്തനത്തിന് 50 ലക്ഷം രൂപയാണു സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തീരദേശ മേഖലയുടെ സുരക്ഷയ്ക്ക് ഏറെ പരിഗണന നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.ജില്ലയില്‍ കുമ്പള തീരദേശ പൊലിസ് സ്റ്റേഷന്‍ ഷിറിയയിലും തൃക്കരിപ്പൂര്‍ തീരദേശ പൊലിസ് സ്റ്റേഷന്‍ അഴിത്തലയിലുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.
തലശ്ശേരി തലായിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ തീരദേശ സ്റ്റേഷനുകള്‍ക്കു പുറമേ അര്‍ത്തുങ്കല്‍, മുനക്കാക്കടവ്, തലശ്ശേരി എന്നീ തീരദേശ പൊലിസ് സ്റ്റേഷനുകളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഷിറിയയില്‍ നടന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ശിലാഫലകവും മന്ത്രി അനാച്ഛാദനം ചെയ്തു. തീരദേശ സംരക്ഷണത്തില്‍ സൈന്യത്തോടൊപ്പം ചേര്‍ന്നു പൊലിസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും തീരദേശത്തിന്റെ സുരക്ഷ അതീവ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ്, മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ,വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ ജലീല്‍ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പുണ്ഡരീകാക്ഷ (കുമ്പള), അബ്ദുള്‍ അസീസ് (മഞ്ചേശ്വരം), ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ സംബന്ധിച്ചു. ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, ഡിവൈ.എസ്.പി (എസ്.എം.എസ്) ബി.ഹരിശ്ചന്ദ്ര നായക് സംസാരിച്ചു.
അഴിത്തലയില്‍ പി. കരുണാകരന്‍ എം.പി അധ്യക്ഷനായി. എം. രാജഗോപാലന്‍ എം.എല്‍.എ, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊ.കെ.പി ജയരാജന്‍, കെ. പ്രകാശന്‍, ഐ.ജി മഹിപാല്‍ യാദവ്, ഡിവൈ.എസ്.പി കെ. ദാമോദരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."