വൈറ്റ്ഹൗസിലെ ഇഫ്താര്‍ വിരുന്ന് ട്രംപ് നിര്‍ത്തലാക്കി
വാഷിങ്ടണ്‍: രണ്ട് നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള വൈറ്റ്ഹൗസിലെ ഇഫ്താര്‍-ഈദ് വിരുന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നിര്‍ത്തലാക്കി. റമദാന്‍ മാസാവസാനം ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നതാണ് വൈറ്റ്ഹൗസിലെ പരമ്പരാഗത രീതി.
അവസാന നോമ്പുതുറയും തുടര്‍ന്ന് ഈദ് ദിനസന്ദേശവും നല്‍കും. പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം അതിഥികള്‍ക്കൊപ്പം ഇഫ്താറില്‍ പങ്കെടുക്കും. 1805 മുതല്‍ അമേരിക്കയില്‍ തുടരുന്ന രീതിയാണ് കഴിഞ്ഞ ദിവസം ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.
ഇഫ്താര്‍-ഈദ് വിരുന്ന് ഒഴിവാക്കിയ വൈറ്റ്ഹൗസ്, ഈദ് ദിനസന്ദേശത്തില്‍ ചടങ്ങ് ഒതുക്കി. 1805 ലെ ഡിസംബര്‍ 9 ന് അന്നത്തെ പ്രസിഡന്റ് തോമസ് ജെഫേഴ്‌സണ്‍ ആണ് പ്രഥമ ഇഫ്താര്‍, ഈദ് വിരുന്ന് വൈറ്റ്ഹൗസില്‍ ഒരുക്കിയത്. സെനറ്റ്, കോണ്‍ഗ്രസ് അംഗങ്ങളും മറ്റുമായിരുന്നു ഇതില്‍ സംബന്ധിച്ചത്. അമേരിക്കന്‍ വിപ്ലവ സമയത്തെ തുനീഷ്യന്‍ അംബാസഡര്‍ സിദ്ദി സുലൈമാന്‍ മെല്ലിമെല്ലിയുടെ ബഹുമാനാര്‍ഥമാണ് ഇഫ്താര്‍ ചടങ്ങ് തുടങ്ങിയത്. മെല്ലി മെല്ലി യു.എസ് സന്ദര്‍ശിച്ചപ്പോഴായിരുന്നു ഇത്. പിന്നീട് ഇത് മതസൗഹാര്‍ദത്തിന്റെ ഭാഗമായി അറിയപ്പെട്ടു.
നേരത്തെ ബുഷ്, ഒബാമ ഭരണകൂടങ്ങളും ഇഫ്താര്‍ മുടങ്ങാതെ നടത്തിയിരുന്നു. എന്നാല്‍ ട്രംപ് അധികാരമേറ്റ ശേഷം ഇഫ്താര്‍ ഒഴിവാക്കാനുള്ള നിര്‍ദേശം വൈറ്റ്ഹൗസ് മുന്നോട്ടുവയ്ക്കുകയായിരുന്നു. ശനിയാഴ്ച അമേരിക്കയില്‍ മാസപ്പിറവി ദര്‍ശനത്തെ തുടര്‍ന്ന് ഞായറാഴ്ചയായിരുന്നു പെരുന്നാള്‍. ഇഫ്താര്‍-ഈദ് ചടങ്ങ് നടത്തേണ്ടതിന്റെ മണിക്കൂറുകള്‍ക്ക് മുന്‍പാണ് വൈറ്റ്ഹൗസ് പ്രസിഡന്റ്, പ്രഥമ വനിത എന്നിവരുടെ ഈദ് ആശംസാ സന്ദേശം പുറത്തുവിട്ടത്. അമേരിക്കയിലും ലോകത്ത് വിവിധ ഭാഗങ്ങളിലുമുള്ള മുസ്‌ലിംകള്‍ക്ക് ഈദ് ആശംസകളെന്നായിരുന്നു സന്ദേശം.
റമദാനിലെ വിശുദ്ധിയും ജീവകാരുണ്യ പ്രവര്‍ത്തനവും ഇസ്‌ലാമിലെ കരുണയും മറ്റും പരാമര്‍ശിക്കുന്ന പ്രസ്താവനയാണ് വൈറ്റ്ഹൗസ് ഇറക്കിയത്. ഇസ്‌ലാമിലെ മൂല്യങ്ങള്‍ മുറുകെ പിടിക്കണമെന്ന് ആഹ്വാനം ചെയ്ത് ഈദ് മുബാറക് എന്ന ആശംസയോടെയാണ് സന്ദേശം അവസാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒബാമ ഈദിന് ദൈര്‍ഘ്യം കൂടിയ സന്ദേശമാണ് നല്‍കിയിരുന്നത്.
വൈറ്റ്ഹൗസിലെ ഇഫ്താറിനു ഒരു മാസം മുന്‍പ് തന്നെ ഒരുക്കങ്ങള്‍ നടത്താറുണ്ടെന്ന് മുന്‍ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."