അലന് 15വയസ് മുതല്‍ നിരീക്ഷണത്തിലെന്ന് പൊലിസ്; ചിത്രങ്ങള്‍ പുറത്തുവിട്ടു
കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത അലന് ഷുഹൈബിനെതിരേ കൂടുതല്‍ തെളിവുകളുമായി പൊലിസ്. 15 വയസുമുതല്‍ അലന് നിരീക്ഷണത്തിലാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. അലന് തീവ്രസ്വഭാവമുളള സംഘടനകളോട് ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫോട്ടോകള്‍ പൊലിസ് പുറത്തുവിട്ടു. കുര്‍ദുകള്‍ക്കെതിരായ തുര്‍ക്കി നടപടിക്കെതിരേ നടന്ന പ്രതിഷേധം, മറ്റൊരു പ്രതിഷേധ പരിപാടി എന്നിവയില്‍ പങ്കെടുത്ത ചിത്രങ്ങളാണ് പൊലിസ് പുറത്തുവിട്ടത്. 16 വയസുള്ളപ്പോഴാണ് കുര്‍ദുകള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിക്കുന്ന പരിപാടിയില്‍ പങ്കെടുത്തതെന്നും പൊലിസ് വ്യക്തമാക്കുന്നു.
സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനാണെന്നും തീവ്ര സംഘടനകളുമായി അലന് ബന്ധമില്ലെന്നും ബന്ധുക്കളും സി.പി.എം നേതാക്കളും വാദിക്കുമ്പോഴാണ് കുരുക്ക് മുറുക്കി പൊലിസ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. അറസ്റ്റിലായ രണ്ടുപേരില്‍ അലനെ മാത്രം രക്ഷിക്കാന്‍ പാര്‍ട്ടിതലത്തില്‍ ശ്രമം നടന്നിരുന്നു.
അതിനിടെ, യു.എ.പി.എ ചുമത്തി അറസ്റ്റിലായ യുവാക്കളില്‍ നിന്നു കണ്ടെടുത്ത കത്തിലെ രഹസ്യകോഡുകള്‍ കണ്ടെത്താന്‍ പൊലിസ് ശ്രമം ഊര്‍ജിതമാക്കി. ഇതിനായി കീഴടങ്ങിയ മാവോയിസ്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്താന്‍ പൊലിസ് തീരുമാനിച്ചിട്ടുണ്ട്. അലന് ഷുഹൈബിന്റെയും താഹ ഫസലിന്റെയും വീടുകളില്‍ നിന്ന് കണ്ടെടുത്ത ലഘുലേഖയിലും ഇത്തരം രഹസ്യകോഡ് ഉള്ളതായി പൊലിസ് പറയുന്നു.
യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് പൊലിസ് കൂടുതല്‍ വിദ്യാര്‍ഥികളുടെ വിവരം ശേഖരിച്ചിട്ടുണ്ട്. അലനുമായും താഹയുമായും ബന്ധമുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്.
കോഴിക്കോട് ലോ കോളജില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികളെ ഇന്നലെ പൊലിസ് വിളിപ്പിച്ചതായി സൂചനയുണ്ട്. പരീക്ഷ ആയതിനാല്‍ അടുത്ത ദിവസം ഹാജരാകാമെന്ന് ഇവര്‍ പൊലിസിനെ അറിയിച്ചിട്ടുണ്ട്. വീട്ടുകാരെ വിളിച്ച് മക്കള്‍ മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് ഭീഷണിപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."