പ്രളയാനന്തര റോഡ് നിര്‍മാണം: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാത്രം; മന്ത്രി ജി. സുധാകരന്‍
കല്‍പ്പറ്റ: പ്രളയാനന്തരം പുനര്‍നിര്‍മിക്കുന്ന റോഡുകള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാത്രമാണ് നടത്തുകയെന്ന് പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
ആസൂത്രണ ഭവനില്‍ ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് നിര്‍മാണ പ്രവൃത്തികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകള്‍ ദീര്‍ഘകാല ഉപയോഗത്തിനുള്ള ബി.എം.ബി.സി രീതിയിലാണ് നിര്‍മിക്കേണ്ടത്. ഇതിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കണം. വകുപ്പിന്റെ ഉന്നത തലത്തിലുള്ള തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും താഴെ തട്ടില്‍ അറിയിക്കേണ്ടത് ചീഫ് എന്‍ജിനിയര്‍മാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
കരാറെടുക്കാതെ മാറി നില്‍ക്കുന്ന കരാറുകാരുടെ പ്രവണത അംഗീകരികരിച്ചു കൊടുക്കരുത്. ആധുനിക സംവിധാനങ്ങളും പരിശിലനം ലഭിച്ച തൊഴിലാളികളുമുള്ള കരാറുകാരെ മാത്രമേ നിര്‍മാണ പ്രവൃത്തികള്‍ക്കായി പരിഗണിക്കേണ്ടതുള്ളു. നിര്‍മാണ സ്ഥലത്ത് ഉദ്യോഗസ്ഥരുടെ കൃത്യമായ മേല്‍നോട്ടം വേണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഡിവിഷന്‍ നിരത്തുകളും പാലങ്ങളും വിഭാഗത്തിന് കീഴില്‍ 2018 -19 സാമ്പത്തിക വര്‍ഷം 24 കോടി രൂപയുടെ 8 ബഡ്ജറ്റ് പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. 2017-18 വര്‍ഷത്തില്‍ 27.250 കോടി രൂപയുടെ 14 ബഡ്ജറ്റ് പ്രവൃത്തികള്‍ക്കാണ്് ഭരണാനുമതി ലഭിച്ചത്്. ഇതില്‍ മൂന്ന് എണ്ണം പുരോഗമിച്ചു വരുന്നു.
8 എണ്ണത്തിന് സെലക്ഷന്‍ നോട്ടീസ് നല്‍കി. മറ്റുള്ളവയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും അറിയിച്ചു.
കിഫ്ബിയില്‍ എട്ട് പ്രവൃത്തികള്‍ക്കായി 256.70 കോടി അനുവദിച്ചതില്‍ അഞ്ച് പ്രവൃത്തികളുടെ ഡി.പി.ആര്‍ തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. മലയോര ഹൈവേ ഒന്നാം ഘട്ടത്തിലെ ആദ്യ റീച്ചിന്റെ ഡി.പി.ആര്‍ സാമ്പത്തികാനുമതിക്കും രണ്ടാമത്തെ റീച്ചിന് സാങ്കേതികാനുമതിക്കുള്ള എസ്റ്റിമേറ്റും സമര്‍പ്പിച്ചിട്ടുണ്ട്.
റീ ബില്‍ഡ് കേരളയില്‍ പ്രവൃത്തികള്‍ക്കുള്ള 120 കോടി രൂപക്കുളള പ്രോപ്പോസല്‍ സമര്‍പ്പിച്ചു. പുനര്‍നിര്‍മിക്കാനുള്ള ഏഴ് പാലങ്ങളുടെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."