ബസ് സ്റ്റാന്‍ഡ്-മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്രം റോഡ് നിര്‍മാണത്തിനു അനുമതി
നീലേശ്വരം: നീലേശ്വരം ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നു മന്നന്‍പുറത്തുകാവ് ഭഗവതി ക്ഷേത്ര സമീപത്തേക്കുള്ള റോഡ് നിര്‍മിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അനുമതി. കോണ്‍ഗ്രസ് കൗണ്‍സിലര്‍ എറുവാട്ട് മോഹനന്‍ ഈ ആവശ്യമുന്നയിച്ച് നഗരസഭയ്ക്കു നല്‍കിയ കത്താണ് കൗണ്‍സില്‍ യോഗത്തില്‍ അജന്‍ഡയായി വന്നത്. റോഡ് വരുന്നതോടെ വി.എസ് ഓട്ടോ സ്റ്റാന്‍ഡ് ഇല്ലാതായേക്കുമെന്നതാണു പ്രധാനമായും ഉയരുന്ന വാദം. എറുവാട്ടിന്റെ അഭാവത്തില്‍ പരിഗണിച്ച കാര്യം സ്ഥലമുടമകളുടെ സമ്മതപത്രം ലഭിക്കുന്ന മുറയ്ക്ക് ഇതു നഗരസഭയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നു പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എം സന്ധ്യ അറിയിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ കുഞ്ഞിക്കൃഷ്ണന്‍ നിര്‍ദേശത്തെ സ്വാഗതം ചെയ്തു. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു പി.എം സന്ധ്യ, എറുവാട്ട് മോഹനന്‍, പി. കുഞ്ഞിക്കൃഷ്ണന്‍, നഗസഭാ എന്‍ജിനിയര്‍ ഉമേഷ് നാരായണന്‍ എന്നിവരെ ഉള്‍പ്പെട്ട കമ്മിറ്റിയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള ചെയര്‍മാന്റെ നിര്‍ദേശം യോഗം അംഗീകരിച്ചു.
നഗരസഭയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്ത വകയില്‍ ശുചിത്വമിഷന്‍ സര്‍വിസ് പ്രൊവൈഡര്‍ ഒലീന മഹിളാ സമാജത്തിനു 1,33,000 രൂപ അനുവദിക്കാനും തീരുമാനമായി. വളര്‍ത്തു നായ്ക്കള്‍ക്കു ലൈസന്‍സിനു 750 രൂപ ഈടാക്കും. ലൈസന്‍സ് എടുക്കാത്ത ഉടമകളില്‍ നിന്നു 1000 രൂപ പിഴ ഈടാക്കും. അപകടാവസ്ഥയിലായ മുണ്ടേമ്മാട് പാലം സംരക്ഷിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം കെ.വി ഉഷ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."