ചാഞ്ഞാല്‍-ഈസ്റ്റ് കോഡൂര്‍ റോഡരികില്‍ മുടിമാലിന്യം തള്ളി
ചട്ടിപ്പറമ്പ്: ചാഞ്ഞാല്‍ ഈസ്റ്റ് കോഡൂര്‍ റോഡില്‍ ബാര്‍ബര്‍ ഷോപ്പില്‍ നിന്നുള്ള മുടിമാലിന്യം തള്ളി. രാത്രിയില്‍ ആളൊഴിഞ്ഞ സ്ഥലത്താണ് മാലിന്യം തള്ളിയത്. മുമ്പ് കച്ചവട സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നുമുള്ള മാലിന്യം ഈ പ്രദേശത്ത് സ്ഥിരമായി തള്ളാറുണ്ടായിരുന്നു. അന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലിസ് മാലിന്യം തള്ളിയ ചിലരെ പിടിക്കുകയും ചെയ്തിരുന്നു.
മാലിന്യം നിക്ഷേപിക്കുന്നതിനെതിരേ ഗ്രാമപ്പഞ്ചായത്ത് ഈ പ്രദേശത്ത് മുന്നറിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം നാട്ടുകാര്‍ രൂപീകരിച്ച ജാഗ്രതാസമിതിയുടെ നിരന്തര നിരീക്ഷണം ആരംഭിച്ചതോടെ മാലിന്യം തള്ളുന്നത് കുറഞ്ഞിരുന്നു. മഴപെയ്തതോടെ വളര്‍ന്ന കുറ്റിക്കാടുകളില്‍ വീണ്ടും മാലിന്യം നിക്ഷേപിക്കാന്‍ തുടങ്ങി. പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ഗ്രാമപ്പഞ്ചായത്തും സന്നദ്ധ സംഘടനകളും ചേര്‍ന്ന് കാടുകള്‍ വെട്ടിമാറ്റി, മറ്റുമാലിന്യങ്ങള്‍ നീക്കുകയും ചെയ്തു.
അതിന് ശേഷമാണിപ്പോള്‍ ചാക്കുകണക്കിന് മുടിമാലിന്യം തള്ളിയിരിക്കുന്നത്. ജനപ്രതിനിധികളുടെകൂടി പങ്കാളിത്തത്തോടെ പ്രദേശത്തെ ജാഗ്രതസമിതിയുടെ പ്രവര്‍ത്തനം ശക്തമാക്കാനും ഗ്രാമപ്പഞ്ചായത്തിന്റെ സഹകരണത്തോടെ സി.സി.ടി.വി സംവിധാനമൊരുക്കാനും സമിതി തീരുമാനിച്ചു. മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം പൊലിസില്‍ പരാതി നല്‍കിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."