കെ.പി.സി.സി പുനഃസംഘടന: ജംബോ പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിയില്‍
തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയ്ക്കുള്ള പട്ടികയുമായി നേതാക്കള്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണും. ഗ്രൂപ്പുകളുടെ പ്രാതിനിധ്യം ഉറപ്പാക്കിയും പ്രധാന നേതാക്കളുടെ നോമിനികളെ ഉള്‍പ്പെടുത്തിയുമുള്ള 80 അംഗ പട്ടികയാണ് അന്തിമ ഘട്ടത്തില്‍ തയാറാക്കിയിരിക്കുന്നത്.
ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സോണിയാ ഗാന്ധിയുടേയും മറ്റും നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ചശേഷം പട്ടിക പുറത്തുവിടും. ഞായറാഴ്ച പട്ടിക പ്രസിദ്ധീകരിക്കാനാണ് ആലോചന. അതിനിടെ ഡി.സി.സി, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു മുന്‍ ഭാരവാഹികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണിയെ ഇന്ദിരാഭവനില്‍ കണ്ട് പരാതി അറിയിച്ചു.
ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികള തിരുകിക്കയറ്റുകയാണ് ചെയ്തതെന്നും പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഇവര്‍ ആന്റണിയെ അറിയിച്ചു. ഭാരവാഹികളെ ഗ്രൂപ്പുകള്‍ വീതംവച്ചതിലൂടെ അര്‍ഹരായ പലര്‍ക്കും ഇടം ലഭിച്ചിട്ടില്ലെന്നും പട്ടികയില്‍ ആളുകളെ ഉള്‍പ്പെടുത്തിയതിനുള്ള മാനദണ്ഡം എന്താണെന്നും ഇവര്‍ ആന്റണിക്കു മുന്നില്‍ അവതരിപ്പിച്ചു. എന്നാല്‍ പട്ടിക പൂര്‍ത്തിയായ സ്ഥിതിക്ക് ഇവയൊന്നും പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല.
ഏഴു വര്‍ഷത്തിനുശേഷം യൂത്ത് കോണ്‍ഗ്രസിന് പുതിയ ഭാരവാഹികളെ കൊണ്ടുവരുന്ന കാര്യത്തിലും ചര്‍ച്ച നടക്കുകയാണ്. എ ഗ്രൂപ്പ് പ്രതിനിധിയായ ഷാഫി പറമ്പില്‍ എം.എല്‍.എയെ അധ്യക്ഷനും ഐഗ്രൂപ്പില്‍നിന്നും കെ.എസ് ശബരീനാഥന്‍ എം.എല്‍.എയെ ഉപാധ്യക്ഷനുമാക്കിയുള്ള സമവായ ഫോര്‍മുലയാണ് ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ വരുന്ന ഭാരവാഹികള്‍ക്കായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ദേശീയ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടത്തരുതെന്നും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലുള്ള സൗഹാര്‍ദം നഷ്ടമാകുമെന്നും കാണിച്ച് കേരളത്തില്‍നിന്നുള്ള എം.എല്‍.എമാര്‍ കത്ത് നല്‍കിയിട്ടുണ്ട്. സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഒരു സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഓരോ ഭാരവാഹി സ്ഥാനത്തേക്കും മത്സരിക്കുന്നതിന് പണം കെട്ടിവയ്ക്കണം. കേരളത്തില്‍ മാത്രം തെരഞ്ഞെടുപ്പ് നടന്നാല്‍ ഏകദേശം അരക്കോടിയോളം രൂപ കേന്ദ്ര നേതൃത്വത്തിന് ലഭിക്കും. അതുകൊണ്ട് തെരഞ്ഞെടുപ്പെന്നതാണ് അവരുടെ നിലപാട്. തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനാണ് കേരളത്തില്‍നിന്നുള്ള നേതാക്കളുടെ ശ്രമം.
പുനഃസംഘടനാ പട്ടികയുമായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്തുനിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പാലക്കാടുനിന്നും ഇന്നലെ വൈകുന്നേരത്തോടെ ഡല്‍ഹിയിലേക്ക് പോയി. ചികിത്സയിലായതിനാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പോയില്ല. ഇതിനിടെ കഴിഞ്ഞ ദിവസം കെ. മുരളീധരന്‍ എം.പി. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയെ കണ്ട് പുനഃസംഘടനാ പട്ടികയിലുള്ള ആക്ഷേപം അറിയിച്ചിരുന്നു. കൂടിയാലോചനയില്ലാതെ തയാറാക്കിയ ജംബോ പട്ടിക ഗുണം ചെയ്യില്ലെന്നാണ് അദ്ദേഹം സോണിയയെ അറിയിച്ചത്.
ഇരട്ടപ്പദവി അംഗീകരിച്ചുകൊണ്ടുള്ള പട്ടികയാണ് ഇപ്പോഴത്തേത്. എം.എല്‍.എമാരെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായി പരിഗണിക്കുമ്പോഴും ഇരട്ടപ്പദവി പ്രശ്‌നം ഉയര്‍ന്നുവരുന്നുണ്ട്.
കെ.പി.സി.സി പുനഃസംഘടനക്കായി തയാറാക്കിയിരിക്കുന്ന പട്ടികയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം വളരെ കുറവാണെന്ന് ആക്ഷേപമുണ്ട്. യൂത്ത് കോണ്‍ഗ്രസില്‍നിന്ന് സി.ആര്‍ മഹേഷിനെയും മറ്റു നാലുപേരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നു കാണിച്ച് കെ.പി.സി.സിക്ക് അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി കത്ത് നല്‍കിയെങ്കിലും ഗ്രൂപ്പ് വീതം വയ്പ്പില്‍ അതിനു പരിഗണന ലഭിച്ചില്ല.
60 വയസ് കഴിഞ്ഞവരാണ് പട്ടികയിലുള്ള ഭൂരിഭാഗവും എന്നാണ് ആക്ഷേപം. ഈ കുറവുകളെല്ലാം പരിഹരിച്ചുകൊണ്ടായിരിക്കുമോ പട്ടിക പുറത്തുവരുന്നത് എന്നുവേണം കാണാന്‍. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കുള്ളതാണ് 80 അംഗ പട്ടിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."