ഒഡിഷ- ബ്ലാസ്റ്റേഴ്‌സ് മത്സരം ഗോള്‍രഹിത സമനിലയില്‍
കൊച്ചി: തുടരെയുള്ള രണ്ട് തോല്‍വികളില്‍നിന്ന് പാഠം പഠിക്കാത്ത ബ്ലാസ്റ്റേഴ്‌സ് ഇന്നലെ തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ ഓഡിഷക്കെതിരായ മത്സരവും സമനിലയില്‍ കളഞ്ഞുകുളിച്ചു. വിരസമായ ഗോള്‍രഹിത സമനിലയിലാണ് മത്സരം അവസാനിച്ചത്. മൂന്ന് താരങ്ങള്‍ പരുക്കിനെത്തുടര്‍ന്ന് പുറത്ത് പോയ മത്സരത്തില്‍ ഉടലെടുത്തത് വളരെ കുറച്ച് മികച്ച നീക്കങ്ങള്‍ മാത്രം. കളിയുടെ അവസാന 10 മിനുട്ടിലായിരുന്നു നല്ല കുറച്ച് നീക്കങ്ങള്‍ നടത്തി ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തിയത്.
ബ്രസീലിയന്‍ താരം ജൈറോ റോഡ്രിഗസിനെ ക്യാപ്റ്റനാക്കി പുതിയ ഭാവത്തിലാണ് ഷട്ടോരി ബ്ലാസ്റ്റേഴ്‌സിനെ അവതരിപ്പിച്ചത്. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ തന്നെ 4-2-3-1 എന്ന പൊസിഷനിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ആദ്യ ഇലവനില്‍ നാലു മലയാളികള്‍ കൂടി എത്തിയതോടെ ഗാലറി നിറഞ്ഞു കൈയടിച്ചു. ടി.പി രഹ്നേഷ് ഗോള്‍ പോസ്റ്റിനു കീഴിലെത്തിയപ്പോള്‍, മലയാളികള്‍ ഏറെ പ്രതീക്ഷിച്ച സഹലിനെ മധ്യനിരയില്‍ കളിനിയന്ത്രിക്കാന്‍ ആദ്യ ഇലവനില്‍ തന്നെ ഉള്‍പ്പെടുത്തി.
ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നല്‍കിയായിരുന്നു മത്സരം തുടങ്ങിയത്. രണ്ടാം മിനുട്ടില്‍ നായകന്‍ ജൈറോ റോഡ്രിഗസിന് പരുക്ക്. അഞ്ചാം മിനുറ്റില്‍ ആദ്യ സബ്സ്റ്റിറ്റിയൂഷന് പരിശീലകന്‍ എല്‍കോ ഷട്ടോറി നിര്‍ബന്ധിതനായി. ജൈറോ പുറത്തേക്ക് പോയപ്പോള്‍ പകരമെത്തിയത് മലയാളി താരം ഹക്കു. കേരള പ്രതിരോധത്തിലെ ദൗര്‍ബല്യങ്ങള്‍ മുന്നില്‍ കണ്ട് വേഗക്കാരായ സ്പാനിഷ് മധ്യനിരയുമായാണ് ഒഡിഷ കൊച്ചിയിലിറങ്ങിയത്.
ഗോള്‍ സ്‌കോറന്മാരായ സിസ്‌കോ ഹെര്‍ണാണ്ടസ്, സ്‌ട്രൈക്കര്‍ അരിഡെയ്ന്‍ സാന്റാന എന്നിവരെല്ലാം അടങ്ങിയ മുംബൈക്കെതിരേ വിജയിച്ച ടീമിനെ തന്നെ ഒഡിഷ കോച്ച് ജോസ് ഗോംപു കേരളത്തിനെതിരേ ഇറക്കിയതിലൂടെ നയം വ്യക്തമായിരുന്നു.
ഗാലറിയുടെ ആവേശത്തിനൊപ്പം കേരളം തുടക്കം മുതല്‍ മുന്നേറി. തുടര്‍ച്ചയായി ഒഡിഷയുടെ തീരത്തേക്ക് കേരളം പന്തെത്തിക്കാന്‍ കിണഞ്ഞുശ്രമിച്ചുവെങ്കിലും പ്രതിരോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല. 15ാം മിനുട്ടില്‍ പെനാല്‍റ്റി ബോക്‌സിലേക്ക് താഴ്ന്ന വന്ന പ്രശാന്തിന്റെ ക്രോസും ഒഡിഷയുടെ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. സെര്‍ജിയോ സിന്‍ഡോച്ചയുടെ ഹെഡര്‍ ഒഡിഷയുടെ ഡിയവാന്‍ഡോവ് തടയുകയായിരുന്നു.
28ാം മിനുട്ടില്‍ കേരളത്തിന്റെ പെനാല്‍റ്റി ബോക്‌സിലേക്ക് വന്ന ഒഡിഷയുടെ കോര്‍ണര്‍ രണ്ടുപേരുടെ പരുക്കിലാണ് കലാശിച്ചത്. കേരളത്തിന്റെ മെസി ബൗളിയും ഒഡിഷയുടെ സ്‌ട്രൈക്കര്‍ അരിഡെയ്ന്‍ സാന്റാനയും കൂട്ടിയിടിച്ച് പരുക്കേറ്റു വീണു. ഗുരുതരമായി പരുക്കേറ്റ രണ്ടു ടീമിലേയും സ്‌ട്രൈക്കര്‍മാര്‍ മൈതാനം വിട്ടു. മെസിയെ ആംബുലന്‍സിലാണ് ഗ്രൗണ്ടില്‍നിന്ന് മാറ്റിയത്. മെസിക്ക് പകരം റാഫിയും സാന്റാനക്ക് പകരം കാര്‍ലോസ് ഡെല്‍ഗാഡോയും മൈതാനത്തിറങ്ങി.
35 ാം മിനുട്ടില്‍ ഒഡിഷ താരങ്ങള്‍ക്കിടയിലൂടെ സഹല്‍ നടത്തിയ മുന്നേറ്റം പ്രതിഭയുടെ തിളക്കമുള്ളതായി. മൈതാനത്തിന്റെ മധ്യത്തില്‍നിന്ന് ഒറ്റക്ക് പന്തുമായി മുന്നേറി പെനാല്‍റ്റി ബോക്‌സില്‍ നാരായണ്‍ ദാസിന്റെ ഫൗളില്‍ വീഴുന്നതിനിടെ നാലു പേരെ സഹല്‍ തന്റെ കാല്‍ സ്പര്‍ശത്തിലൂടെ മറികടന്നിരുന്നു. അത് പെനാല്‍റ്റിയെന്നുറപ്പിച്ച കേരളത്തിനോട് പക്ഷെ റഫറി മുഖം തിരിച്ചു. 44ാമത്തെ മിനുട്ടില്‍ ബ്ലാസ്റ്റേഴ്‌സിന്റെ റാഫിയുടെ പാസ് ഗോളാക്കാനുള്ള രാഹുലിന്റെ ശ്രമം പുറത്തേക്ക് പോയി.
ഒരു മാറ്റവുമായാണ് ഒഡിഷ രണ്ടാം പകുതിക്ക് ഇറങ്ങിയത്. മാര്‍ക്കോസ് ടെബറിന് പകരം അര്‍ജന്റീനിയന്‍ താരം മാര്‍ട്ടിന്‍ പെരസ് കളത്തിലെത്തി. രണ്ടാം പകുതിയുടെ ആദ്യ പത്ത് മിനിട്ടുകളിലും മികച്ചൊരു നീക്കം പോലും ഇരു ടീമുകളും നടത്തിയില്ല. 58ാം മിനുട്ടില്‍ ഒഡിഷയുടെ മികച്ച മുന്നേറ്റം. ജെറിയില്‍ നിന്നുള്ള മനോഹരമായ ക്രോസ് ബോക്‌സിനുള്ളില്‍ മനോഹരമായി സ്വീകരിച്ച നന്ദകുമാര്‍ തൊട്ടടുത്ത പന്ത് പക്ഷേ പുറത്തേക്ക് പോയി.
63ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി പ്രശാന്തിന്റെ മുന്നേറ്റം. ഇടത് വിങ്ങിലൂടെ നടത്തിയ നീക്കത്തിനൊടുവില്‍ താരം തൊടുത്ത ഷോട്ട് പക്ഷേ ഗോള്‍ വലയ്ക്ക് മുകളിലൂടെ പറന്നു. എന്നാല്‍ 67ാം മിനുട്ടില്‍ പ്രശാന്ത് നല്‍കിയ ക്രോസ് ഒഡിഷയുടെ നാരായണ്‍ ദാസിന്റെ കൈമുട്ടില്‍ കൊണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ഹാന്‍ഡ്‌ബോള്‍ അപ്പീല്‍ റഫറി അനുവദിച്ചില്ല.
78ാം മിനുറ്റില്‍ ആരാധകര്‍ കാത്തിരുന്ന മാറ്റം ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കളത്തില്‍ കൊണ്ടുവന്നു. ഒഗ്‌ബെച്ചെ പകരക്കാരനായി കളത്തിലേക്ക്. പകരം ടീം പിന്‍വലിച്ചത് മുഹമ്മദ് റാഫിയെ. 86ാം മിനുറ്റില്‍ ഗോളെന്നുറപ്പിച്ച കെ.പി രാഹുലിന്റെ തകര്‍പ്പന്‍ ഷോട്ട് ഒഡിഷ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി. മത്സരത്തിന്റെ അവസാന മിനുട്ടുകളില്‍ ബ്ലാസ്റ്റേഴ്‌സ് മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോളിലേക്കെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."