നബിദിനം ഹരിതാഭമാക്കണം: സമസ്ത
കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് മുസ്‌ലിം ലേകം നാളെ നബിദിനം ആഘോഷിക്കും. മൗലിദ് പാരായണം, ഘോഷയാത്ര, അന്നദാനം, മദ്ഹുറസൂല്‍ പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നബിദിനത്തോടനുബന്ധിച്ച് നടക്കും.
നബിദിനാഘോഷം പരിസ്ഥിതി സൗഹൃദവും ഹരിതചട്ട പ്രകാരവുമാക്കുന്നതിന് എല്ലാ മഹല്ല് ഭാരവാഹികളും ശ്രദ്ധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യര്‍ഥിച്ചു.
ഘോഷയാത്രകളിലും പൊതുയോഗങ്ങളിലും പൊതുജനങ്ങള്‍ക്ക് മാര്‍ഗതടസ്സം ഉണ്ടാകാതിരിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ സാമഗ്രികളുടെ ഉപയോഗം ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ഘോഷയാത്രയിലും മറ്റും ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെയും പാനീയങ്ങളുടെയും ഗുണമേന്മ ഉറപ്പുവരുത്തണം. കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണ പദാര്‍ഥങ്ങളും പാനീയങ്ങളും പരിപാടികളില്‍ നല്‍കുന്നില്ലെന്നു സംഘാടകര്‍ ഉറപ്പുവരുത്തണം.
പാരിതോഷികങ്ങള്‍ പ്ലാസ്റ്റിക് പായ്ക്കുകളില്‍ വിതരണം ചെയ്യുന്നത് ഒഴിവാക്കണം.
ഘോഷയാത്രയ്ക്കു സ്വീകരണം നല്‍കുന്ന കേന്ദ്രങ്ങളിലും വഴിയോരങ്ങളിലും ശുചീകരണം സംഘാടകര്‍ സ്വയം ഏറ്റെടുക്കണം.
പ്രവാചക സ്‌നേഹത്തിന്റെ പ്രകടനങ്ങളാണ് മീലാദ് ഘോഷയാത്രകള്‍. അതിനാല്‍ അതിന്റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രവാചകനെ അനുധാവനം ചെയ്യാനുള്ള മാതൃകാ ആഘോഷങ്ങളായി നബിദിനാഘോഷം മാറ്റാന്‍ നമുക്ക് സാധിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."