വിധിയില്‍ അവ്യക്തത
നമ്മുടെ രാജ്യവും ഭരണഘടനയും സുപ്രിംകോടതിയും എന്തിന് ഇന്ത്യ എന്ന ദേശസങ്കല്‍പം പോലും രൂപപ്പെടുന്നതിന് മുന്‍പുള്ള ഒരു ചിരപുരാതന തര്‍ക്കത്തിനാണ് ഇപ്പോള്‍ നമ്മുടെ പരമോന്നത നീതി പീഠം തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നത്. ബ്രിട്ടിഷ് കാലത്തിന് മുന്‍പ്, ബ്രിട്ടിഷ് ഭരണകാലം,സ്വതന്ത്ര ഇന്ത്യയിലെ ഭരണഘടന വാഴ്ചയുടെ കാലം ഇങ്ങനെ മൂന്ന് തലത്തില്‍ ഈ തര്‍ക്കം വ്യാപിച്ചുകിടക്കുന്നു. പഴയ അവധ് എന്ന നാട്ടുരാജ്യത്തിലുള്‍പ്പെട്ട അയോധ്യ നഗരത്തിലെ രാംകോട്ട് എന്ന പ്രദേശത്താണ് ബാബരി ഭൂമി. തര്‍ക്ക ഭൂമിയിലാണ് ശ്രീരാമന്‍ ജനിച്ചതെന്നും അവിടെ രാമ പൂജയ്ക്കായി ക്ഷേത്രം നിലനിന്നിരുന്നുവെന്നും മുഗള്‍ രാജവംശം ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി നിര്‍മിച്ചെന്നുമാണ് ഒരു വിഭാഗം ഹിന്ദുമത വിശ്വാസികളുടെ വാദം.
എന്നാല്‍ പള്ളി പണിതത് ഒരു ഒഴിഞ്ഞ ഭൂമിയിലാണെന്നും പള്ളി നിര്‍മിക്കപ്പെട്ട 1528 മുതല്‍ ഇവിടെ നിസ്‌കാരം നിലനിന്നിരുന്നുവെന്നും അതിന്റെ കൈവശാവകാശം തങ്ങള്‍ക്കാണെന്നുമാണ് മുസ്‌ലിംകളുടെ വാദം. മുഗള്‍ സാമ്രാജ്യത്തിന്റെ ശക്തിക്ഷയത്തിന് ശേഷം കാലക്രമേണ പള്ളിക്ക് ചുറ്റുമായി രാമ പൂജ ശക്തിപ്പെടുകയും ആ ഭാഗം പതുക്കെ ഹിന്ദുക്കള്‍ കൈവശപ്പെടുത്തുകയും ചെയ്തു. പള്ളിക്കകത്ത് നിസ്‌കാരവും പുറത്ത് പൂജയുമായി ഹിന്ദുക്കളും മുസ്‌ലിംകളും സഹവര്‍ത്തിത്തത്തോടെ കഴിഞ്ഞ കാലഘട്ടമുണ്ടായിരുന്നുവെന്ന് ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. ആ ചരിത്ര രേഖകള്‍ സുപ്രിംകോടതി വിധിയിലും പരാമര്‍ശിക്കുന്നുണ്ട്. അവധ് നാട്ടുരാജ്യം ബ്രിട്ടിഷ് ഭരണത്തിന് കീഴിലായ 1856- 1857 കാലത്താണ് ഈ സ്ഥലത്തെ ചൊല്ലി അക്രമാസക്തമായ സംഭവമുണ്ടാവുകയും അത് വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുകയും ചെയ്യുന്നത്.
തുടര്‍ന്ന് ബ്രിട്ടിഷ് സര്‍ക്കാര്‍ തര്‍ക്കസ്ഥലം രണ്ടായി തിരിച്ച് മതില്‍ നിര്‍മിക്കുകയും പള്ളിയുടെ അകം മുസ്‌ലിംകള്‍ക്ക് നിസ്‌കരിക്കാനും പുറത്ത് ഹിന്ദുക്കള്‍ക്ക് പൂജയ്ക്കായി അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് ഹിന്ദുക്കള്‍ക്കായി അനുവദിച്ച സ്ഥലത്ത് സീതാ രസോയി, രാം ചപൂത്തര്‍ മുതലായ നിര്‍മിതികള്‍ ഉണ്ടാക്കുകയും പ്രത്യേകം പൂജകള്‍ തുടര്‍ന്നുവരുകയും ചെയ്തു. പിന്നീടുള്ള ബ്രിട്ടിഷ് ഭരണത്തിന് കീഴില്‍ കാര്യങ്ങള്‍ പഴയതുപോലെ സൗഹാര്‍ദപരമായിരുന്നില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ ബ്രിട്ടിഷുകാര്‍ നടത്തിയില്ലെന്ന് മാത്രമല്ല ഇത് ഊതിപ്പെരുപ്പിച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതിന് അവര്‍ ശ്രമിക്കുകയും ചെയ്തു.
1855ല്‍ മഹന്ദ് രഘുബര്‍ദാസ് എന്നയാള്‍ ആദ്യമായി ഒരു സിവില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് നിയമ പോരാട്ടം ആരംഭിക്കുന്നത്. തര്‍ക്ക സ്ഥലത്ത് രാമ ക്ഷേത്ര നിര്‍മാണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആ ഹരജി ഫൈസാബാദ് സബ് ജഡ്ജി നിരസിച്ചു. ക്ഷേത്രം നിര്‍മിക്കാന്‍ അനുവദിക്കാത്തത് ക്രമസമാധാനം മുന്‍നിര്‍ത്തയാണെന്നും പള്ളിയുടെ പുറം ഭാഗത്തുള്ള ഹിന്ദുക്കളുടെ ഉടമസ്ഥാവകാശത്തില്‍ സംശയമില്ലെന്നും വിചാരണ കോടതി വിധിച്ചു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴും ഈ പുറം വശത്തിനായുള്ള ഹിന്ദു വിഭാഗത്തിന്റെ അവകാശ വാദം. 1949ല്‍ ആണ് ഈ തര്‍ക്കത്തിന് പുതിയ രൂപവും ഭാവവും കൈവന്നത്. 1949 ഡിസംബര്‍ 22ന് പള്ളിയുടെ പൂട്ട് പൊളിച്ച് അര്‍ധരാത്രി രാമന്റെയും സീതയുടെയും ഹനുമാന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. തുടര്‍ന്ന് ക്രിമിനല്‍ ചട്ടത്തിലെ വകുപ്പ് 145 അനുസരിച്ച് ഫൈസാബാദ് കലക്ടര്‍ സ്ഥലം ഏറ്റെടുത്തു. 1950ല്‍ കലക്ടര്‍ ഒരു റിസീവറെ നിയമിക്കുകയും പള്ളിയുടെ ഉള്‍വശം ആ റിസീവറുടെ അധികാര പരിധിയില്‍ കൊണ്ടുവരുകയും ചെയ്തു. എന്നാല്‍ പുറംവശം ഹിന്ദുക്കളുടെ നിയന്ത്രണത്തിന് കീഴില്‍ തുടരുകയും അവിടെ പൂജകളും മറ്റു ആരാധന കര്‍മങ്ങളും യാതൊരു തടസങ്ങളുമില്ലാതെ തുടര്‍ന്നു. 1945ല്‍ പള്ളിക്കകത്ത് വിഗ്രഹം വച്ചതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയെങ്കിലും അതില്‍ തുടര്‍ നടപടികളൊന്നുമുണ്ടായിരുന്നില്ല.
ഇന്നലെ സുപ്രിം കോടതി വിധി പറഞ്ഞ നാല് ഹരജികളില്‍ ആദ്യത്തേത് ഫയല്‍ ചെയ്തത് 1950ല്‍ ആണ്. ഒരു രാമ ഭക്തന്‍ എന്ന് അവകാശപ്പെട്ട ഗോപാല്‍ സിങ് വിശാരദ് എന്നയാള്‍ 1950ല്‍ ആണ് സിവില്‍ കേസ് ഫയല്‍ ചെയ്യുന്നത്. രാമ ക്ഷേത്ര നിര്‍മാണം ആവശ്യപ്പെട്ടായിരുന്നു ആ ഹരജി. 1959ല്‍ തര്‍ക്കഭൂമിയില്‍ അവകാശ വാദമുന്നയിച്ച് നിര്‍മോഹി അഖാഡയും പരാതി നല്‍കി. 1961ല്‍ ആണ് പള്ളി തിരിച്ചുനില്‍കണമെന്ന് ആവശ്യപ്പെട്ട് സുന്നി വഖ്ഫ് ബോര്‍ഡ് പരാതി നല്‍കുന്നത്. ഏറ്റവും ഒടുവിലായി 1989ല്‍ ആണ് രാം ലല്ലയ്ക്കായി വി.എച്ച്.പി ഉള്‍പ്പെടെയുള്ള സംഘടനകളുടെ നിയന്ത്രണത്തിലുള്ള ഒരാള്‍ ഹരജി സമര്‍പ്പിച്ചത്.
1991ല്‍ തര്‍ക്കം നിലനിന്ന 2.77 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഹൈക്കോടതി അത് റദ്ദാക്കി. 1992 ഡിസംബര്‍ ആറിന് പള്ളി പൊളിച്ചു. 1993ല്‍ 2.77 ഏക്കര്‍ ഭൂമിയും അതിന് ചുറ്റുമുള്ള സ്വകാര്യ ഭൂമിയായ 68 ഏക്കറും ഒരുമിച്ച് കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. ആ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തര്‍ക്ക ഭൂമിയും അതിന് ചുറ്റുമുള്ള 68 ഏക്കറും കേന്ദ്രത്തില്‍ നിക്ഷിപ്തമാക്കപ്പെട്ടത്. ഇന്നലത്തെ ഈ വിധിയിലൂടെ തര്‍ക്ക സ്ഥലം 2.77 ഏക്കര്‍ സ്ഥലം ഒരു ട്രസ്റ്റ് രൂപീകരിച്ച് അവര്‍ക്ക് കൈമാറണം. അവര്‍ക്ക് മുന്നോട്ടുപോവാന്‍ ഒരു പദ്ധതിയുണ്ടാക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചത്. തര്‍ക്ക സ്ഥലത്ത് അമ്പലം പണിയാന്‍ ഈ ട്രസ്റ്റിനെ കേന്ദ്രത്തിന് അധികാരപ്പെടുത്താവുന്നതാണ്.
ഇന്നലത്തെ ഉത്തരവ് കൃത്യമായി നിരീക്ഷിച്ചാല്‍ ഏതെങ്കിലും നിയമ വകുപ്പുകളെയോ നിയമപരമായി നിലനില്‍ക്കുന്ന തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല, മറിച്ച് സാധ്യതകളുടെ മുന്‍തൂക്കത്തിലും വിശ്വാസം അടിസ്ഥാനത്തിലുമുള്ളതാണ്. 1045 പേജുള്ള ദീര്‍ഘമായ വിധിയാണ് എഴുതപ്പെട്ടിട്ടുള്ളതെങ്കിലും ഈ വിധിയില്‍ സിവില്‍ തര്‍ക്കങ്ങളെ ബാധിക്കുന്ന ഒരു നിയമ വകുപ്പും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. കൂടാതെ ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ അടിസ്ഥാനത്തിലുമാണ് ഈ വിധി പ്രസ്താവം.
നേരത്തെ വിധി പ്രസ്താവിച്ച അലഹബാദ് ഹൈക്കോടതി തര്‍ക്ക സ്ഥലത്തെ മൂന്നായി വിഭജിച്ച് നല്‍കണമെന്നാണ് പ്രഖ്യാപിച്ചതെങ്കില്‍ അതിനോട് സുപ്രിം കോടതി പൂര്‍ണമായി വിയോജിക്കുകയാണുണ്ടായിരിക്കുന്നത്.
കൂടാതെ പള്ളിയുടെ പുറം വശത്തുള്ള ഹിന്ദുക്കളുടെ കൈവശ അധികാരം നിര്‍ണയിക്കുന്നതില്‍ അവര്‍ വിജയിച്ചുവെന്നാണ് സുപ്രിം കോടതി പറഞ്ഞത്. എന്നാല്‍ പള്ളിയുടെ അകം വശത്ത് മുസ്‌ലിംകള്‍ക്ക് അവരുടെ മാത്രമായ കൈവശാവകാശം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഹിന്ദുക്കളെയും മുസ്‌ലികളെയും സംയുക്തമായാണ് അധികാരപ്പെടുത്തിയിരിക്കുന്നതെന്നുമാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, അത് വിഭജിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ വിശ്വാസത്തിന്റെ ആനുകൂല്യവും സാധ്യതകളുടെ മുന്‍തൂക്കവും ഹിന്ദുകക്ഷികള്‍ക്കുമാണ്. അതിനാല്‍ സ്ഥലം ഹിന്ദുക്കള്‍ക്ക് രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കുന്നതാണ് ഉചിതമെന്ന് കോടതി പറഞ്ഞത്. ഈ ഭൂമി വഖ്ഫ് സ്വത്താണെന്ന് തെളിയിക്കുന്നതില്‍ സുന്നി വഖ്ഫ് ബോര്‍ഡ് പരാജയപ്പെട്ടു. വഖ്ഫ് ചെയ്തത് ആരാണെന്നോ തുടര്‍ച്ചയായ ഉപയോഗം മൂലം വഖ്ഫ് ഭൂമിയായി മാറിയെന്നതോ തെളിയിക്കാന്‍ അവര്‍ പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
അതേസമയം 16ാം നൂറ്റാണ്ട് മുതല്‍ ഇവിടെ നിസ്‌കാരം നിലനിന്നുവെന്നും അവിടെ പള്ളിയുണ്ടായിരുന്നുവെന്നും ആ പള്ളി 1992ല്‍ നിലനിന്നുവെന്നും കോടതി നിരീക്ഷിക്കുന്നു. മാത്രമല്ല ഈ പള്ളിക്കകത്ത് 1949 ഡിസംബര്‍ മാസം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചതും പള്ളി തകര്‍ത്തതും നിയമവിരുദ്ധമാണ്. ഒരു വിഭാഗം മത വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും കോടതി വിലയിരുത്തുന്നു. ഈ അനീതിക്ക് പരിഹാരമായാണ് മറ്റൊരു സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി അനുവദിക്കാന്‍ ആവശ്യപ്പെട്ടത്. പള്ളിയുടെ പുറം വശത്ത് ഹിന്ദു വിഭാഗത്തിന് കൈവശാവകാശം സ്ഥാപിക്കപ്പെട്ടെന്ന് കോടതി പറയുമ്പോള്‍ തന്നെ പള്ളിയുടെ അകം വശത്ത് അവര്‍ക്ക് യാതൊരു അവകാശവും സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി പറയുന്നു. എന്നിരിക്കെ ആ ഭാഗം മുഴുവനായും അമ്പലം നിര്‍മിക്കാന്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് കോടതി വിധിച്ചതില്‍ അവ്യക്തതയും അനിശ്ചിതത്വവുമാണ് നിലവിലുള്ളത്. ഇത് മറികടക്കാന്‍ സുപ്രിംകോടതി ശ്രമിക്കുന്നത് വിശ്വാസത്തെ മാത്രം അടിസ്ഥാനമാക്കിയാണ്. തര്‍ക്ക പ്രദേശത്ത് രാമന്‍ ജനിച്ച സ്ഥലമാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയാന്‍ സാധിക്കില്ലെങ്കിലും അങ്ങനെയൊരു വിശ്വാസം നൂറ്റാണ്ടുകളായുള്ളതാണ്.
തെളിവുകളുടെ അഭാവത്തില്‍ ഒരു വിശ്വാസത്തെ കൂട്ടുപിടിച്ച് ഒരു പരമോന്നത നീതി പീഠം വിധിയെഴുതുമ്പോള്‍ അത് പലതരത്തിലുള്ള ആശങ്കകളും സംശയങ്ങളും സ്വാഭാവികമായി ഉയര്‍ത്തുന്നുണ്ട്. അലഹബാദ് ഹൈക്കോടതി വിധിയിലും ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ഒരു കക്ഷിയും തെളിവുകള്‍ ഹാജരാക്കിയില്ല എന്ന് വിധിച്ചപ്പോള്‍ കൈവശാവകാശത്തിന്റെ അടിസ്ഥാനത്തിലാണ് അന്ന് മൂന്ന് കക്ഷികള്‍ക്കും തുല്യമായി ഭൂമി വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടത്. ഇന്ത്യന്‍ തെളിവ് നിയമത്തിലെ വകുപ്പ് 110 അനുസരിച്ച് ഒരാളുടെ കൈവശത്തിലിരിക്കുന്ന ഭൂമിയില്‍ തര്‍ക്കമുണ്ടായാല്‍ കൈവശത്തിലിരിക്കുന്നയാളുടെ ഉമസ്ഥാവകാശം ചോദ്യം ചെയ്യുന്നത് ആരാണോ അവരാണ് ഈ അവകാശ ഉടമസ്ഥതയിലുള്ള ആള്‍ക്ക് ഉടമസ്ഥതയില്ല എന്ന് തെളിയിക്കേണ്ട ബാധ്യത. എന്നാല്‍ ബാധ്യത ഇപ്പോഴും നിയമപരമായി നിര്‍വഹിച്ചിട്ടില്ല.
പള്ളിയുടെ അകം വശം മുസ്‌ലിംകളുടെ കൈവശമായിരുന്നുവെന്ന് സുപ്രിം കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് ചോദ്യം ചെയ്യപ്പെടുന്നയാളാണ് തെളിവുകള്‍ ഹാജരാക്കേണ്ടത് എന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ സുപ്രിംകോടതി നിരാകരിച്ചിട്ടുമില്ല. അവിടെയാണ് ഇന്നലത്തെ വിധിയില്‍ അവ്യക്തതയും വൈരുധ്യവുമുള്ളത്. പ്രായോഗിക പരിഹാരം എന്ന നിലയിലാണ് അഞ്ചേക്കര്‍ ഭൂമി നല്‍കി മുസ്‌ലിം വിഭാഗത്തെ തര്‍ക്ക ഭൂമിയില്‍ നിന്ന് ഒഴിവാക്കി ഹിന്ദുക്കള്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടത്. നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ വിധി പരിശോധിച്ചാല്‍ ഈ വിധിയില്‍ ഒരു പാട് പിഴവുകള്‍ കണ്ടെത്താനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."