നിയമസഭാ സമിതി സിറ്റിങ്; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വായ്പ എഴുതി തള്ളാന്‍ 7.56 കോടി അനുവദിക്കണം
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടബാധ്യതകള്‍ എഴുതിതള്ളുന്നതിന് 7.56 കോടി രൂപ സര്‍ക്കാറില്‍ നിന്നു ലഭ്യമാക്കുന്നതിനു ശുപാര്‍ശചെയ്യുമെന്നു സ്ത്രീകളുടെയും കുട്ടികളുടെയും അംഗപരിമിതരുടെയും ക്ഷേമത്തിനായുള്ള നിയമസഭാസമിതി ചെയര്‍പേഴ്‌സണ്‍ ഐഷാപോറ്റി എം.എല്‍.എ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ നിയമസഭാസമിതിയുടെ സിറ്റിങില്‍ സംസാരിക്കുകയായിരുന്നു ഐഷാപോറ്റി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയില്‍ കൂടുതലാളുകളെ ഉള്‍പ്പെടുത്തുന്നതിനും അര്‍ഹരായവര്‍ക്കു നീതി നിഷേധിക്കാതിരിക്കുന്നതിനും എന്‍ഡോസള്‍ഫാന്‍ വ്യോമമാര്‍ഗം തളിച്ചതുമൂലമുണ്ടാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച സമഗ്രമായ ശാസ്ത്രീയ പഠനം നടത്തുന്നതിനും സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സ്ഥാപിക്കുന്ന പുനരധിവാസ ഗ്രാമത്തിന്റെ നിര്‍മാണം ആരംഭിക്കുന്നതിനു ഭരണാനുമതി വേഗത്തിലാക്കുന്നതിനും സമിതി ശുപാര്‍ശ ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു തൊഴില്‍ ലഭിക്കുന്നതിനുളള പ്രായപരിധി പത്തു വര്‍ഷം ഉയര്‍ത്തി ഇളവു നല്‍കിയിട്ടുണ്ടെങ്കിലും ദുരിതബാധിതര്‍ക്കു ജോലിയില്‍ പ്രവേശിക്കുന്നതിന് ആരോഗ്യപ്രശ്‌നങ്ങളാല്‍ സാധിക്കാത്ത സാഹചര്യത്തില്‍, ദുരിതബാധിതരുടെ കുടുംബത്തിലെ ഒരംഗത്തിനു പ്രായപരിധിയില്‍ പത്തുവര്‍ഷത്തെ ഇളവ് അനുവദിക്കുന്നതിനും സമിതി ശുപാര്‍ശ ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരില്‍ ഭവനരഹിതരായ മുഴുവനാളുകള്‍ക്കും വീടു നല്‍കുന്നതിനു പ്രത്യേക പരിഗണന നല്‍കണം. ലൈഫ് പദ്ധതിയില്‍ ദുരിതബാധിതര്‍ക്കു മുന്‍ഗണന നല്‍കണം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പട്ടികയിലുള്‍പ്പെടുത്തുന്നതിനു ശാസ്ത്രീയമാര്‍ഗ നിര്‍ദേശ രേഖകള്‍ തയാറാക്കണമെന്ന് സിറ്റിങില്‍ നിര്‍ദേശമുണ്ടായി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യങ്ങളെക്കുറിച്ച് അറിവു നല്‍കുന്നതിനു ബോധവല്‍ക്കരണം നടത്തണമെന്നും അര്‍ഹരായ മുഴുവന്‍ ദുരിതബാധിതര്‍ക്കും ആനുകൂല്യം ലഭിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും സമിതി നിര്‍ദേശിച്ചു.
കുട്ടികള്‍ക്കു നേരെയുളള അതിക്രമങ്ങള്‍ തടയുന്നതിനു ശിശുസംരക്ഷണ സമിതികള്‍ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആരംഭിക്കണമെന്നും നിയമസഭാസമിതി നിര്‍ദേശം നല്‍കി. ജില്ലയില്‍ സമിതികള്‍ രൂപീകരിക്കുന്നതിന് ജില്ലാകലക്ടര്‍ക്കു നിര്‍ദേശം നല്‍കി.
മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരു മാസത്തിനകം സമിതി രൂപീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
ജില്ലയെ വീല്‍ചെയര്‍ സൗഹൃദ ജില്ലയായി പ്രഖ്യാപിക്കണമെന്നു സിറ്റിങില്‍ പരാതി ലഭിച്ചു. ജില്ലയിലെ ശിശുക്ഷേമസമിതിയുടെ കീഴിലുളള ക്രഷ് ജീവനക്കാര്‍ക്ക് 15 മാസത്തെ വേതന കുടിശിക അനുവദിക്കണമെന്നും വേതനം വര്‍ധിപ്പിക്കണമെന്നും സമിതിക്കു നിവേദനം ലഭിച്ചു. ബഡ്‌സ് സ്‌കൂളുകളില്‍ ഏകീകൃത ശമ്പള നിരക്ക് ഏര്‍പ്പെടുത്തണമെന്നും നിയമസഭാസമിതിയോട് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ ലഹരിവസ്തുക്കളുടെ വില്‍പന വ്യാപകമാകുന്ന സാഹചര്യത്തില്‍ എക്‌സൈസും പൊലിസും ഭക്ഷ്യസുരക്ഷാ വകുപ്പും ഉള്‍പ്പെടെ വിവിധ വകുപ്പുദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തണമെന്നും സമിതി നിര്‍ദേശിച്ചു.
കുട്ടികള്‍ ലഹരിക്കടിമപ്പെടുന്നതു തടയാന്‍ ശക്തമായ ഇടപെടല്‍ നടത്തണം. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും സമിതി നിര്‍ദേശിച്ചു. നീലേശ്വരം തൈക്കടപ്പുറത്തെ ഐ.സി.ഡി.പി സബ്‌സെന്ററിലെ പാര്‍ട്‌ടൈം സ്വീപ്പര്‍ അംഗപരിമിതയായ ശ്യാമളയെ 16 വര്‍ഷത്തെ സേവനത്തിനുശേഷം ജോലിയില്‍ നിന്നു നീക്കിയെന്ന പരാതിയില്‍ സമിതി വിശദീകരണം തേടി. ചിറ്റാരിക്കല്‍ ഈസ്റ്റ് എളേരി സര്‍വിസ് സഹകരണബാങ്ക് വനിതാ ജീവനക്കാരി നല്‍കിയ പരാതിയില്‍ ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സഹകരണവകുപ്പിനും സമിതി നിര്‍ദേശം നല്‍കി. കാസര്‍കോട് നടത്തിയ സിറ്റിങ് തൃപ്തികരമാണെന്നും ജില്ലാഭരണകൂടവും വിവിധ വകുപ്പുദ്യോഗസ്ഥരും അഭിനന്ദനമര്‍ഹിക്കുന്നുവെന്നും ചെയര്‍പേഴ്‌സണ്‍ പി. ഐഷാപോറ്റി പറഞ്ഞു.
യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ പി. ഐഷാപോറ്റി അധ്യക്ഷയായി. അംഗങ്ങളായ പി. അബ്ദുല്‍ ഹമീദ്, പ്രൊഫ. എന്‍. ജയരാജ്, കെ.കെ രാമചന്ദ്രന്‍ നായര്‍, ഇ.കെ വിജയന്‍, ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, നിയമസഭാഡെപ്യൂട്ടി സെക്രട്ടറി ബി. റെജി, ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, എ.ഡി.എം കെ. അംബുജാക്ഷന്‍ എന്നിവരും ഡിവൈ.എസ്.പി പ്രേമരാജന്‍, ഡി.ഡി.പി ഇന്‍ ചാര്‍ജ് കെ. വിനോദ് കുമാര്‍, ഡെപ്യൂട്ടികലക്ടര്‍(എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍) സി. ബിജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍ തുടങ്ങി വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും സംബന്ധിച്ചു. നേരത്തെ ലഭിച്ച 58 പരാതികളില്‍ തെളിവെടുത്തു. 30 പുതിയ പരാതികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."