മട്ടന്നൂര്‍ അങ്കം
ഉത്തിയൂരില്‍ ആര് ഉയരും
കഴിഞ്ഞ തവണ യു.ഡി.എഫ് തിരിച്ചുപിടിച്ച വാര്‍ഡാണ് നേരത്തെ ഇടതു കേന്ദ്രമായിരുന്ന ഉത്തിയൂര്‍. സി.എം.പി യു.ഡി.എഫിലായിരുന്നപ്പോള്‍ അവരുടെ സി.വി ശശീന്ദ്രന്‍ 148 വോട്ടിനാണ് സി.പി.എമ്മിലെ എം. വി സുരേഷിനെ പരാജയപ്പെടുത്തിയത്. പിന്നീടു സി.എം.പി പിളര്‍ന്നതോടെ ശശീന്ദ്രന്‍ എല്‍.ഡി.എഫിലെത്തി. 2012ലെ തെരഞ്ഞെടുപ്പില്‍ ശശീന്ദ്രന്‍ 537 വോട്ട് നേടിയപ്പോള്‍ സുരേഷിനു 389 വോട്ടാണു നേടിയത്.
ഇക്കുറി വനിതാ സംവരണ വാര്‍ഡായ ഇവിടെ കോണ്‍ഗ്രസിലെ ടി. വിജിലയും സി.പി.എമ്മിലെ ഷൈനാ ഭാസ്‌കരനും തമ്മിലാണു മത്സരം. കല്ലൂര്‍ നഗര്‍ റോഡ്, ഉത്തിയൂര്‍ ഗുഹ റോഡ്, എന്‍.സി.സി കല്ലൂര്‍ റോഡ് എന്നിവയടക്കം ടാറിങ് നടത്തി മെച്ചപ്പെടുത്തിയെന്നു നിലവിലെ കൗണ്‍സിലര്‍ ശശീന്ദ്രന്‍ പറയുന്നു. എന്നാല്‍ വികസന മുരടിപ്പ് മാത്രമാണ് വാര്‍ഡില്‍ നടന്നതെന്നാണു യു.ഡി.എഫ് വാദം. നഗരസഭാ ഓഫിസിനോടു ചേര്‍ന്നുള്ള ഈ വാര്‍ഡില്‍ നഗരസഭയുടെ ഇടപെടലുകള്‍ വേണ്ടതുപോലെ നടന്നിട്ടില്ലെന്ന പരാതിയുമുണ്ട്. വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി മരുതായി, കൊക്കയില്‍ വാര്‍ഡുകളുടെ ഭാഗം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞതവണ മത്സരിക്കാത്ത ബി.ജെ.പി ഇത്തവണ വി. വിജിനയെ മത്സരിപ്പിക്കുന്നുണ്ട്.
കളറോഡില്‍ പോരാട്ടം കടുക്കും
മുസ്‌ലിംലീഗിന് ഏറെ സ്വാധീനമുള്ള വാര്‍ഡാണു കളറോഡ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ തന്നെ മുസ്‌ലിംലീഗിന്റെ പി.പി ജലീല്‍ 170 വോട്ടിനു ജയിച്ച വാര്‍ഡാണിത്. യു.ഡി.എഫിന് ഏറെ സ്വധീനമുള്ള ഈ വാര്‍ഡിന്റെ ഒരുഭാഗം വിഭജിച്ചാണു പുതുതായി കൂട്ടിച്ചേര്‍ത്ത കല്ലൂര്‍ വാര്‍ഡ് ഉണ്ടാക്കിയത്. എന്നാല്‍ പാലോട്ടുപള്ളിയുടെ ഒരുഭാഗം ഈ വാര്‍ഡിലേക്കു വന്നിട്ടുമുണ്ട്. വനിതാ സംവരണമായതോടെ യു.ഡി.എഫിലെ മുസ്‌ലിംലീഗിന്റെ പി.ആര്‍ മൈമൂനത്തും സി.പി.എമ്മിന്റെ പി. റീത്തയുമാണ് മത്സരം. ബി.ജെ.പി കെ. ലീലയെയും നിര്‍ത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിലെ പി.പി ജലീല്‍ 375 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ഥി എന്‍.സി.പിയിലെ പി. ബാലകൃഷ്ണന്‍ നമ്പ്യാര്‍ക്കു 205 വോട്ടാണു ലഭിച്ചത്. എന്നാല്‍ ആണിക്കരി വാര്‍ഡ് വിട്ടുനല്‍കിയപ്പോള്‍ സ്വാധീനമുള്ള മറ്റു സീറ്റ് വിട്ടു നല്‍കാത്തതിനാല്‍ ആദ്യഘട്ടത്തില്‍ സി.എം.പി മത്സര രംഗത്തുണ്ടായിരുന്നെങ്കിലും പിന്നീടു പിന്‍മാറി. കുങ്ങിപ്പൊയില്‍, കനാല്‍ പാലം റോഡുകള്‍ നിര്‍മിച്ച് ടാറിങ് നടത്തിയിട്ടുണ്ടെന്നും വിവിധ ക്ഷേമപദ്ധതികള്‍ നടപ്പാക്കാനും സാധിച്ചുണ്ടെന്നും മുന്‍ കൗണ്‍സിലര്‍ പി.പി ജലീല്‍ പറഞ്ഞു. എന്നാല്‍ ചില റോഡുകളുടെ ടെന്‍ഡര്‍ പാസായെങ്കിലും തുടര്‍പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന പരാതിയുമുണ്ട്.
പൊറോറ പിടിക്കാന്‍ മുന്നണികള്‍
മട്ടന്നൂര്‍: നഗരസഭയിലെ രണ്ടാം വാര്‍ഡായ പൊറോറയില്‍ സി.എം.
പിയും കോണ്‍ഗ്രസും തമ്മിലാണ് യഥാര്‍ഥ പോരാട്ടം. വാര്‍ഡ് നിലനിര്‍ത്താന്‍ എല്‍.ഡി.എഫും ഇടതുപാളയത്തില്‍ വിള്ളലുണ്ടാക്കാന്‍ യു.ഡി.എഫും പ്രചാരണണ ശക്തമാക്കിയിരിക്കുകയാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.എം.പിയുടെ സെന്‍ട്രല്‍ എക്‌സിക്യൂട്ടിവ് അംഗവും ജില്ലാ സെക്രട്ടറിയുമായ സി.വി ശശീന്ദ്രനാണ് മല്‍സരിക്കുന്നത്. കോണ്‍ഗ്രസ് പൊറോറ വാര്‍ഡ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം സെക്രട്ടറിയുമായ ടി. രാഗേഷാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. സി.പി.എമ്മിന്റെ കൈവശമുള്ള വാര്‍ഡില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായും വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. വാര്‍ഡിലെ റോഡുകള്‍ തകര്‍ന്നു കിടക്കുന്നതായും ജനങ്ങള്‍ മാറ്റത്തിനായി ആഗ്രഹിക്കുന്നതായും യു.ഡി.എഫ് സ്ഥാനാര്‍ഥി രാഗേഷ് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 74 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി.എമ്മിലെ സുഷമ വിജയിച്ചത്. ആകെ 1200 ഓളം വോട്ടര്‍മാരുള്ള വാര്‍ഡില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി പി.പി സജീവനും മല്‍സര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."