നീണ്ടകരയില്‍ സാമൂഹ്യ വിരുദ്ധ ആക്രമണം
ചവറ : നീണ്ടകരയില്‍ സാമൂഹ്യ വിരുദ്ധ അക്രമണം. വീട്ടിലെ പോര്‍ച്ചില്‍ നിറുത്തിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിച്ച നിലയില്‍. സ്കൂട്ടര്‍ പൂര്‍ണ്ണമായും കാറിന്റെയും ബൈക്കിന്റേയും പകുതി ഭാഗവും അഗ്നിക്കിരയായി. കെ.എസ്.ഇ.ബി ജീവനക്കാരന് നീണ്ടകര ബിനുഭവനത്തില്‍ ബിനുവിന്റെ വീട്ടിലിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. ബിനുവിന്റെ ഉടമസ്ഥതയിലുള്ള കാറും സുഹൃത്തിന്റെ ബൈക്കും, വീടിനോട് ചേര്‍ന്ന് തുണിക്കട നടത്തുന്ന നീണ്ടകര ഇടതുരുത്ത് വീട്ടില്‍ സുലയുടെ സ്കൂട്ടറുമാണ് അഗ്നിക്കിരയായത്.
ഇന്നലെ പുലര്‍ച്ചെ 12.30 തോടെയായിരുന്നു സംഭവം. ഉറങ്ങിക്കിടന്ന വീട്ടുകാര്‍ വലിയ ശബ്ദം കേട്ട് കതക് തുറന്ന് പുറത്തിറങ്ങിയപ്പോള്‍ വാഹനങ്ങളില്‍ തീ ആളികത്തുന്നതാണ് കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ വെളളമുപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു. സ്ത്രീകളും കുട്ടിയും ഉള്‍പ്പെടയുള്ളവര്‍ കിടന്നുറങ്ങിയ വീട്ടിലേക്ക് തീ ആളിപടരാതിരുന്നതിനാല് വലിയ അപകടമാണ് ഒഴിവായത്.
തുണിക്കട നടത്തുന്ന സുലയുടെ സ്കൂട്ടര്‍ കത്തിയമര്‍ന്നതിനെ തുടര്‍ന്നാണ് സമീപത്തായി കിടന്ന കാറിലേക്കും ബൈക്കിലേക്കും തീ പടരാന്‍ കാരണമായതെന്ന് ബിനു പറയുന്നു. സംഭവത്തില്‍ ഇരുവരും ചവറ പൊലീസില്‍ പരാതി നല്കി. ബിനുവിന്റെ വീടിനു സമീപത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. ഫോറന്‍സിക് വിദഗ്ദരുടെ പരിശോധനയുമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."