സി.എം.ഡിക്ക് നല്‍കുന്നതിന് മുന്‍പും കിഫ്ബി പദ്ധതി മൂല്യനിര്‍ണയം ടെറനസ് ചെയ്തിരുന്നു
തിരുവനന്തപുരം: അടിസ്ഥാന സൗകര്യവികസനത്തിനും മൂലധന നിക്ഷേപത്തിനുമുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പദ്ധതികള്‍ മൂല്യനിര്‍ണയം നടത്തുന്നതിനായി സെന്റര്‍ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനെ (സി.എം.ഡി) ചുമതലപ്പെടുത്തുന്നതിനു മുമ്പുതന്നെ മതിയായ യോഗ്യതകളില്ലാത്ത സ്വകാര്യ കമ്പനിയായ ടെറനസിനെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നതായി നിയമസഭാ രേഖകള്‍. കഴിഞ്ഞ ദിവസം എല്‍ദോസ് കുന്നപ്പള്ളിയുടെ ചോദ്യത്തിന് ധനമന്ത്രി തോമസ് ഐസക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വെളിവാകുന്നത്.
കിഫ്ബിയുടെ പ്രോജക്ട് അഡൈ്വസര്‍ കണ്‍സള്‍ട്ടന്റായി ഷോര്‍ട്ട് ക്വട്ടേഷന്‍ വിളിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ വന്ന രണ്ട് സ്ഥാപനങ്ങളില്‍നിന്നും ടെറനസിനെ തെരഞ്ഞെടുക്കുകയായിരുന്നു എന്നുമാണ് പറയുന്നത്. 2017 മാര്‍ച്ച് മുതല്‍ ജൂലൈ വരെ ഇവര്‍ നല്‍കിയ സേവനത്തിന് 63,38,697 രൂപയും ലഭ്യമാക്കിയിട്ടുണ്ടെന്നും പറയുന്നു. ടെറനസിനെ സി.എം.ഡിയാണ് ടെണ്ടറിലൂടെ തെരഞ്ഞെടുത്തതെന്ന വാദമാണ് ഇതിലൂടെ പൊളിയുന്നത്. സി.എം.ഡി മത്സര ടെണ്ടറിലൂടെ തെരഞ്ഞെടുക്കുന്നതിനു മുന്‍പുതന്നെ യോഗ്യതയില്ലെങ്കിലും ടെറനസ് കിഫ്ബിക്കുള്ളില്‍ കടന്നുകൂടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സി.എം.ഡിയിലൂടെയും ടെറനസ് കിഫ്ബിയിലേക്ക് പ്രവേശിച്ചത്.
പദ്ധതികളുടെ ബാഹുല്യവും വൈവിധ്യവും കണക്കിലെടുത്താണ് പദ്ധതി അവലോകനത്തിനു പുറമേ ടെക്‌നിക്കല്‍ അപ്രൈസസലിനും (മൂല്യനിര്‍ണയം) സഹായിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെടുന്നതിന് സി.എം.ഡി ടെണ്ടര്‍ ക്ഷണിച്ചത്. ഈ ടെണ്ടറില്‍ ടെറനസ് ഉള്‍പ്പെടെ മൂന്നു കമ്പനികള്‍ മാത്രമാണ് പങ്കെടുത്തത്. കിഫ്ബിയില്‍ നേരത്തെതന്നെ ഉണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ടെറനസ് ഏറ്റവും കുറഞ്ഞ തുക എഴുതി കടന്നുകൂടുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പ്രൊജക്ട് അപ്രൈസലിനായി സി.എം.ഡി മുഖേന 6.06 കോടി രൂപ ടെറനസിനു നല്‍കി. അതിനു മുന്‍പാണ് കിഫ്ബി നേരിട്ട് 63 ലക്ഷത്തിലധികം രൂപ നല്‍കിയത്. എന്നാല്‍ ഈ രംഗത്ത് വേണ്ടത്ര പ്രവര്‍ത്തി പരിചയമോ, പ്രവര്‍ത്തന മികവോ കാഴ്ചവച്ചിട്ടില്ലാത്ത ടെറനസ് കണ്‍സള്‍ട്ടിങ് എന്ന സ്ഥാപനം കിഫ്ബിയിലെതന്നെ ഒരു ഉന്നതന്റെ ബിനാമി സ്ഥാപനമാണെന്ന ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."