ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലുള്ള പൊലിസിന്റെ വിവേചന നടപടി വിവാദമാവുന്നു
സ്വന്തം ലേഖകന്‍
കോഴിക്കോട്: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമി രാമക്ഷേത്രം നിര്‍മിക്കാനായി വിട്ടുകൊടുത്ത സുപ്രിംകോടതി ഉത്തരവ് സംബന്ധിച്ച് ഫേസ്ബുക്കില്‍ അഭിപ്രായപകടനം നടത്തിയതിന്റെ പേരില്‍ കേരളാ പൊലിസിന്റെ ഭാഗത്തുനിന്നുള്ള നടപടി തീര്‍ത്തും വിവേചനപരമെന്ന് ആരോപണം. ഫേസ്ബുക്കില്‍ സംഘ്പരിവാര്‍ പശ്ചാത്തലമുള്ളവര്‍ നടത്തിയ കടുത്ത വര്‍ഗീയ സ്വഭാവമുള്ള പോസ്റ്റുകള്‍ക്കെതിരെ പരാതി നല്‍കിയിട്ടും കേസെടുക്കാത്ത നടപടിയാണ് വിവാദമായത്. ബാബരി മസ്ജിദ് കേസില്‍ ഉത്തരവ് വരുന്നതിന് മുന്‍പ് സംസ്ഥാന പൊലിസ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വിധത്തില്‍ തീവ്ര ഹിന്ദുത്വസംഘടന ഹിന്ദുരാഷ്ട്ര നേതാവ് പ്രതീഷ് വിശ്വനാഥ് ഉള്‍പ്പെടെയുള്ളവരാണ് ഫേസ്ബുക്കില്‍ അഭിപ്രായങ്ങളും ഫോട്ടോകളും പങ്കുവച്ചത്. ഇവരുടെ പോസ്റ്റുകള്‍ വിവിധ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും വിവിധ സംഘടനകളും വ്യക്തികളും പൊലിസില്‍ പരാതി നല്‍കുകയും ചെയ്‌തെങ്കിലും ഇന്നലെ രാത്രിവരെ കേസെടുത്തിട്ടില്ല. എന്നാല്‍, ഒരുവിഭാഗം നടത്തിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഇതേ പൊലിസ് സ്വമേധയാ കേസെടുക്കുകയും ചെയ്തതാണ് ആക്ഷേപത്തിനിടയാക്കിയത്.
താജുദ്ദീന്‍ പൊതിയില്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ സജീവമായി ഇടപെട്ടുവരുന്ന പെരിന്തല്‍മണ്ണ സ്വദേശിയാണ് പൊലിസ് സ്വമേധയാ കേസെടുത്ത ഒരാള്‍. പെരിന്തല്‍മണ്ണ പൊലിസിന്റെ നടപടിക്കിടയായ അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ: 'ബഹുമാനപ്പെട്ട സുപ്രിംകോടതി സദയം അനുവദിച്ചുതന്ന അഞ്ചേക്കര്‍ ഭൂമി എനിക്ക് വേണ്ട. ഞാനത് സീതാ ക്ഷേത്രത്തിന് വിട്ടുനല്‍കുന്നു. അതെന്താ സീതയെ തവിട് നല്‍കി വാങ്ങിയതാണോ?' റൈറ്റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിലെ ഒരു പോസ്റ്റിന് താഴെ അഭിപ്രായം പങ്കുവച്ചതിനാണ് മറ്റു രണ്ടുപേര്‍ക്കെതിരെ കേസെടുത്തത്.
അതേസമയം പ്രതീഷ് വിശ്വനാഥ്, എ.എച്ച്.പി പ്രവര്‍ത്തകന്‍ ശ്രീരാജ് കൈമാള്‍ തുടങ്ങിയവര്‍ക്കെതിരെയാണ് നടപടിയുണ്ടാവാത്തത്. സാമൂഹിക മാധ്യമങ്ങളിലൂടെ അതിവര്‍ഗീയവും പ്രകോപനപരവുമായ പോസ്റ്റുകള്‍ നിരന്തരം പ്രചരിപ്പിക്കുന്നയാളാണ് പ്രതീഷ്. ഇയാളുടെ പോസ്റ്റ് ഇങ്ങനെ: 'സമാധാനപരമായി ആഘോഷിക്കുക.. അഞ്ചു നൂറ്റാണ്ടിലെ പോരാട്ടത്തിന് ഒടുവില്‍ വിജയം.. മധുരം വിതരണം ചെയ്തും വീടുകളില്‍ ദീപം കത്തിച്ചും ആഘോഷിക്കണം. ഇന്ന് നമുക്ക് യഥാര്‍ഥ ദീപാവലി... ജയ്ശ്രീറാം..' എന്ന് അഭിപ്രായപ്പെട്ട ശേഷം വീട്ടില്‍ പടക്കം പൊട്ടിക്കുന്നതിന്റെയും മധുരം വിതരണം ചെയ്യുന്നതിന്റെയും ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
അതേസമയം, ബാബരി കേസില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള കേന്ദ്രമന്ത്രി വി.മുരളീധരന്റെയും പ്രതീഷ് വിശ്വനാഥിന്റെയും ഫേസ്ബുക്ക് കുറിപ്പുകള്‍ക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അമീന്‍ ഹസന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള ഓണ്‍ലൈന്‍ വര്‍ഗീയപ്രചാരണങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ജനാധിപത്യപരമായ വിയോജിപ്പ് പ്രകടിപ്പിച്ച മുസ്‌ലിം ചെറുപ്പക്കാര്‍ക്കെതിരായ പോലിസിന്റെ അന്യായനടപടികള്‍ പിന്‍വലിക്കണമെന്നുമാണ് അമീന്‍ ഹസന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."