ജില്ലയിലെ കായികാധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു
എരുമപ്പെട്ടി: തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കായിക അധ്യാപകര്‍ സമരത്തിനൊരുങ്ങുന്നു. കായിക അധ്യാപക തസ്തികകള്‍ കാലോചിതമായി പരിഷ്‌കരിച്ച് സംരക്ഷിക്കുവാനും പുതിയ തസ്തികകള്‍ സൃഷ്ടിക്കുവാനും നടപടി കൈകൊള്ളാത്ത സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചാണ് സംയുക്ത അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ കായിക മേളകള്‍ ബഹിഷ്‌കരിച്ചുള്ള സമരത്തിനൊരുങ്ങുന്നത്.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ പുതിയ സ്റ്റാഫ് ഫിക്‌സേഷന്‍ നടപ്പിലാക്കിയപ്പോള്‍ കായിക അധ്യാപകരെ സര്‍ക്കാര്‍ പാടെ തഴയുകയാണുണ്ടായത്. മറ്റു അധ്യാപക തസ്തികളില്‍ കെ.ഇ.ആര്‍.പരിഷ്‌ക്കരിക്കാതെ തന്നെ വിദ്യാര്‍ഥികളുടെ അനുപാതത്തിനുസരിച്ച് നിയമനം നടപ്പിക്കിയിട്ടുണ്ടെങ്കിലും കായിക അധ്യാപകരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇതാണ് സംസ്ഥാന വ്യാപകമായി കായിക അധ്യാപകരെ സമരത്തിലേക്ക് നയിക്കുന്നത്. യു.പി.വിഭാഗത്തില്‍ 500 വിദ്യാര്‍ഥികള്‍ക്ക് ഒരു കായിക അധ്യാപകന്‍ എന്ന കാലഹരണപ്പെട്ട റൂളാണ് ഇപ്പോഴും പിന്തുടരുന്നത്. ഇത് മൂന്ന് പിരിയിഡുകളാക്കി മാറ്റം വരുത്തി 15 പിരിയഡിന് ഒരു മുഴുവന്‍ സമയ അധ്യാപക നിയമനം നടപ്പിലാക്കുക. ഹൈസ്‌കൂളില്‍ പുതിയതായി അനുവദിച്ച പിരിയഡുകള്‍ പരിഗണിച്ച് അഞ്ച് പിരിയഡിന് ഒരു അധ്യാപകന്‍ എന്ന രീതിയില്‍ തസ്തിക സംരക്ഷിക്കുക, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ തസ്തിക അനുവദിച്ച് നിയമനം നടത്തുക എന്നീ ആവശ്യങ്ങളാണ് സംയുക്ത അധ്യാപക സംഘടന സര്‍ക്കാരിന്റെ മുന്നില്‍ സമര്‍പ്പിച്ചത്. എന്നാല്‍ ഇത് കണക്കിലെടുക്കാതെയാണ് സര്‍ക്കാര്‍ 2017ല്‍ ഫിക്‌സേഷന്‍ നടപ്പിലാക്കിയത്. ഇതിനെ തുടര്‍ന്ന് സംസ്ഥാന തലത്തില്‍ നൂറ് കണക്കിന് കായിക അധ്യാപകരുടെ സ്ഥിരം നിയമനം നഷ്ടപ്പെട്ടിരിക്കുകയാണ്.
നിലവില്‍ യു.പി.തലത്തില്‍ മാത്രമാണ് സര്‍ക്കാര്‍ കായിക അധ്യാപകരെ നിയമിക്കുന്നത്. തുടര്‍ച്ചയായ പരിശീലനം നല്‍കാന്‍ കഴിയാത്തതിനാല്‍ കായിക വിദ്യാര്‍ഥികളുടെ മികവിനേയും ഈ അശാസ്ത്രീയ പരിഷ്‌ക്കരണം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറിയില്‍ തസ്തിക സൃഷ്ടിക്കാത്തതും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നിയമനം നടത്താത്തതിനാലും ഭൂരിഭാഗം സ്‌കൂളുകളിലും ന നിലവിലെ യു.പി.അധ്യാപകരാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്. എന്നാല്‍ ഇവരുടെ വേതനം എല്‍.പി.അധ്യാപകരേക്കാള്‍ കുറവാണെന്നതാണ് മറ്റൊരു വസ്തുത. കായിക അധ്യാപകര്‍ക്ക് തുല്യ വേതനം നടപ്പിലാക്കണമെന്ന് കാലങ്ങളായി അവശ്യപ്പെടുന്നെങ്കിലും സര്‍ക്കാര്‍ ഇത് ചെവികൊള്ളാന്‍ തയാറായിട്ടില്ല. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത അധ്യാപക സംഘടന വിദ്യാഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയെങ്കിലും ഇത് പരിഗണിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കായിക അധ്യാപകര്‍ ഉപജില്ലാ സെക്രട്ടറി സ്ഥാനങ്ങള്‍ ഉള്‍പ്പടെ രാജി വച്ച് കായിക മേള ബഹിഷ്‌കരണ സമരത്തിന് തയാറെടുക്കുന്നത്. ഇതിനു സംയുക്ത കായിക അധ്യാപക ജില്ലാ കമ്മിറ്റി പൂര്‍ണ്ണ പിന്തുണ നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."