വിസയും വ്യാപാര പങ്കാളിത്തവും വാഗ്ദാനം ചെയ്ത് ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി
ചെറുതുരുത്തി: വിവിധ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയും വന്‍ ലാഭം കൊയ്യുന്ന വ്യാപാരത്തില്‍ പങ്കാളിത്തവും വാഗ്ദാനം ചെയ്ത് ചെറുതുരുത്തി പള്ളം സ്വദേശി ഒരു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. ചേരിക്കല്‍ വീട്ടില്‍ അബ്ദുള്‍ ഖാലിദ് (45) നെതിരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും തമിഴ്നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പരാതിയുമായി ചെറുതുരുത്തി പൊലിസിനെ സമീപിച്ചത്. പണം നല്‍കിയവര്‍ക്കെല്ലാം മുദ്രപത്രത്തില്‍ രേഖാമൂലമുള്ള ഉറപ്പും നല്‍കിയിരുന്നു.
ഇതിന് വേണ്ടി 500 , 100, 50, തുടങ്ങി വിവിധ മൂല്യമുള്ള മുദ്രപത്രവും വ്യാജമായി നിര്‍മിച്ചതായും കണ്ടെത്തി. കോഴിക്കോട് വഴിക്കടവ് സ്വദേശി ജെതീഷില് നിന്ന് വ്യാപാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് എട്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. അബ്ദുല്‍ ഖാലിദിന്റെ മകളുടെ വിവാഹമായിരുന്നു ഇന്നലെ. ഇതിനായി ഇദ്ദേഹം നാട്ടില്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞ് പണം നഷ്ടപ്പെട്ടവര്‍ കൂട്ടമായി ചെറുതുരുത്തിയില്‍ എത്തുകയും വിവാഹം കഴിഞ്ഞതോടെ ബഹളം വയ്ക്കുകയുമായിരുന്നു.
വരന്റെ അമ്മാവന് വെട്ടിക്കാട്ടിരി കൊടക്കുന്നത്ത് വീട്ടില്‍ മൊയ്തീന് കുട്ടിയും തന്നെ വഞ്ചിച്ചതായി ആരോപിച്ച് രംഗത്തെത്തി. അബ്ദുല്‍ ഖാലിദിന്റെ മകളുമായുള്ള വിവാഹം ഉറപ്പിച്ചതോടെ ബന്ധുവിന്റെ ഹൃദയ ചികിത്സയ്ക്കെന്ന പേരില്‍ തന്നില്‍ നിന്ന് 140000 രൂപ തട്ടിയെടുത്തുവെന്നാണ് മൊയ്തീന് കുട്ടിയുടെ പരാതി. തമിഴ്നാട് സേലം സ്വദേശി കടലൂര്‍ സ്വദേശി പുഷ്പയും പൊലിസില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.വ്യാജ മുദ്രപത്രം നിര്‍മ്മിച്ചതിന് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."