വിനോദയാത്രാ ബസുകളിലെ അമിത ലൈറ്റ് ഓഫ് ചെയ്യാന്‍ അധികൃതര്‍
കൊടുങ്ങല്ലൂര്‍: വിനോദയാത്രാ ബസുകളിലെ അമിത ലൈറ്റ് ഓഫ് ചെയ്യാന്‍ അധികൃതര്‍. ലേസര്‍ ലൈറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശ സംവിധാനങ്ങളും ഘടിപ്പിക്കുന്ന വാഹനത്തിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദ് ചെയ്യുമെന്ന മുന്നറിയിപ്പുമായി പൊലിസും മോട്ടോര്‍ വാഹന വകുപ്പും രംഗത്തെത്തി.
വിനോദയാത്രയ്ക്കുള്ള ബസുകളിലും ട്രാവലറുകളിലും ലേസര്‍ ലൈറ്റുകള്‍ ഉള്‍പ്പെടെയുള്ള അമിതമായ പ്രകാശ സംവിധാനം ഉപയോഗിച്ച് മ്യൂസിക് ആന്‍ഡ് ലൈറ്റ് ഷോ നടത്തുന്നത് വ്യാപകമായ സാഹചര്യത്തിലാണ് പൊലിസിന്റെ ഇടപെടല്‍. വാഹനത്തിന്റെ ഫ്‌ളാറ്റ്‌ഫോം മുറിച്ച് മാറ്റി അവിടെ ഗ്‌ളാസ് ഘടിപ്പിച്ച് അതിനു കീഴെ ആഡംബര ലൈറ്റുകള്‍ ഘടിപ്പിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. അകത്തെ ലൈറ്റ് സംവിധാനം നിയന്ത്രിക്കുന്നത് വാഹനം ഓടിക്കുന്ന ആളാണ്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയ്‌ക്കൊപ്പം വിനോദ യാത്രികര്‍ വാഹനത്തിനകത്ത് നൃത്തം ചെയ്യും. ആ സമയത്ത് ഡ്രൈവറുടെ ശ്രദ്ധ മാറും. അതുകൊണ്ടു തന്നെ അപകടമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. എതിരെ വരുന്ന വാഹനങ്ങള്‍ക്കും ഇത്തരം ലൈറ്റുകള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതുവരെ ഇത്തരം വാഹനങ്ങള്‍ക്ക് ആയിരം രൂപ പിഴയാണ് ഈടാക്കിയിരുന്നത്. പിഴ അടച്ചാലും ആരും അനാവശ്യ ലൈറ്റുകളൊന്നും അഴിച്ചു മാറ്റുക പതിവില്ല. വാഹനത്തിന്റെ അകത്തു മാത്രമാണ് ആദ്യമൊക്കെ ഇത്തരത്തില്‍ ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പുറത്തും ലൈറ്റുകള്‍ ഉപയോഗിച്ചുതുടങ്ങി. ഈ സാഹചര്യത്തിലാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തന്നെ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. രാത്രികാല അപകടങ്ങളിലേറെയും സംഭവിക്കുന്നത് എതിരെ വരുന്ന വാഹനങ്ങളിലെ പ്രകാശ തീവ്രത കാരണമാണ്. വാഹനം വാങ്ങുമ്പോള്‍ ഉള്ള ഹെഡ്‌ലൈറ്റ് മാറ്റി തീവ്രപ്രകാശമുള്ള ലൈറ്റ് ഫിറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കും. കൂടാതെ വാഹനങ്ങളില്‍ അമിതമായ ശബ്ദമുണ്ടാക്കുന്ന തരത്തില്‍ ഘടിപ്പിച്ചരിക്കുന്ന ശബ്ദ സംവിധാനങ്ങളും നീക്കം ചെയ്യും. ഇതിനായി സംസ്ഥാനത്ത് 55 ഇടങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് രാത്രികാല പരിശോധന നടത്തും. സിനിമാ ഷൂട്ടിംഗിന് പ്രകാശ തീവ്രത അളക്കുന്ന ലക്‌സ് മീറ്റര്‍ ഉപയോഗിച്ച് വാഹനങ്ങളുടെ പ്രകാശ തീവ്രത കൂടുതലാണോ എന്നു കണ്ടെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."