സ്പാനിഷ് സൂപ്പര്‍ കപ്പ് സഊദിയിലേക്ക്; 16 കോടി റിയാലിന് മൂന്നു വര്‍ഷത്തെ കരാറില്‍ ഒപ്പ് വച്ചു
റിയാദ്: സ്പാനിഷ് സൂപ്പര്‍ കപ്പ് ഫുട്ബോള്‍ സഊദിയിലെത്തുന്നു. ഇതിനായി പതിനാറു കോടി റിയാലിന്റെ കരാറില്‍ സഊദി സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനുമായി ഒപ്പ് വച്ചു. മൂന്ന് വര്‍ഷത്തേക്കുള്ള കരാറാണ് സ്പാനിഷ് സൂപ്പര്‍ കപ്പുമായി ഒപ്പ് വെച്ചത്. ഇതോടെ, സഊദിയില്‍ വരും വര്‍ഷങ്ങളില്‍ വന്‍ അരങ്ങേറ്റമായിരിക്കും നടക്കുക. പുതിയ രൂപത്തില്‍ നടപ്പാക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യ മൂന്ന് എഡിഷനാണ് സഊദി അറേബ്യയില്‍ അരങ്ങേറുക. ആദ്യ കളി അടുത്ത വര്‍ഷം ആദ്യ മാസം ജിദ്ദയില്‍ അരങ്ങേറും. ബാഴ്സലോണ, റയല്‍ മഡ്രിഡ്, വലന്‍സിയ, അത്ലറ്റിക്കോ മഡ്രിഡ് ടീമുകള്‍ അണിനിരക്കുന്ന ജനുവരിയിലെ മത്സരത്തിനാണ് ജിദ്ദ സാക്ഷ്യംവഹിക്കുക. സ്പാനിഷ് സൂപ്പര്കപ്പി!ന്റെ 2019-20 വര്‍ഷത്തെ മത്സരങ്ങള്‍ ജനുവരിയിലാണ്.
ജനുവരി ഒമ്പതിന് നടക്കുന്ന സെമിഫൈനല്‍ മത്സരത്തില്‍ വലന്‍സിയ റയല്‍ മഡ്രിഡിനെ നേരിടും. തൊട്ടടുത്തദിവസം നടക്കുന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ബാഴ്സലോണ അത്ലറ്റികോ മഡ്രിഡിനേയും നേരിടും. 64,000 കാണികളെ ഉള്‍ക്കൊള്ളാനാകുന്ന ജിദ്ദ കിങ് അബ്ദുല്ല സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. ഫൈനല്‍ മത്സരം ജനുവരി 12നാണ്. സ്ത്രീകള്‍ക്ക് സൗജന്യമായി മത്സരം കാണാനുള്ള അവസരവും കരാര്‍ പ്രകാരമുണ്ട്. ഇതുവരെ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരും കോപ ഡെല്‍റേ ചാമ്പ്യന്മാരും തമ്മിലുള്ള ഒരു മത്സരമായിരുന്നു സ്പാനിഷ് സൂപ്പര്‍ കപ്പ്. ഈ സീസണ് മുതല്‍ അത് നാലു ടീമുകളുടെ പോരാട്ടമാക്കി മാറ്റുകയാണ്.
സ്പാനിഷ് സൂപ്പര്‍ കപ്പ് നടത്താന്‍ അമേരിക്ക, ചൈന, ഖത്തര്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഈ മാസം 15ന് റിയാദില്‍ ബ്രസീല്‍ അര്‍ജന്റീന മത്സരം നടക്കുന്ന ആവേശത്തിനിടെയാണ് പുതിയ കരാര്‍. റിയാദില്‍ നടക്കുന്ന അര്‍ജന്റീന ബ്രസീല്‍ മത്സരത്തിന്റെ 200 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയുള്ള ടിക്കറ്റുകള്‍ റെക്കോര്‍ഡ് വേഗത്തിലാണ് വിറ്റഴിഞ്ഞത്. മാറുന്ന സഊദിയുടെ പുതിയ വരുമാന മാര്‍ഗ്ഗങ്ങളുടെ ഭാഗമാണ് പുതിയ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ രാജ്യത്തേക്കെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."