നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് ഒരാഴ്ചക്കകം പൂര്‍ണസജ്ജമാകും
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ തീര്‍ഥാടകരെ സ്വീകരിക്കാന്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്ന് ഒരുക്കുന്ന ഹജ്ജ് ക്യാംപ് ഈ മാസം 15ന് മുന്‍പ് പൂര്‍ണസജ്ജമാകും. ഈ മാസം 21നാണ് ക്യാംപിന്റെ ഔദ്യോഗിക ഉദ്ഘാടനം.16ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസും 17ന് ഹജ്ജ് സെല്‍ ഓഫിസും ക്യാംപില്‍ പ്രവര്‍ത്തനം ആരംഭിക്കും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ പേര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ അവസരം ലഭിക്കുന്നത് കണക്കിലെടുത്ത് ക്യാംപില്‍ പരമാവധി സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം 3029 സ്ത്രീകളും 3197 പുരുഷന്മാരും അടക്കം 6226 പേരാണു സംസ്ഥാനത്തു നിന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി നെടുമ്പാശ്ശേരിയില്‍ നിന്നു പുറപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ മാത്രം 10152 പേര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇനിയും ഏതാനും പേര്‍ക്ക് കൂടി അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ. ഒന്നരലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ക്യാംപിന്റെ നിര്‍മാണം. 62000 ചതുരശ്ര അടി വീതം വിസ്തീര്‍ണമുള്ള രണ്ട് എയര്‍ ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറുകള്‍ക്ക് പുറമെ ഏകദേശം 25000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താല്‍ക്കാലിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ക്യാംപിനായി ഒരുക്കിയിരുന്ന താല്‍ക്കാലിക കെട്ടിടത്തിന്റെ മേല്‍ക്കൂര ഒഴികെയുള്ള ഭാഗങ്ങള്‍ പൊളിച്ചുനീക്കാതെ നിലനിര്‍ത്തിയതിനാല്‍ ഇത്തവണ നിര്‍മാണം എളുപ്പത്തിലാക്കാന്‍ കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ കെട്ടിടത്തോടൊപ്പം 3,000 ചതുരശ്ര അടിയോളമാണ് ഇത്തവണ വര്‍ധിപ്പിച്ചത്. ഭക്ഷണശാല, ശുചിമുറികള്‍, ഹാജിമാരോടൊപ്പം എത്തുന്നവര്‍ക്കുള്ള വിശ്രമകേന്ദ്രം എന്നിവയാണ് ഇവിടെ സജ്ജീകരിക്കുന്നത്. ഹാജിമാര്‍ക്ക് വിശ്രമിക്കാനും ലഗേജുകള്‍ സൂക്ഷിക്കാനും എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലെ താഴത്തെ ഭാഗത്ത് സൗകര്യം ഒരുക്കും. ഒരേസമയം 750 വീതം പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ ക്കും നിസ്‌കരിക്കാനും ഹാങ്കറില്‍ സൗകര്യം ഉണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം സൗകര്യങ്ങളാണ് ഒരുക്കുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി, ഹജ്ജ് സെല്‍, ആരോഗ്യവിഭാഗം, സഊദി എയര്‍ലൈന്‍സ് ഓഫിസ്, ബാങ്ക് കൗണ്ടര്‍ തുടങ്ങിയവയും എയര്‍ ക്രാഫ്റ്റ് ഹാങ്കറില്‍ പ്രവര്‍ത്തിക്കും. ഇരുന്നൂറ്റി അന്‍പതോളം വാഹനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ക്യാംപില്‍ ഒരുക്കുന്നുണ്ട്. ഈ മാസം 22ന് മന്ത്രി കെ.ടി ജലീലാണ് ആദ്യ വിമാനം ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. 23 മുതല്‍ 31 വരെ രണ്ട് വിമാനങ്ങളും, സെപ്റ്റംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ ഓരോ വിമാനവും സര്‍വിസ് നടത്തും. നെടുമ്പാശ്ശേരിയില്‍ നിന്നു ജിദ്ദ വിമാനത്താവളത്തില്‍ എത്തിക്കുന്ന തീര്‍ഥാടകരെ മക്കയിലേക്കാണ് ആദ്യം കൊണ്ടുപോകുക.
ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മദീന യാത്ര. സെപ്റ്റംബര്‍ 29 മുതല്‍ മദീന വിമാനത്താവളത്തില്‍ നിന്നാണ് നെടുമ്പാശ്ശേരിയിലേക്കുള്ള മടക്കയാത്ര. സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ശബീര്‍, ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രെയിനര്‍ എന്‍.പി.ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്.
ആഭ്യന്തര തീര്‍ഥാടകരുടെ ഓണ്‍ലൈന്‍
റജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
ജിദ്ദ: ആഭ്യന്തര തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ റജിസ്‌ട്രേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. പോര്‍ട്ടല്‍ വഴി ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടിന് ആരംഭിച്ച ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ തുടക്കത്തിലെ ഒരു ദിവസം തന്നെ 30,000 ലധികം പേര്‍ ബുക്ക് ചെയ്തിരുന്നു. ഏറ്റവും കൂടുതല്‍ ആളുകള്‍ ബുക്ക് ചെയ്തത് സാധാരണ നിരക്കിലുള്ള കാറ്റഗറിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."