കൗമാര പോര്‍വിളിക്ക് കാതോര്‍ത്ത് സര്‍ക്കസിന്റെ മണ്ണ്
കണ്ണൂര്‍: പുതിയ വേഗവും ഉയരവും ദൂരവും താണ്ടാന്‍ കേരളത്തിന്റെ കൗമാരം നാളെ പോരിനിറങ്ങുന്നത് പുതുപുത്തന്‍ ട്രാക്കില്‍. കായിക കേരളത്തിന്റെ കണ്ണും കാതും മനസും ഇനി നാലുനാള്‍ സര്‍ക്കസിന്റെ മണ്ണായ കണ്ണൂര്‍ മാങ്ങാട്ടുപറമ്പിലേക്ക്. അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിന് നാളെ കണ്ണൂര്‍ സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ തുടക്കമാകും. 16 വര്‍ഷത്തിന് ശേഷം കണ്ണൂരിലേക്ക് വിരുന്നെത്തുന്ന കായികമേളയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലാണ്.
2003ല്‍ ആയിരുന്നു അവസാനമായി കണ്ണൂര്‍ കായിക മേളക്ക് ആതിഥ്യമേകിയത്. നാളെ രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററോടെയാണ് കായികോത്സവത്തിന്റെ തുടക്കം. 14 ജില്ലകളില്‍ നിന്നായി 2500 ലേറെ കൗമാര കായിക താരങ്ങളാണ് സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പോരാട്ടത്തിനിറങ്ങുക. ഒഫിഷ്യല്‍സും വളന്റിയേഴ്‌സുമായി 1000 പേരോളം മേളയെ നിയന്ത്രിക്കാന്‍ ഉണ്ടാവും. കായിക മന്ത്രി ഇ.പി ജയരാജന്‍ നാളെ വൈകിട്ട് മൂന്നിന് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കും. കായികാധ്യാപകരുടെ ചട്ടപ്പടി സമരം കായിക മേള നടത്തിപ്പിനെ ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. കായികാധ്യാപക പ്രതിഷേധത്തില്‍ ജില്ലാ മേളകള്‍ പലയിടങ്ങളിലും വഴിപാടായി മാറിയിരുന്നു. ഭരണാനുകൂല അധ്യാപക സംഘടനകളുടെ സഹായത്തോടെ സ്‌പോര്‍ട്‌സ് കൗണ്‍സിലാണ് സംഘാടനം ഏറ്റെടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരിലേക്ക് വിരുന്നെത്തിയ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ് ഉത്സവമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകര്‍.
പുതിയ ട്രാക്ക്
400 മീറ്ററിന്റെ എട്ടുവരികളുള്ള കണ്ണൂര്‍ സര്‍വകലാശാലയുടെ പുതിയ സിന്തറ്റിക് ട്രാക്കിലാണ് സ്പ്രിന്റ് ഉള്‍പ്പെടെ മധ്യദീര്‍ഘ ദൂര മത്സരങ്ങള്‍ നടക്കുക. ലോങ്ജംപ് മത്സരങ്ങള്‍ക്കായി രണ്ട് പിറ്റുകളും സിന്തറ്റിക് റണ്ണിങ് ട്രാക്കുകളും ഒരുക്കിയിട്ടുണ്ട്. ത്രോയിനങ്ങള്‍ക്കും എല്ലാവിധ സുരക്ഷയോടും കൂടിയ സംവിധാനങ്ങളാണ് ഒരുക്കുന്നത്. അപകടങ്ങള്‍ പതിയിരിക്കുന്നതിനാല്‍ ഒരു സമയം ഒരു ത്രോ മത്സരം മാത്രമേ നടത്തൂ. ട്രാക്കിനോട് ചേര്‍ന്നു ചെറിയ പവലിയനും രണ്ടു താല്‍ക്കാലിക ഗാലറികളും ഒരുക്കിയിട്ടുണ്ട്. പുറമേ പന്തലിടുന്നതിനൊപ്പം ഷോട്ട്പുട്ട് സര്‍ക്കിളിന് സമീപം 1000 പേര്‍ക്കിരിക്കാവുന്ന താല്‍ക്കാലിക ഗാലറിയും ഒരുക്കിയിട്ടുണ്ട്.
രജിസ്‌ട്രേഷന്‍
ഇന്‍ഡോര്‍
സ്റ്റേഡിയത്തില്‍
അത്‌ലറ്റിക് ഗ്രൗണ്ടിന് പുറത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കായികതാരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ സൗകര്യം. 14 രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. പൊലിസ് എയ്ഡ് പോസ്റ്റും ഇവിടെ പ്രവര്‍ത്തിക്കും. കായികാധ്യാപക പ്രതിഷേധം ഉയര്‍ന്നാല്‍ നേരിടാനും സുരക്ഷയ്ക്കുമായി തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹത്തെ തന്നെ നിയോഗിക്കും. താരങ്ങളുടെ താമസസ്ഥലത്തുനിന്ന് സ്റ്റേഡിയത്തിലേക്ക് വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഊട്ടാന്‍ പഴയിടം
പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവുമാണ് നാലുനാള്‍ കായിക താരങ്ങളെ ഊട്ടുക. സര്‍വകലാശാല കാന്റീന് സമീപത്തു തന്നെയാണ് ഭക്ഷണശാല. 600 പേര്‍ക്ക് ഒരേസമയം ഇരുന്നു കഴിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്നുരാവിലെ 11ന് ഭക്ഷണശാലയുടെ പാലുകാച്ചല്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."