കോട്ടൂരിനും ചെറുകുളമ്പിനുംകോല്‍കിരീടം
മഹറൂഫ് കോട്ടക്കലിന്റെ പരിശീലനത്തില്‍ വേദിയിലെത്തിയ ടീമുകള്‍ക്കാണ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കിരീടം
മലപ്പുറം: വീശിയടിക്കുന്ന കാറ്റിനേക്കാള്‍ വേഗതയുണ്ടായിരുന്നു കോല്‍ക്കളി സംഘത്തിന്റെ നീക്കങ്ങള്‍ക്ക്. മാപ്പിള ഇശലിന്റെ തേന്മഴ പെയ്യുന്ന നാട്ടില്‍ മിന്നായം കണക്കെ മെയ്‌വഴക്കത്തോടെ കോലടിച്ച സംഘങ്ങള്‍ നഗരിക്ക് സമ്മാനിച്ചത് അത്ഭുതവും അമ്പരപ്പും.
കളിക്കോലുകളുടെ കൂട്ടിയുരുമ്മലില്‍ കലയുടെ അനിര്‍വചനീയ നിമിഷങ്ങള്‍ പിറന്നപ്പോള്‍ ചുട്ടു കത്തുന്ന ഉച്ചവെയിലിലും കാണികള്‍ അക്ഷമയോടെ കാത്തിരുന്നു. ഒപ്പം കൈയടിച്ചും താളമിട്ടും ലയിച്ച് ചേര്‍ന്നു. വിവിധ അറബി ഇശലുകള്‍ക്കൊത്ത് മെയ്‌വഴക്കത്തോടെ കോലടിച്ചാണ് കോല്‍ക്കളി സംഘങ്ങള്‍ ആസ്വാദകരുടെ മനസ്സിലേക്കു കൂടി കളിച്ചു കയറിയത്. പാരമ്പര്യ ശൈലിയില്‍ വിവിധ രൂപത്തില്‍ കളിച്ചു തുടങ്ങിയ സംഘങ്ങള്‍ പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം തന്നെ സമ്മാനിച്ചു. പ്രമുഖരായ ഗുരുക്കന്‍മാരുടെ ശിക്ഷണത്തില്‍ കോലെടുത്ത സംഘങ്ങള്‍ പലപ്പോഴും നഗരിയെ വിസ്മയിപ്പിച്ചു. മഹറൂഫ് കോട്ടക്കലിന്റെ പരിശീലനം ലഭിച്ച് വേദിയിലെത്തിയ ടീമുകള്‍ക്കാണ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ കിരീടം ലഭിച്ചത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ചെറുകുളമ്പ് ഐ.പി.ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഒന്നാം സ്ഥാനം നേടി.
'ബദറ് കമാലേ ബരിശയ് റസൂലേ' എന്ന് തുടങ്ങുന്ന ഈരടികള്‍ക്കാണ് കോട്ടൂര്‍ ടീം ചുവടുവച്ചത്. 'ബദ്‌റിന്റെ മാറില്‍ ബാനര്‍കളേറി കാത്തിടലായി.. ദീനില്‍ കാണിക്കയായി' എന്ന് തുടങ്ങുന്ന പാട്ടുപാടിയാണ് ചെറുകുളമ്പ് സ്‌കൂള്‍ കോലുകൊട്ടിയത്. വരികളിലൂടെ താളം പിടിച്ച സംഘം പിന്നെ കൊട്ടിക്കയറി. താളം, കോലടക്കം, അടിച്ചു മറിയല്‍, അവതരണം, പാട്ട് എന്നിവക്ക് ചുവട്‌വെച്ച് മെയ്‌വയക്കം തീര്‍ത്തായിരുന്നു കോട്ടൂരിന്റെയും ചെറുകുളമ്പിന്റെയും മുന്നേറ്റം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."