യു.എ.പി.എ സിനിമാ പോസ്റ്റര്‍: കമ്മിഷണര്‍ക്ക് മറുപടിയുമായി പൊലിസുകാരന്‍: നായകര്‍ പൊലിസിന്റെ നെഞ്ചത്തു കയറുന്ന സീന്‍ കണ്ടു മാത്രം കയ്യടിച്ചാല്‍ മതിയോ ?
കോഴിക്കോട്: യു.എ.പി.എ നടപടികളെ വിമര്‍ശിക്കുന്ന സിനിമാ രംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് വിശദീകരണം തേടിയ കമ്മിഷണര്‍ക്ക് പൊലിസുകാരന്റെ മറുപടി. അഞ്ച് സംസ്ഥാന അവാര്‍ഡുള്‍പ്പടെ പത്തിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ച പോസ്റ്ററാണ് ഷെയര്‍ ചെയ്തതെന്നും ഈ സിനിമ സെന്‍സര്‍ ചെയതല്ലേ റിലിസിങ് നടത്തിയതെന്നും മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. പുലിമുരുകന്‍, ലൂസിഫര്‍ പോലുള്ള സിനിമകളില്‍ പൊലിസിന്റെ നെഞ്ചത്തു കയറുന്ന നായകരുടെ സീന്‍ കണ്ടു മാത്രം കയ്യടിച്ചാല്‍ പോരല്ലോ നല്ല സിനിമകളും കണ്ട് കയ്യടിക്കേണ്ട എന്നുമാണ് മറുപടിയില്‍ ഉമേഷ് ചോദിക്കുന്നതെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. നന്നായി വായിക്കാത്തവും നല്ല സിനിമകള്‍ കാണാത്തവരുമാണ് പൊലിസിന് ചീത്തപ്പേരുണ്ടാക്കുന്നതെന്നും മറുപടിയില്‍ സൂചനയുണ്ട്.
പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവാദങ്ങള്‍ നടക്കുമ്പോള്‍ 'കാടുപൂക്കുന്ന നേരം' എന്ന സിനിമയിലെ സംഭാഷണം ഷെയര്‍ ചെയ്ത കോഴിക്കോട് സിറ്റി കണ്‍ട്രോള്‍ റൂമില്‍ ജോലിചെയ്യുന്ന ഉമേഷ് വള്ളിക്കുന്നിനോടാണ് കമ്മിഷണര്‍ വിശദീകരണം ആവശ്യപ്പെട്ടത്. അതിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നേരത്തെ പൊലിസ് കമ്മിഷണര്‍ക്കെതിരേ പോസ്റ്റിട്ട് സസ്‌പെന്‍ഷന്‍ വാങ്ങിയ ആളാണ് ഉമേഷ്. പുതിയ പോസ്റ്റും അതിനു നല്‍കിയ മറുപടിയും ഉദ്യോഗസ്ഥരെ ചൊടിപ്പിക്കുന്നതാണെന്നാണ് വ്യക്തമാകുന്നത്.
ഒരു ഉത്തരവാദപ്പെട്ട പൊലിസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ നിങ്ങളുടെ പ്രവൃത്തി സമൂഹമാധ്യമങ്ങളില്‍ പൊലിസ് സേനാംഗങ്ങള്‍ പാലിക്കേണ്ട സംസ്ഥാന പൊലിസ് മേധാവിയുടെ 4515 സര്‍ക്കുലറിന് വിരുദ്ധമാണെന്നും അഞ്ചു ദിവസത്തിനുള്ളില്‍ വിശദീകരണം വേണമെന്നും ആവശ്യപ്പെട്ടാണ് ജില്ലാ പൊലിസ് മേധാവി എ.വി ജോര്‍ജ് ഉമേഷിന് നോട്ടിസയച്ചത്.
നവംബര്‍ മൂന്നിനാണ് സിനിമയുടെ പോസ്റ്ററിനൊപ്പം സിനിമയുടെ സംവിധായകന്‍ കൂടിയായ ഡോ.ബിജു എഴുതിയ പോസ്റ്റിന്റെ ലിങ്ക് ഷെയര്‍ ചെയ്തത്.
ഏറുമാടത്തില്‍ ഇരിക്കുന്ന സ്ത്രീയോട് പൊലിസുകാരന്‍ 'നിങ്ങളെങ്ങനെ മാവോയിസ്റ്റായി' എന്ന് ചോദിക്കുമ്പോള്‍ 'ഞാന്‍ മാവോയിസ്റ്റാണെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്ന്' തുടങ്ങുന്ന സിനിമയിലെ സംഭാഷണമാണ് ബിജു പങ്കുവച്ചത്.
കാട് പൂക്കുന്ന നേരം എന്ന സിനിമയിലെ ഏറ്റവും ആകര്‍ഷിച്ച ഭാഗങ്ങളിലൊന്ന് ഈ സംഭാഷണമായിരുന്നു.
മൂന്നു വര്‍ഷം കഴിയുമ്പോഴും അത് കേരളത്തിന്റെ നെഞ്ചില്‍ കത്തി നില്‍ക്കുന്നു എന്ന തലക്കെട്ടോടെയാണ് ഉമേഷ് വള്ളിക്കുന്ന് റീപോസ്റ്റ് ചെയ്തത്.
മുമ്പ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എസ്.എം സ്ട്രീറ്റില്‍ വച്ചുണ്ടായ സംഭവത്തില്‍ ജില്ലാ പൊലിസ് മേധാവിയെ സമൂഹമാധ്യമങ്ങള്‍ വഴി വിമര്‍ശിച്ചതിന് ഉമേഷ് വകുപ്പുതല നടപടി നേരിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."