അവന്റെ മരണം തകര്‍ത്തത് എന്റെ ഹൃദയം
മലപ്പുറം: ''ഹൃദയത്തിന്റെ ഒരു കഷ്ണമായിരുന്നു എനിക്ക് ജുനൈദ് , എന്റെ ഹൃദയംപൊട്ടിയ മരണമായിരുന്നു അവന്റേത്. മോന് വരുന്നതും കാത്തിരുന്ന നേരത്താണ് മരണ വിവരമെത്തിയത്, ഏതൊരു ഉമ്മക്കും വേദനയുണ്ടാക്കുന്ന സംഭവമാണത്. ഇനിയൊരാള്‍ക്കും ഈ അവസ്ഥ വരാതിരിക്കട്ടെ...'' ട്രെയിന്‍ യാത്രക്കിടെ ഫാസിസ്റ്റ് തേര്‍വാഴ്ചയില്‍ പിടഞ്ഞു മരിച്ച ഹരിയാനയിലെ ഹാഫിള് ജുനൈദിന്റെ മാതാവ് സൈറയുടേതാണീ വാക്കുകള്‍.
മകന്റെ കൊലയെത്തുടര്‍ന്ന് നീതിക്കായി പിന്തുണ നല്‍കിയതിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളോടു നന്ദി പറയാന്‍ വന്നതായിരുന്നു അവര്‍. രാജ്യത്തെ നീതിപീഠത്തില്‍ വിശ്വാസമുണ്ട്. സഹകരണവും പിന്തുണയും നല്കിയ എല്ലാവരോടും ഏറെ നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു. കേസ് വഴിതിരിച്ചുവിടാനുള്ള നീക്കം നടക്കുന്നതായുള്ള ആശങ്കയും കുടുംബം പങ്കുവച്ചു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സൈറയും കുടുംബാംഗങ്ങളും ഉള്‍പ്പെടെയുള്ള സംഘം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിക്കാനെത്തിയത്. മലപ്പുറം സുന്നീ മഹലില്‍ വച്ചു തങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും സഹായത്തിനു നന്ദി അറിയിക്കുകയും ചെയ്താണ് കുടുംബം മടങ്ങിയത്.
വ്യാഴാഴ്ച വൈകിട്ടാണ് നെടുമ്പാശ്ശേരി വഴി ജുനൈദിന്റെ ഉമ്മയും നാല് കുടുംബാംഗങ്ങളും കേരളത്തിലെത്തിയത്. മാതാവ് സൈറക്കു പുറമെ ജുനൈദിന്റെ ഇളയ സഹോദരന് ഫൈസല്‍, മാതൃസഹോദരി പുത്രന് അബ്റാര്‍, സഹോദരി ഭര്‍ത്താവ് മുഹമ്മദ് നഫീസ്, ബന്ധു മുഹമ്മദ് അസ്ഹറുദ്ദീന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നേരത്തെ കുടുംബത്തിലെ കുട്ടികളുടെ പഠനകാര്യം മുസ്്ലിം ലീഗ് ദേശീയ നേതൃത്വം ഏറ്റെടുത്തിരുന്നു. ഇതനുസരിച്ച് ഇളയ മകന്റെ തുടര്‍പഠനത്തിന് അനുയോജ്യമായ സ്ഥാപനം അന്വേഷിക്കുന്നതിനാണ് ഇവര്‍ കേരളത്തിലെത്തിയത്. എട്ടാം തരം പൂര്‍ത്തിയായ ഇളയ മകന് ഫൈസലിന് കേരളത്തിലോ, നാട്ടില്‍ തന്നെയോ തുടര്‍പഠനത്തിന് അവസരം ഒരുക്കാമെന്ന് മുസ്്ലിംലീഗ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
മാതാപിതാക്കളും ഏഴ് ആണ്മക്കളും ഒരു മകളുമുള്ക്കൊള്ളുന്നതാണ് ജുനൈദിന്റെ കുടുംബം. ജുനൈദ് ഉള്‍പ്പെടെ ആണ്മക്കളില് നാലു പേര് ഖുര്‍ആന്‍ മനഃ പാഠമാക്കിയവരാണ്. ഏക മകള്‍ ഇസ്്ലാമിക് പഠനത്തില്‍ ആലിമ കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയേയും ഇവര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സി.കെ.സുബൈര്‍, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹ്മദ് സാജു എന്നിവര്‍ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."