ക്രമസമാധാനം തകര്‍ക്കാര്‍ ബി.ജെ.പി ശ്രമം: കോടിയേരി
തിരുവനന്തപുരം: തലസ്ഥാനത്ത് സി.പി.എം ഓഫിസുകള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും നേരെ അക്രമം നടത്തി കേരളത്തിലെ ക്രമസമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ആര്‍.എസ്.എസും-ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം നേതാക്കളുടെ വീടുകള്‍ തങ്ങള്‍ അക്രമിക്കുമെന്ന് കഴിഞ്ഞദിവസം ചില ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു അക്രമം.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വീടുപോലും അക്രമിക്കാന്‍ മടിക്കില്ലെന്നാണ് ആര്‍.എസ്.എസും ബി.ജെ.പിയും നല്‍കുന്ന സന്ദേശമെന്ന് കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളുടെ അറിവോടെയാണ് അക്രമങ്ങള്‍ അരങ്ങേറിയത്. തലസ്ഥാനത്തും കാട്ടാക്കടയിലുമായി നിരവധി സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി.
യാതൊരു പ്രകോപനവുമില്ലാതെയാണ് ആര്‍.എസ്.എസ് ഗുണ്ടകള്‍ അക്രമം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്ത് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിലെ സംഭവമുണ്ടായത്. ഇത് അപലപനീയമാണ്. പ്രകോപിതരായ ചിലരാണ് ബി.ജെ.പി ഓഫിസ് ആക്രമിച്ചത്. ഇതൊരിക്കലും സി.പി.എമ്മിന്റെ നയമല്ല. പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിതരാക്കി സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ക്കാനാണ് ബി.ജെ.പി-ആര്‍.എസ്.എസ് ശ്രമം. ഇതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീഴരുത്. അക്രമസംഭവങ്ങളില്‍ പ്രകോപിതരാകാതെ ആത്മസംയമനം പാലിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും തയാറാകണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി അഭ്യര്‍ഥിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ആര്‍.എസ്.എസ് കേരളത്തില്‍ അക്രമം സൃഷ്ടിക്കുന്നത്. മെഡിക്കല്‍ കോളജ് കുംഭകോണം പുറത്തുവന്നതിനെ തുടര്‍ന്ന് അടുത്തിടെയുണ്ടായ ക്ഷീണം മറികടക്കാനാണിത്. കോഴ വിവാദം പുറത്തുവന്നതോടെ നേതാക്കള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. നേതാക്കളുടെ കോഴഇടപാടു സംബന്ധിച്ച ചര്‍ച്ചകളില്‍നിന്ന് ജനങ്ങളെയും മാധ്യമങ്ങളെയും അകറ്റുകയാണ് അക്രമം കൊണ്ട് ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വം ലക്ഷ്യം വയ്ക്കുന്നതെന്നും കോടിയേരി പറഞ്ഞു.
ആക്രമണത്തിന് ആസൂത്രണം എ.കെ.ജി
സെന്ററില്‍ നിന്ന്: കെ.സുരേന്ദ്രന്‍
കോഴിക്കോട്: എ.കെ.ജി സെന്ററില്‍ നിന്ന് കൃത്യമായ ഗൂഢാലോചന നടത്തിയാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫിസിലെ ആക്രമണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇത് മൂന്നാം തവണയാണ് ആക്രമണം. നേരത്തെ അക്രമം നടത്തിയവരെ പിടികൂടിയിരുന്നില്ല.
ഇത്തവണ സി.സി ടി.വി ദൃശ്യങ്ങളില്‍ പ്രതികള്‍ വ്യക്തമാണെങ്കിലും അറസ്റ്റു ചെയ്യാന്‍ പൊലിസ് തയാറാവുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."