HOME
DETAILS
MAL
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുന്നില്ലെന്ന് ആരോപണം
backup
November 18 2019 | 02:11 AM
തൃശൂര്‍: മഞ്ചിക്കണ്ടി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തമിഴ്‌നാട് കന്യാകുമാരി അളകപ്പപുരം സ്വദേശി സ്വര്‍ണത്തിന്റെ മകള്‍ രമ എന്ന അജിതയുടെയും, ചെന്നൈ സി.എല്‍.ടി നഗര്‍ അരവിന്ദന്‍ എന്ന ശ്രീനിവാസന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ തയാറായിരുന്നിട്ടും അജ്ഞാത മൃതദേഹം എന്ന നിലയില്‍ സംസ്‌കരിക്കാന്‍ പൊലിസ് നടത്തുന്ന നീക്കം അപലപനീയമാണെന്ന് മാവോയിസ്റ്റ് അനുകൂല നേതാക്കളായ ഗ്രോ വാസു, പി.പി ഷാന്റോലാല്‍ (പോരാട്ടം), അഡ്വ.പി.എ ഷൈന, സി.എ ജിതന്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ശ്രീനിവാസന്റെ ബന്ധുക്കള്‍ തിരിച്ചറിയാനെത്തുകയും ഡി.എന്‍.എ ടെസ്റ്റിന് രക്തസാംപിള്‍ നല്‍കി റിസള്‍ട്ടിന് കത്തിരിക്കുകയുമാണ്. ഇവരോട് തമിഴ്‌നാട്ടിലെയും കേരളത്തിലെയും മനുഷ്യാവകാശ പ്രവര്‍ത്തകരെ കാണരുതെന്നും സംസാരിക്കരുതെന്നും ഭീഷണിപ്പെടുത്തുകയും, ഇവരെ പൊലിസ് ഓട്ടോകയറ്റി പറഞ്ഞയച്ചതും ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.
അതിനുശേഷം ബന്ധുക്കള്‍ ആരുമായും ബന്ധപ്പെടാത്തത് സംശയം ബാലപ്പെടുത്തുന്നു. ഡി.എന്‍.എ ടെസ്റ്റിന് അയക്കാതെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നോ എന്ന് പൊലിസും സര്‍ക്കാരും വെളിപ്പെടുത്തണം. അജിതയുടെത് തമിഴ്‌നാട്ടിലെ വളരെ ദരിദ്രമായ കുടുംബമാണ്.
അവരെ പൊലിസ് കണ്ടെത്തി വിവരമറിയിച്ച് മൃതദേഹം ഏറ്റെടുക്കരുതെന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചിരിക്കുന്നു. ഇത് ഒരു പരിഷ്‌കൃത സമൂഹത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും ചേര്‍ന്നതല്ല. പൊലിസ് ഭീഷണികള്‍ അവസാനിപ്പിച്ച് ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറാന്‍ സര്‍ക്കാര്‍ സാഹചര്യം ഒരുക്കണം.
അജ്ഞാത മൃതദേഹമായി സംസ്‌കരിക്കാതിരിക്കാന്‍ കേരളത്തിന്റെ പൊതുമനഃസാക്ഷിക്കുവേണ്ടി മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാണ്.
കുറഞ്ഞപക്ഷം മൃതദേഹം സംസ്‌കരിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അന്ത്യാഭിവാദ്യം അര്‍പ്പിക്കാനുള്ള അവസരമെങ്കിലും ഉണ്ടാകണം. ഇതുകാണിച്ചു തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
ബന്ധപ്പെട്ട പൊലിസ് അധികാരികളെ ഇതു സംബന്ധമായി ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇതിന് പ്രത്യേകം അപേക്ഷ നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."