ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷന്‍ നീട്ടി
അബ്ദുസ്സലാം കൂടരഞ്ഞി #
റിയാദ്: പ്രവാസികളുടെമേല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം തല്‍ക്കാലം നീട്ടിവച്ചു. 18 രാജ്യങ്ങളിലെ ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ടില്‍ തൊഴില്‍ വിസകളില്‍ നിലവില്‍ തൊഴിലിലേര്‍പ്പെട്ടവര്‍ക്കും പുതുതായി പോകുന്നവര്‍ക്കുമായി അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ നിര്‍ബന്ധമാക്കിയ രജിസ്‌ട്രേഷന്‍ സംവിധാനമാണ് തല്‍ക്കാലം ഉപേക്ഷിച്ചത്.
വിവിധ ഭാഗങ്ങളില്‍നിന്നുള്ള വ്യാപകമായ പരാതിയെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ തീരുമാനം. താല്‍ക്കാലികമായാണ് ഇതു നിര്‍ത്തിവയ്ക്കുന്നതെന്നും പദ്ധതി തുടരുന്നതിനെക്കുറിച്ചു പുനരാലോചന നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. സഊദി, യു.എ.ഇ എന്നിവിടങ്ങളിലെ എംബസികളും കേന്ദ്രസര്‍ക്കാര്‍ നോട്ടിസ് ട്വിറ്ററില്‍ പങ്കുവച്ചു.
കഴിഞ്ഞ 14നാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. വിദേശത്തു ജോലി ചെയ്യുന്നവരും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്തവരുമായ (ഇ.സി.എന്‍.ആര്‍) മുഴുവന്‍ പാസ്‌പോര്‍ട്ട് ഉടമകളും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു ഉത്തരവ്. പുതിയ തൊഴില്‍ വിസയില്‍ വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും റീ എന്‍ട്രിയില്‍ പോയി മടങ്ങുന്നവര്‍ക്കും ഇതു ബാധകമായിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരിലോ തൊഴിലിന്റെ പേരിലോ ആര്‍ക്കും ഇതില്‍നിന്ന് ഒഴിവില്ല.
അടുത്ത വര്‍ഷം ജനുവരി ആദ്യം മുതല്‍ ഇ.സി.എന്‍.ആര്‍ പാസ്‌പോര്‍ട്ടുകള്‍ക്കും നാട്ടില്‍നിന്നു പോരുന്ന സമയത്ത് എമിഗ്രേഷന്‍ പൂര്‍ത്തിയാക്കണമെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയ്‌ക്കെതിരേ തുടക്കത്തില്‍തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. എമിഗ്രേഷന്റെ 24 മണിക്കൂര്‍ മുന്‍പെങ്കിലും ഇ-മൈഗ്രേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ യാത്രതന്നെ മുടങ്ങുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരേ ട്രാവല്‍ ഉടമകള്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, ലിബിയ, മലേഷ്യ, ലബനോന്‍, അഫ്ഗാനിസ്താന്‍, സുഡാന്‍, ദക്ഷിണ സുഡാന്‍, സിറിയ, തായ്‌ലന്‍ഡ്, യമന്‍ എന്നീ രാജ്യങ്ങളിലേക്കു തൊഴില്‍ വിസയില്‍ പോകുന്നവര്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."