ലാഹോറില്‍നിന്ന് ലോകത്തോളം വളര്‍ന്ന രാഷ്ട്രീയചാണക്യന്‍
പാകിസ്താന്റെ ചരിത്രത്തില്‍ രണ്ടിലേറെ തവണ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തിയാണ് നവാസ് ഷരീഫ്. ഒരു തവണ അഴിമതി ആരോപണത്തെ തുടര്‍ന്നും മറ്റൊരു തവണ പട്ടാള അട്ടിമറിയിലും അധികാരത്തില്‍നിന്നു പുറത്താക്കപ്പെട്ടെങ്കിലും 2013ല്‍ വന്‍ ഭൂരിപക്ഷത്തിനായിരുന്നു അധികാരത്തിലേക്കുള്ള തിരിച്ചുവരവ്. 1947ലെ സ്വാതന്ത്ര്യത്തെ തുടര്‍ന്ന് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട രണ്ടു സര്‍ക്കാരുകള്‍ അടുത്തുവരുന്നതും ആദ്യമായായിരുന്നു. നിര്‍ബന്ധിത വിദേശവാസം അവസാനിപ്പിച്ച് പാക് രാഷ്ട്രീയത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്തി തിരിച്ചെത്തിയ നവാസ് ഷരീഫ് പ്രധാനമന്ത്രി പദത്തില്‍ കാലാവധി പൂര്‍ത്തിയാക്കി മറ്റൊരു ചരിത്രം കൂടി സ്വന്തം പേരില്‍ കുറിക്കുമെന്നു കരുതപ്പെട്ടെങ്കിലും അധികാരമൊഴിയാല്‍ ഏതാലും മാസങ്ങള്‍ ബാക്കിയിരിക്കെ വീണ്ടും ദുര്‍വിധി ഏറ്റുവാങ്ങിയിരിക്കുന്നു. ഒരുപക്ഷെ, പാക് രാഷ്ട്രീയത്തിലും ലോകരാഷ്ട്രീയത്തിലും ശ്രദ്ധേയനായ വ്യക്തിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ അന്ത്യമായിരിക്കും ഇവിടെ ആരംഭിച്ചിരിക്കുന്നത്. 67ലെത്തി നില്‍ക്കുന്ന ഷരീഫിന് ഇനി രാഷ്ട്രീയത്തിലേക്കുള്ള മടക്കം അത്ര സുഖകരമായിരിക്കില്ല.
രാഷ്ട്രീയക്കോളുകള്‍ മാറിമറിഞ്ഞ ആ ജീവിതം ഇങ്ങനെ ചുരുക്കി വായിക്കാം.
വ്യവസായകുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്
ലാഹോറിലെ പ്രമുഖമായൊരു വ്യവസായ കുടുംബത്തിലേക്കാണ് 1949 ഡിസംബര്‍ 25ന് നവാസ് ഷരീഫ് ജനിച്ചുവീഴുന്നത്. പിതാവ് മുഹമ്മദ് ഷരീഫും നഗരത്തിലെ പ്രമുഖ വ്യവസായിയായിരുന്നു. ബിസിനസില്‍ ബിരുദം നേടിയ നവാസ് നിയമത്തില്‍ കൂടി ബിരുദ പഠനം പൂര്‍ത്തിയാക്കിയത് തന്റെ ഭാവിജീവിതം മുന്‍കൂട്ടിക്കണ്ടാകണം.
മുന്‍ പാക് പ്രസിഡന്റ് ജനറല്‍ സിയാഉല്‍ ഹഖാണ് ഷരീഫിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചാനയിച്ചത്. അതുവരെ പിതാവിന്റെ ബിസിനസ് സാമ്രാജ്യം നോക്കിനടത്തുകയായിരുന്ന ഷരീഫ് പഞ്ചാബ് ജില്ലാ ഉപദേശക സമിതിയില്‍ അംഗമായി ചേര്‍ന്നുകൊണ്ട് രാഷ്ട്രീയജീവിതത്തിനു തുടക്കമിട്ടു. 1985ലെ സിയാഉല്‍ ഹഖിന്റെ പട്ടാള നിയമ കാലഘട്ടത്തിലാണ് അദ്ദേഹം ദേശീയരാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ആദ്യം പഞ്ചാബ് പ്രവിശ്യാ സര്‍ക്കാരില്‍ ധനമന്ത്രിയായ അദ്ദേഹം 1985-1990 കാലയളവില്‍ പ്രവിശ്യയുടെ മുഖ്യമന്ത്രിയുമായി.
പ്രധാനമന്ത്രി പദത്തിലേക്ക്
1988ല്‍ ജനറല്‍ സിയാഉല്‍ ഹഖ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി ബേനസീര്‍ ഭൂട്ടോ തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ ഉയര്‍ന്നുവന്ന അഴിമതി കേസുകളെ തുടര്‍ന്ന് ബേനസീര്‍ അധികാരത്തില്‍നിന്നു പുറത്താക്കപ്പെട്ടു. ഇതിനു പിറകെ നടന്ന പൊതുതെരഞ്ഞെടുപ്പാണ് ഷരീഫിന്റെ ദേശീയരാഷ്ട്രീയത്തിലെ ശക്തികേന്ദ്രമായി വളര്‍ത്തിയത്. അങ്ങനെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് 1990ല്‍ നവാസ് പാകിസ്താന്‍ പ്രധാനമന്ത്രി പദത്തില്‍ ആദ്യ ഊഴത്തിനു തുടക്കമിട്ടു. എന്നാല്‍ ആ അധികാരത്തിന് അധികം ആയുസുണ്ടായില്ല. മൂന്നുവര്‍ഷത്തിനുശേഷം ബേനസീറിനെ പോലെ അദ്ദേഹത്തെയും അഴിമതി കേസുകള്‍ വേട്ടയാതി. 1993 ഏപ്രില്‍ 18ന് അഴിമതി ആരോപണങ്ങളുടെ പേരില്‍ പ്രസിഡന്റ് ഗുലാം ഇസ്ഹാഖ് ഖാന്‍ പദവിയില്‍നിനനു പുറത്താക്കി. എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ പാക് സുപ്രിംകോടതി ഷരീഫിനെ സ്ഥാപനത്തു പുനഃസ്ഥാപിച്ചു. പക്ഷെ, ഇസ്ഹാഖ് ഖാനുമായുള്ള തര്‍ക്കങ്ങള്‍ പദവിയില്‍ തുടരാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. 1993 ജൂലൈ 18ന് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.
രണ്ടാമൂഴവും പട്ടാള അട്ടിമറിയും
പിന്നീട് നാലു വര്‍ഷത്തോളം അധികാരത്തില്‍നിന്നു മാറിനിന്ന ഷരീഫ് 1997ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്താന്‍ ചരിത്രത്തിലെത്തന്നെ എക്കാലത്തെയും മികച്ച ഭൂരിപക്ഷം നേടി പ്രധാനമന്ത്രി പദവിയില്‍ രണ്ടാമൂഴം. എന്നാല്‍, ആ അധികാരം ഭരണഘടനാ ഭേദഗതികള്‍ അടക്കം വിവാദപരമായ ചില നടപടികള്‍ക്കാണ് ഷരീഫ് വിനിയോഗിച്ചത്. പാക് ഭരണഘടനയില്‍ 13-ാം ഭേദഗതി വരുത്തി പ്രധാനമന്ത്രിയെ പിരിച്ചുവിടാനുള്ള പ്രസിഡന്റിന്റെ അധികാരം എടുത്തുകളഞ്ഞു.
ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പലപ്പോഴും സൈനിക നേതൃത്വവുമായും ഇടഞ്ഞു. കരസേനാ മേധാവിയെ അടക്കം നിരവധി ഉദ്യോഗസ്ഥരെ ഉന്നതസ്ഥാനങ്ങളില്‍നിന്നു നീക്കി. തുടര്‍ന്ന് ജനറല്‍ പര്‍വേസ് മുഷറഫിനെ സൈനിക മേധാവിയായി നിയമിച്ചു. എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തിലെ പരാജയം ഇരുവരും തമ്മില്‍ അകല്‍ച്ചയ്ക്കു കാരണമായി. പട്ടാള അട്ടിമറിയിലൂടെ മുഷറഫ് തന്നെ പുറത്താക്കാന്‍ നീക്കം നടത്തുന്നതായി സൂചന ലഭിച്ച നവാസ് ഷരീഫ് മുഷറഫിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. എന്നാല്‍ അത് അദ്ദേഹത്തിനു വിനയാകുകയാണുണ്ടായത്. നാടകീയമായ പട്ടാള അട്ടിമറിയിലൂടെ നവാസ് ഷരീഫിനെ പുറത്താക്കി മുഷറഫ് അധികാരം പിടിച്ചെടുത്തു.
അറസ്റ്റ്, സഊദിയില്‍ വിദേശവാസം
നവാസ് ഷരീഫിനോടുള്ള പക തീര്‍ക്കുകയാണ് പിന്നീട് മുഷറഫ് ചെയ്തത്. വിവിധ അഴിമതി കേസുകളില്‍ ഷരീഫിനെ അറസ്റ്റ് ചെയ്തു. കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. രാഷ്ട്രീയ ജീവിതത്തില്‍നിന്നു കാലാകാലത്തേക്കു വിലക്കുകയും ചെയ്തു. എന്നാല്‍, സഊദി രാജകുടുംബം ഇടപെടലില്‍ അദ്ദേഹത്തിന്റെ ശിക്ഷയില്‍ ഇളവു നല്‍കി. സഊദിയുടെ തന്നെ നിര്‍ദേശത്തില്‍ 40 കുടുംബാംഗങ്ങള്‍ക്കൊപ്പം സഊദിയില്‍ 10 വര്‍ഷത്തെ വിദേശവാസം.
സഊദിയിലെ വിദേശവാസത്തിനിടെ ആദ്യകാല പ്രതിയോഗിയായിരുന്ന ബേനസീര്‍ ഭൂട്ടോ നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തി രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിനായി ഒന്നിക്കാന്‍ തീരുമാനിച്ചു. അതേസമയം മുഷറഫുമായി ഇടഞ്ഞുകൊണ്ടു തന്നെ തുടര്‍ന്നു.
ബേനസീറുമായി പിന്നീട് അകന്നു. സുപ്രിംകോടതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് 2007 സെപ്റ്റംബര്‍ 10ന് പാകിസ്താനില്‍ തിരിച്ചെത്തി. പക്ഷെ, മുഷറഫ് ഭരണകൂടം അദ്ദേഹത്തെ നാട്ടില്‍ നില്‍ക്കാന്‍ അനുവദിച്ചില്ല. നിരവധി അഴിമതി കേസുകള്‍ ചൂണ്ടിക്കാണിച്ച് സഊദിയിലേക്കു തന്നെ തിരിച്ചയച്ചു. 2007ല്‍ മുഷറഫ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇത് ഷരീഫും ബേനസീറും വീണ്ടും ഒന്നിക്കാനിടയാക്കി.
അതിനിടെ, സഊദിയുടെ സമ്മര്‍ദത്തില്‍ നവാസ് ഷരീഫ് നാട്ടില്‍ തിരിച്ചെത്തി. 2008 ജനുവരിയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം നാമനിര്‍ദേശപ്പത്രിക സമര്‍പ്പിച്ചെങ്കിലും ക്രിമിനല്‍ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കി. വിലക്ക് പിന്നീട് സുപ്രിംകോടതി റദ്ദാക്കി.
മൂന്നാമൂഴം, പതനം
2008-2013 കാലയളവില്‍ പ്രതിപക്ഷത്ത് തുടര്‍ന്ന ഷരീഫ് 2013ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരരംഗത്തെത്തി. മുന്‍ ക്രിക്കറ്റ് താരവും പാകിസ്താന്‍ തഹ്്‌രീകെ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാന്‍ ഷരീഫിനെതിരേ അഴിമതി ആരോപണങ്ങളും വ്യക്തി അധിക്ഷേപങ്ങളുമായി തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിച്ചു.
എന്നാല്‍, സ്ഥാനാര്‍ഥികള്‍ വ്യക്തി അധിക്ഷേപങ്ങളില്‍നിന്നു മാറിനില്‍ക്കണമെന്ന് ഇമ്രാന്‍ ഖാന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് നല്‍കി. തെരഞ്ഞെടുപ്പില്‍ 124 സീറ്റുമായി നവാസ് ഷരീഫിനു മൂന്നാമൂഴത്തിന് അവസരമൊരുങ്ങി. തുടര്‍ന്ന് 18 സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഭരണകാലത്തും ഇമ്രാന്‍ ഖാന്‍ വീണ്ടും പ്രശ്‌നങ്ങളുമായി രംഗത്തെത്തി. 2013 തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ആസാദി മാര്‍ച്ച് എന്ന പേരില്‍ അഭൂതപൂര്‍വമായ വന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ അരങ്ങേറി.
രാജ്യത്ത് ഏറെകാലം നിലനിന്ന രാഷ്ട്രീയ അനിശ്ചിതാവസ്ഥ പിന്നീട് ചര്‍ച്ചകളിലൂടെ പരിഹരിച്ചു. എന്നാല്‍, 2016ല്‍ പുറത്തുവന്ന പാനമരേഖ വീണ്ടും തിരിച്ചടിയായി. ഇമ്രാന്‍ ഖാന്റെ തന്നെ നേതൃത്വത്തില്‍ നടന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ വീണ്ടും കാലാവധി പൂര്‍ത്തിയാക്കാനാകാതെ അദ്ദേഹത്തിനു താഴെയിറങ്ങേണ്ടി വന്നു.
നവാസ് ഷരീഫ്
1949 ഡിസംബര്‍ 25ന്
പാകിസ്താനിലെ ലാഹോറില്‍ ജനനം
ലാഹോറിലെ പഞ്ചാബ് സര്‍വകലാശാലയുടെ ലോകോളജില്‍നിന്ന് നിയമത്തിലും ഗവണ്‍മെന്റ് കോളജ് സര്‍വകലാശാലയില്‍നിന്ന് ബിസിനസിലും ബിരുദം
1976ല്‍
പാകിസ്താന്‍ മുസ്്‌ലിം ലീഗില്‍ അംഗമായി
1990ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു
അഴിമതി ആരോപണങ്ങളെ തുര്‍ന്ന് 1933ല്‍ അധികാരത്തില്‍നിന്നു പുറത്ത്
1997ല്‍
വീണ്ടും പ്രധാനമന്ത്രി.
1999ല്‍ പര്‍വേസ് മുഷറഫിന്റെ നേതൃത്വത്തില്‍ നടന്ന പട്ടാള അട്ടിമറിയിലൂടെ വീണ്ടും അധികാരഭ്രഷ്ടന്‍
2000ത്തില്‍
അഴിമതിക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ. സഊദിയിലേക്ക് നാടുവിട്ടു.
2007ല്‍
വിദേശവാസം അവസാനിപ്പിച്ച് പാകിസ്താനില്‍ തിരിച്ചെത്തി
2013 മെയില്‍ വന്‍ ഭൂരിപക്ഷത്തിന് വീണ്ടും പ്രധാനമന്ത്രി പദത്തില്‍
2016 ഏപ്രിലില്‍
നവാസ് ഷരീഫും കുടുംബവും ഉള്‍പ്പെട്ട അഴിമതികള്‍ അടങ്ങിയ പാനമരേഖ പുറത്ത്
2017 ഏപ്രിലില്‍
പാനമ കേസില്‍ സംയുക്ത അന്വേഷണ സമിതി(ജെ.ഐ.ടി) അന്വേഷണം ആരംഭിച്ചു
-ജെ.ഐ.ടി കുറ്റക്കാരനെന്നു കണ്ടെത്തി.
2017 ജൂലൈ 28
ജെ.ഐ.ടി കണ്ടെത്തല്‍ ശരിവച്ച് പാക് സുപ്രിംകോടതി അയോഗ്യനാക്കി. പ്രധാനമന്ത്രി പദവി രാജിവച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."