പിറവത്ത് അനക്കമില്ല; ശബരിമലയില്‍ പൊലിസ് തേര്‍വാഴ്ച
കൊച്ചി: പിറവം പള്ളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. പിറവം പള്ളി കേസില്‍ ഉത്തരവ് നടപ്പാക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്.
ശബരിമലയില്‍ ആയിരക്കണക്കിനു പൊലിസുകാരെ വിന്യസിക്കുന്ന സര്‍ക്കാര്‍ പിറവത്ത് 200 പേര്‍ക്കു പള്ളിയില്‍ കയറി പ്രാര്‍ഥിക്കുന്നതിനു സംരക്ഷണം നല്‍കാത്തത് എന്തുകൊണ്ടാണെന്നു കോടതി ആരാഞ്ഞു. വിധി നടപ്പാക്കാതെ സര്‍ക്കാര്‍ വിചിത്ര ന്യായങ്ങളാണ് ബോധിപ്പിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ന്യായങ്ങള്‍ സാധാരണക്കാര്‍ക്ക് ദഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ വിധി നടപ്പാക്കാന്‍ ശ്രമിക്കാതെ എന്തിന് അനുരഞ്ജന ശ്രമം നടത്തുന്നു. നിങ്ങളുടെ അജണ്ട നടപ്പാക്കാന്‍ കോടതിയെ കൂട്ടുപിടിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി അഡ്വക്കറ്റ് ജനറലിനോട് പറഞ്ഞു.
യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പിറവം പള്ളിയില്‍ 1934 ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിര്‍വഹണം വേണമെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. തങ്ങള്‍ക്ക് അനുകൂലമായ വിധി നടപ്പാക്കാത്തതിനെതിരേ ഓര്‍ത്തഡോക്‌സ് സഭ പിന്നീട് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതിയലക്ഷ്യ ഹരജിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
കേസില്‍ സുപ്രിം കോടതിയില്‍നിന്ന് അനുകൂല വിധി ഉണ്ടായെങ്കിലും നടപ്പാക്കി കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്.
പള്ളിയിലേത് സവിശേഷ സാഹചര്യമായിരുന്നുവെന്ന് അഡ്വക്കറ്റ് ജനറല്‍ വിശദീകരിച്ചപ്പോള്‍ ഹരജിക്കാര്‍ എണ്ണത്തില്‍ കുറവും എതിര്‍വിഭാഗം ഭൂരിപക്ഷവുമായതാണോ സവിശേഷ സാഹചര്യമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. അനുരഞ്ജന ചര്‍ച്ച നടത്തുകയല്ല, കോടതിവിധി നടപ്പാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മറ്റുചില കേസുകളില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കാതെ മാര്‍ഗമില്ലെന്നു പറയുന്ന സര്‍ക്കാര്‍ പിറവം കേസില്‍ എന്തുകൊണ്ട് ഈ നിലപാട് സ്വീകരിക്കുന്നുവെന്നും ഹൈക്കോടതി ആരാഞ്ഞു. രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."