മത്സ്യന്യായമോ സോളമന്റെ വിധിയോ ?
മത്സ്യന്യായം എന്താണ് എന്നതിനെക്കുറിച്ച് പ്രശസ്ത മിത്തോളജിസ്റ്റ് ദേവദത്ത് പട്‌നായിക് വിശദീകരിക്കുന്നുണ്ട്. മത്സ്യപുരാണത്തിലാണ് മത്സ്യന്യായത്തെ പറ്റി ആദ്യമായി പരാമര്‍ശിക്കുന്നത്. ഒരു ചെറുമത്സ്യം ആദിപിതാവായ മനുവിന്റെ മുന്നിലെത്തി തനിക്കു സമുദ്രത്തില്‍ ജീവിക്കാന്‍ കഴിയുന്നില്ലെന്നും അവിടെ വലിയ മത്സ്യങ്ങള്‍ നിഷ്‌കരുണം ചെറിയ മീനുകളെ വേട്ടയാടുന്നുവെന്നും പരാതിപ്പെട്ടു. കരുണ തോന്നിയ മനു, ആ മത്സ്യത്തെ കോരിയെടുത്ത് ചെറുപാത്രത്തില്‍ ഭദ്രമായി നിക്ഷേപിച്ചു. മത്സ്യം ക്രമാനുഗതമായി വളര്‍ന്നുകൊണ്ടിരുന്നു. ആദ്യം വലിയ പാത്രത്തിലേക്കും പിന്നെ കുളത്തിലേക്കും നദിയിലേക്കും അവസാനം സമുദ്രത്തിലേക്കും മത്സ്യത്തെ മാറ്റി. സമുദ്രവും തികയാതെ വന്നപ്പോള്‍ മനു മഴയ്ക്കു വേണ്ടി പ്രാര്‍ഥിച്ചു. മഴ വര്‍ഷിച്ച് ലോകം മുഴുവന്‍ പ്രളയത്തിലമര്‍ന്നു. മത്സ്യം, വിഷ്ണുവിന്റെ അവതാരമായിരുന്നു. മനുവിനെ മഹാവിഷ്ണു സംരക്ഷിച്ചു.
മത്സ്യന്യായപ്രകാരം ശക്തിയുള്ളവന്‍ അതിജീവിക്കുന്നു. ഹെര്‍ബെര്‍ട് സ്‌പെന്‍സര്‍ (1820-1903) മുന്നോട്ടുവച്ച കഴിവുള്ളന്റെ അതിജീവനം എന്ന സോഷ്യല്‍ ഡാര്‍വിനിസത്തിന്റെ പ്രാഗ്‌രൂപമാണ് മത്സ്യന്യായം. ഇതു തോമസ് ഹോബ്‌സ് (1588-1679) അവതരിപ്പിച്ച പ്രാകൃത സ്ഥിതി (സ്റ്റേറ്റ് ഓഫ് നേച്ചര്‍) എന്ന സങ്കല്‍പത്തോട് അടുത്തുനില്‍ക്കുന്നുണ്ട്. ഈ അവസ്ഥയില്‍ എല്ലാവരും നിതാന്തമായ അതിജീവന യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ശക്തിയുള്ളവന്‍ അതിജീവിക്കുകയും അതില്ലാത്തവന്‍ നശിക്കുകയും ചെയ്യുന്നു. ശക്തി മാത്രമാണ് മാനദണ്ഡം. ധര്‍മാധര്‍മങ്ങള്‍ അവിടെ അപ്രസക്തമാണ്. ദേവദത്ത് പട്‌നായിക് പറയുന്നത് മനു, ദയ തോന്നി മത്സ്യത്തെ സംരക്ഷിച്ചപ്പോള്‍ മനു മനുഷ്യനായി രൂപാന്തരപ്പെട്ടുവെന്നാണ്. ദയയും മത്സ്യന്യായത്തെ നിരാകരിക്കുന്ന ധര്‍മചിന്തയുമാണ് മനുഷ്യനെ പ്രകൃതിയുടെ മത്സ്യന്യായ വ്യവസ്ഥയില്‍നിന്ന് വേര്‍തിരിക്കുന്നത്. അവസാനം മനുവിനെ മഹാവിഷ്ണു സംരക്ഷിക്കുമ്പോള്‍, ഈ കരുണ, ദൈവികംകൂടിയാണ് എന്നും വരുന്നു. ഭരണകൂടം പെരുമാറേണ്ടത് മനുവിനെ പോലെയാണ്. ധര്‍മം ഉയര്‍ത്തിപ്പിടിച്ച് അശക്തനെ സംരക്ഷിക്കുക എന്നതാണു ഭരണകൂട ധര്‍മം. ന്യായം അശക്തനൊപ്പമാണെങ്കില്‍ ഭരണകൂടം അതിന്റെ ശക്തി പ്രയോഗിച്ച് അവരെ സംരക്ഷിക്കണം. അതാണ് നീതിശാസ്ത്രത്തിന്റെ ആധാരം. മനു, ഹൈന്ദവപാരമ്പര്യം അനുസരിച്ചുള്ള ആദ്യ നിയമദാതാവാണ് എന്നതും ഓര്‍ക്കുക.
ഗ്രീക്ക് ചരിത്രകാരനായ തുസിഡിഡീസ് (460-400 ബി.സി.ഇ), മേലോസ് ദ്വീപ് കീഴടക്കിയ ഏതന്‍സിലെ വിജയികളായ സൈന്യാധിപന്മാര്‍, പരാജയപ്പെട്ട മേലോസിലെ ഭരണാധിപന്മാരോട് ഇങ്ങനെ പറയുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്: 'ന്യായം എന്നതു തുല്യശക്തിയുള്ള രണ്ടു കക്ഷികള്‍ക്കിടയില്‍ മാത്രമേ പ്രസക്തമാകുന്നുള്ളൂ. ശക്തിയുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ളതു പോലെ പ്രവര്‍ത്തിക്കുമ്പോള്‍, അശക്തര്‍ അവര്‍ അനുഭവിക്കേണ്ട ദുരിതം അനുഭവിച്ചേ പറ്റൂ'. ഈ മൃഗീയാവസ്ഥ സംഭവിക്കാതെ നോക്കുക എന്നതാണു നീതിപീഠത്തിന്റെ ദൗത്യം. ശക്തര്‍ക്കും അശക്തര്‍ക്കും ഇടയിലും ന്യായം നിലനിര്‍ത്തുകയും നീതിപൂര്‍വം വിധിക്കുകയും ചെയ്യുക എന്നതാണു നീതിന്യായ വ്യവസ്ഥയുടെ കര്‍ത്തവ്യം.
എന്നാല്‍ ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി നീതിപീഠത്തിന്റെ ഈ ഉത്തരവാദിത്വം നിര്‍വഹിച്ചോ എന്ന സമസ്യ ചരിത്രത്തില്‍ അവശേഷിക്കും. ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തെ നിയമവാഴ്ച എന്ന പരമോന്നതവും പരിപാവനവുമായ തത്വത്തിനു മേല്‍ പ്രതിഷ്ഠിച്ചുവെന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത. രാംലല്ലയ്ക്ക് അനുകൂലമായി കോടതി വിധിച്ചത്, ആര്‍ക്കിയോളോജിക്കല്‍ സര്‍വേയുടെ ഒട്ടും ആധികാരികതയില്ലാത്ത ഒരു പര്യവേക്ഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഒരു വിഭാഗത്തിന്റെ നിയമ പിന്‍ബലമില്ലാത്ത ഒരു വിശ്വാസത്തെ മാനിച്ച് ബാബരി മസ്ജിദ് നിലനിന്ന ഭൂമി അവര്‍ക്ക് കൈമാറിയപ്പോള്‍, നിയമപരമായി ആ ഭൂമിയില്‍ ഉടമസ്ഥാവകാശമുള്ള വിഭാഗത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു. നിയമത്തിനും മതവിശ്വാസത്തിനും ഇടയില്‍ തീര്‍പ്പുകല്‍പ്പിക്കേണ്ട സന്ദര്‍ഭത്തില്‍ കോടതി മതവിശ്വാസത്തിനു പ്രാമുഖ്യം നല്‍കുകയും നിയമവാഴ്ചയെ അവഗണിക്കുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും അടിസ്ഥാന സ്വഭാവങ്ങളില്‍ ഒന്നാണു നിയമവാഴ്ച.
ഈ വിധിന്യായം പല കാരണങ്ങളാലും ഭരണഘടനയുടെ സത്തക്കു വിരുദ്ധമാണ്. ഭരണഘടനയുടെ പീഠികയില്‍ ഇന്ത്യ ഒരു മതേതര റിപ്പബ്ലിക്കാണ് എന്നു പ്രഖ്യാപിക്കുന്നുണ്ട്. മതേതരത്വം എന്നത് അനുച്ഛേദം 14 അനുസരിച്ചുള്ള സമത്വാവകാശത്തിന്റെ മറ്റൊരു രൂപമാണ് എന്നും അതുപ്രകാരം സ്റ്റേറ്റ് വ്യത്യസ്ത മതസമൂഹങ്ങള്‍ക്കിടയില്‍ തുല്യത പാലിക്കാന്‍ ബാധ്യസ്ഥമാണെന്നും സുപ്രിംകോടതി തന്നെ ഇസ്മായില്‍ ഫാറൂഖി- യൂനിയന്‍ ഓഫ് ഇന്ത്യ കേസില്‍ 1994ല്‍ പ്രഖ്യാപിച്ചിരുന്നു. അനുച്ഛേദം 25 അനുസരിച്ചുള്ള മതവിശ്വാസത്തിനുള്ള അവകാശം പോലും പൊതുസമാധാനക്രമം, ധാര്‍മികത, പൊതുജനാരോഗ്യം എന്നിവയ്ക്ക് അനുസൃതമായി മാത്രമേ അനുവദിക്കുന്നുള്ളൂ. എന്നാല്‍ ബാബരി മസ്ജിദ് കേസില്‍ ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തെ നിയമവ്യവസ്ഥക്കു പോലും മുകളില്‍ പ്രതിഷ്ഠിക്കുകയും മറു വിഭാഗത്തിന്റെ നിയമപരമായ അവകാശത്തെ അവഗണിക്കുകയും ചെയ്തിരിക്കുന്നു.
ഭരണഘടനയാണ് കോടതിയുടെ വിശുദ്ധഗ്രന്ഥം എന്നു ശബരിമല കേസിലെ റിവ്യൂ പരിഗണിക്കവെ ജസ്റ്റിസുമാരായ റോഹിന്‍ടണ്‍ നരിമാനും ഡി.വൈ ചന്ദ്രചൂഡും പ്രസ്താവിക്കുകയുണ്ടായി. നവ്‌തേജ് സിങ് ജോഹറിന്റെ കേസില്‍ സ്വവര്‍ഗ ലൈംഗികതയ്ക്കു നിയമപരിരക്ഷ നല്‍കിയപ്പോഴും ജോസഫ് ഷൈന്റെ കേസില്‍ പരപുരുഷഗമനത്തിനു (അഡല്‍റ്ററി)ള്ള ശിക്ഷ റദ്ദാക്കിയപ്പോഴും ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചപ്പോഴും മതധാര്‍മികതയല്ല; മറിച്ച് ഭരണഘടനാ ധാര്‍മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് സുപ്രിംകോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ഭരണഘടനാ ധാര്‍മികതയെ കോടതി അവഗണിക്കുന്നതാണു ബാബരി മസ്ജിദ് കേസില്‍ കാണുന്നത്. പിന്നീട് ശബരിമല റിവ്യൂ പരിഗണിച്ചപ്പോള്‍ അസാധാരണമാംവിധം വീണ്ടും രാജ്യത്തു നിലനില്‍ക്കുന്ന മജോറിറ്ററിയന്‍ മുഷ്‌കിനു മുന്നില്‍ കോടതിക്കു കീഴടങ്ങേണ്ടിവന്നു. കോടതിയുടെ കൈവശം പണപ്പെട്ടിയോ ആയുധശക്തിയോ ഇല്ല. പണപ്പെട്ടിയും ആയുധശക്തിയും പാര്‍ലമെന്റിന്റെയും നിര്‍വഹണ വിഭാത്തിന്റെയും കൈവശമാണുള്ളത്. അതുകൊണ്ടുതന്നെ ആ രണ്ടു ഭരണകൂടശാഖകളും മജോറിറ്ററിയന്‍ ശക്തികള്‍ കൈയടക്കിവച്ചതിനാല്‍, മറ്റു പല ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സംഭവിച്ചതു പോലെ നീതിന്യായ വിഭാഗം നിസ്സഹായരായി മാറിക്കൊണ്ടിരിക്കുന്നു എന്ന ഭയാനകമായ വസ്തുതയ്ക്കു കൂടി ഈ വിധി അടിവരയിടുന്നു.
ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയതായി കോടതി പറയുന്നില്ല. മസ്ജിദ് നിര്‍മിക്കുന്നതിനു മുന്‍പ് ഏതോ ഒരു കെട്ടിടം ഉണ്ടായിരുന്നുവെന്നു മാത്രമേ ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടുള്ളൂ. പക്ഷേ നിര്‍മോഹി അഖാഡയെ കേസില്‍നിന്ന് ഒഴിവാക്കിയ കോടതി ഒരു തെളിവും ഇല്ലെങ്കിലും രാംലല്ലയെ കക്ഷി ചേര്‍ക്കുകയും ചെയ്തു!. 1950കളിലാണ് ഈ വ്യവഹാരം ആരംഭിച്ചത്. അന്നു രാംലല്ല (രാമ വിഗ്രഹം) ഈ കേസില്‍ പാര്‍ട്ടിയല്ലായിരുന്നു. 1989ലാണ് രാംലല്ല കക്ഷിചേരുന്നത്. വിഗ്രഹത്തിനു ജൂറിസ്റ്റിക് പേഴ്‌സനാലിറ്റി (മനുഷ്യനല്ലാത്ത വസ്തുക്കള്‍ക്ക് കേസ് കൊടുക്കാനും സ്വത്ത് കൈവശം വയ്ക്കാനുമുള്ള അധികാരം) ഉണ്ട് എന്നു കോടതി വിധിച്ചു. വിഗ്രഹത്തിന് ജൂറിറിസ്റ്റിക് പേഴ്‌സനാലിറ്റി ഉണ്ടെന്നത് കാലങ്ങളായി ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ട നിയമമാണ്. എന്നാല്‍ കാലഹരണ നിയമ (ലിമിറ്റേഷന്‍ ആക്ട്) പ്രകാരം ഒരു നിശ്ചിത കാലം (12 വര്‍ഷം) കഴിഞ്ഞാല്‍ സ്വത്ത് തര്‍ക്കത്തില്‍ കക്ഷിയല്ലാത്ത ഒരാള്‍ക്ക് കക്ഷി ചേരാനാവില്ല. എങ്കില്‍ 1950ല്‍ തുടങ്ങിയ കേസില്‍ എങ്ങനെയാണ് രാംലല്ല 1989ല്‍ കക്ഷിചേരുന്നത് .
1949ല്‍ മസ്ജിദിനുള്ളില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് കടന്നുകയറ്റം (ട്രസ്പാസ്) ആണെന്ന് കോടതി പ്രസ്താവിക്കുന്നുണ്ട്. 1992ല്‍ മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ വസ്തുതകളൊന്നും കോടതിയുടെ തീര്‍പ്പില്‍ എത്തുമ്പോള്‍ പരിഗണിക്കുന്നില്ല. ഭൂമിയില്‍ ഒരു ഇഞ്ചുപോലും മുസ്‌ലിം കക്ഷികള്‍ക്ക് നല്‍കിയില്ല. 2.77 ഏക്കര്‍ ഭൂമിക്കു പകരം മറ്റൊരു അഞ്ച് ഏക്കറാണ് കോടതി കല്‍പ്പിച്ചുനല്‍കിയത്. ആപ്പിള്‍ ചോദിക്കുന്ന കുട്ടിക്ക് ഓറഞ്ച് നല്‍കി സമാധാനിപ്പിക്കുന്ന രീതി !.
ഡ്രെഡ് സ്‌കോട്ട് - സാന്‍ഡ്‌ഫോര്‍ഡ് കേസില്‍ 1857 ല്‍ അമേരിക്കന്‍ സുപ്രിംകോടതി, അമേരിക്കന്‍ ഭരണഘടന അനുസരിച്ചുള്ള അവകാശങ്ങള്‍ കറുത്തവര്‍ഗക്കാര്‍ക്ക്, അവര്‍ സ്വതന്ത്രരായാലും അടിമകളായാലും പ്രാപ്യമല്ല എന്നു വിധിക്കുകയുണ്ടായി. അന്ന് അധീശത്വം ഉണ്ടായിരുന്ന വെള്ളക്കാരന് അനുകൂലമായി അശക്തനും നിരാലംബനുമായ കറുത്തവനെ തള്ളിക്കൊണ്ടുള്ള വിധിയായിരുന്നു അത്. നീതിയോ ന്യായമോ അല്ല, മറിച്ച് ആര്‍ക്കാണ് സാമൂഹ്യരാഷ്ട്രീയ അധീശത്വമുള്ളത് എന്നു മാത്രമാണ് കോടതി പരിഗണിച്ചത്. ബാബരി മസ്ജിദ് കേസിലെ വിധി, ഡ്രെഡ് സ്‌കോട്ട് കേസിലെ വിധിയെ അനുസ്മരിപ്പിക്കുന്നുവെന്നു പറയുന്നത് അങ്ങേയറ്റം ഹൃദയഭേദകമാണ്. മത്സ്യപുരാണത്തില്‍ ചെറുമീനിനിനെ കൈക്കുമ്പിളില്‍ കോരിയെടുത്ത് അഭയം നല്‍കിയ മനുവിനെ പോലെ, പ്രളയത്തില്‍പെട്ട മനുവിന് അഭയം നല്‍കിയ മഹാവിഷ്ണുവിനെ പോലെ, അശക്തനായവന് അഭയം നല്‍കുകയും മത്സ്യന്യായത്തിനപ്പുറം നൈതികതയ്ക്കു വേണ്ടി നിലകൊള്ളുകയുമാണ് കോടതി ചെയ്യേണ്ടിയിരുന്നത്.
ബൈബിളില്‍ ജ്ഞാനിയായ സോളമന്‍ രാജാവ്, ഒരു കുഞ്ഞില്‍ അവകാശം ഉന്നയിച്ച രണ്ടു സ്ത്രീകള്‍ക്കിടയില്‍ കുഞ്ഞിനെ രണ്ടായി മുറിച്ച് രണ്ടു സ്ത്രീകള്‍ക്കും നല്‍കാന്‍ വിധിച്ച കഥ പ്രശസ്തമാണല്ലോ. ജ്ഞാനിയായ സോളമന്റെ വിധി തര്‍ക്കം രമ്യമായി പരിഹരിച്ചു. അതുപോലെ, ഒറ്റനോട്ടത്തില്‍ വിചിത്രമെന്നു തോന്നുമെങ്കിലും യഥാര്‍ഥത്തില്‍ ജ്ഞാനപൂര്‍ണമായ ഒരു വിധിയാണോ ഇത്. ചരിത്രമാണ് ഏറ്റവും ഉന്നതമായ കോടതി എന്നാണല്ലോ തത്വചിന്തകനായ ഹെഗല്‍ പ്രസ്താവിച്ചത്. മേല്‍ സൂചിപ്പിച്ച ചോദ്യത്തിനും ചരിത്രം ഉത്തരം നല്‍കിയേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."