മദ്രാസ് ഐ.ഐ.ടി സവര്‍ണ കോട്ടയെന്ന് മുന്‍ പ്രൊഫസര്‍
സ്വന്തം ലേഖകന്‍
ചെന്നൈ: മദ്രാസ് ഐ.ഐ.ടിയില്‍ ദലിത്, മുസ്‌ലിം വിദ്യാര്‍ഥികള്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന് വെളിപ്പെടുത്തി മുന്‍ പ്രൊഫസര്‍ വസന്ത കന്തസാമി രംഗത്ത്.
മദ്രാസ് ഐ.ഐ.ടി സവര്‍ണ ജാതിക്കോട്ടയാണെന്നും ഭരണഘടനയ്ക്കും നിയമത്തിനും അതീതമായി അവിടെ സവര്‍ണ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഐ.ഐ.ടിയിലെ മുന്‍ ഗണിത ശാസ്ത്ര അധ്യാപികയായ അവര്‍ പറഞ്ഞു.
ദലിത്, മുസ്‌ലിം വിദ്യാര്‍ഥികളുടെ ഇന്റേണല്‍ മാര്‍ക്കുകള്‍ മനഃപൂര്‍വം കുറയ്ക്കുകയാണെന്നും കാംപസില്‍ എവിടെ നോക്കിയാലും സവര്‍ണാധിപത്യം മാത്രമാണ് കാണാന്‍ കഴിയുകയെന്നും അവര്‍ ആരോപിച്ചു. പ്രമുഖ തമിഴ് ടെലിവിഷന്‍ ചാനലായ നക്കീരന് നല്‍കിയ അഭിമുഖത്തിലാണ് ഐ.ഐ.ടിയിലെ ജാതിമത വിവേചനങ്ങളെക്കുറിച്ച് അവര്‍ വെളിപ്പെടുത്തിയത്.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് യാതാരു പരിഗണനയും അവിടെ ലഭിക്കില്ല. ഭരണഘടനയ്ക്കും നിയമത്തിനും അതീതരായാണ് ഐ.ഐ.ടിയിലെ സവര്‍ണലോബി പ്രവര്‍ത്തിക്കുന്നത്. സംവരണം പോലും അട്ടിമറിക്കപ്പെടുന്നു. ദലിത് വിദ്യാര്‍ഥികള്‍ക്ക് സ്ഥാപനത്തിനുള്ളില്‍ ഒരു മുറി ലഭിക്കാന്‍ പോലും പ്രായസമാണ്. യോഗ്യതയുണ്ടായിട്ടും ദലിത് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി കൊടുക്കാന്‍ മടിയാണ്- അവര്‍ പറഞ്ഞു.
28 വര്‍ഷത്തെ തന്റെ സര്‍വിസിനിടെ ഐ.ഐ.ടിയില്‍ എം.എസ്.സിക്ക് വന്നത് 10ല്‍ താഴെ മുസ്‌ലിം വിദ്യാര്‍ഥികള്‍ മാത്രമാണ്. മുസ്‌ലിംകളെ സംബന്ധിച്ച് ഐ.ഐ.ടിയിലെ പഠനം അതിജീവിക്കുക കഠിനമാണ്. ദലിത്-ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ കഷ്ടപ്പെട്ട് തയാറാക്കുന്ന ഗവേഷണപ്രബന്ധം സവര്‍ണ വിദ്യാര്‍ഥികള്‍ക്ക് കൈമാറുന്ന രീതിപോലും അവിടെ സാധാരണയാണ്.
മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് സമൂഹത്തിന് ഉപകാരമുള്ള ഏതെങ്കിലും കണ്ടുപിടുത്തം ഉണ്ടായിട്ടുണ്ടോ? എന്തുകൊണ്ടാണ് ഗവേഷക വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങള്‍ അവര്‍ പരസ്യപ്പെടുത്താത്തത്.
പ്രബന്ധങ്ങള്‍ എന്തിനാണ് അടച്ചുവച്ചിരിക്കുന്നത്. വലിയ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികളുടെ പ്രബന്ധങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകുമ്പോഴാണ് പഠിക്കുന്ന വിദ്യാര്‍ഥിക്കുപോലും ഐ.ഐ.ടിയിലെ പ്രബന്ധങ്ങള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളത്.
ഫാത്തിമ ലത്തീഫിനെ അവര്‍ ഒറ്റപ്പെടുത്തി അപമാനിച്ചിരിക്കാം. മാനസികമായി തകര്‍ത്തിരിക്കാം. അല്ലാതെ എങ്ങനെയാണ് ഇത്രയും കഴിവുള്ള വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുക? ഫാത്തിമ പറഞ്ഞ അധ്യാപകരെക്കുറിച്ചാണ് ആദ്യം അന്വേഷണം നടത്തേണ്ടത്. ഇന്റേണല്‍ മാര്‍ക്കില്‍ പുനര്‍മൂല്യനിര്‍ണയം നടത്താനുള്ള സാധ്യതകളില്ല.
അധ്യാപകര്‍ തങ്ങളുടെ താല്‍പര്യവും ഇഷ്ടക്കേടും ഇന്റേണല്‍ മാര്‍ക്കില്‍ പ്രകടമാക്കുന്ന സാഹചര്യം ചെന്നൈ ഐ.ഐ.ടിയിലുണ്ട്. ഫാത്തിമ ലത്തീഫിന്റെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."