ബാബരി: പെഴ്‌സനല്‍ ലോ ബോര്‍ഡിന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്ന് മുസ്‌ലിംലീഗ്
ന്യൂഡല്‍ഹി: ബാബരി വിധി, കശ്മിര്‍ നിയന്ത്രണങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുസ്‌ലിംലീഗിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് മുസ്‌ലിംസംഘടനാ നേതാക്കളുടെ യോഗം ചേരും. ഇന്ത്യ ഇസ്‌ലാമിക് സെന്ററില്‍ വൈകിട്ട് 7.30നാണ് യോഗം പിന്നാലെ മുസ്‌ലിം ലീഗ് നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുമായും ചര്‍ച്ച നടത്തും.
ബാബരി വിധിയ്‌ക്കെതിരേ പുനര്‍പരിശോധനാ ഹരജി നല്‍കാനുള്ള ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോഡിന്റെ തീരുമാനത്തിനൊപ്പം പാര്‍ട്ടി നിലകൊള്ളുമെന്ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
പുനപരിശോധനാ ഹരജി നല്‍കുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. കശ്മിരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിംലീഗിന്റെ പ്രതിനിധി സംഘം കശ്മിര്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ആലോചിക്കും.
രാജ്യത്ത് നിന്നുള്ള എം.പിമാര്‍ക്ക് കശ്മിര്‍ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിക്കുമ്പോള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്നുള്ള വലതുപക്ഷ എം.പിമാര്‍ക്ക് അവിടെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന സാഹചര്യമാണുള്ളത്. യൂറോപ്യന്‍ പാര്‍ലമെന്റ് എം.പിമാരുടെ സന്ദര്‍ശനം എങ്ങനെ സംഘടിപ്പിച്ചുവെന്നതും ദുരൂഹമാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടത് അവരുടെ ഇത്തരത്തിലുള്ള മനുഷ്യവിരുദ്ധ നിലപാട് മൂലമാണ്.
അസമില്‍ പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് നിയമസഹായം നല്‍കാന്‍ മുസ്‌ലിംലീഗിന്റെ ലോയേഴ്‌സ് ഫോറം 500 അഭിഭാഷകരെ ഉള്‍പ്പെടുത്തി ക്യാംപുകള്‍ സംഘടിപ്പിച്ചു വരികയാണ്.
സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് സൗജന്യമായും സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് കുറഞ്ഞ ഫീസ് ഈടാക്കിയും അവര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാനുള്ള സഹായം നല്‍കുകയാണ് ചെയ്യുന്നത്. അതോടൊപ്പം പൗരത്വം തെളിയിക്കാന്‍ 1971ന് മുമ്പ് ഇവിടെയുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ പൗരത്വപ്പട്ടിക നിഷ്‌ക്കര്‍ഷിക്കുന്ന രേഖകളില്ലാത്തവരെ തുടര്‍ രേഖകള്‍ അംഗീകരിച്ച് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് സുപ്രിംകോടതിയെ സമീപിക്കുമെന്നും മുസ്‌ലിംലീഗ് നേതാക്കള്‍ വ്യക്തമാക്കി.
മുസ്‌ലിംലീഗ് പ്രസിഡന്റ് കെ.എം ഖാദര്‍ മൊയ്തീന്‍, നേതാക്കളായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി, നവാസ് ഗനി എം.പി, ഖുറം അനീസ് ഉമര്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."