യു.പി.എ കാലത്തെ ജി.ഡി.പി കുറച്ചുകാണിച്ച് തരികിട: എന്തു മാറ്റിമറിച്ചാലും മോദിക്ക് പുറത്തുപോകാനുള്ള തിയ്യതി മാറില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജി.ഡി.പി) വെട്ടിക്കുറച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ട കേന്ദ്രസര്‍ക്കാര്‍ നടപടി വിവാദമാവുന്നു. 2010-11 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാനിരക്ക് നേരത്തെ 10.3 ശതമാനമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇത് 8.5 ശതമാനമാക്കിയാണ് വെട്ടിക്കുറച്ചത്.
2004-05 സാമ്പത്തിക വര്‍ഷത്തിനു പകരം 2011-12 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി കണക്കാക്കി മുന്‍ വര്‍ഷങ്ങളിലെ വിവരങ്ങള്‍ പുന:പരിശോധിക്കുന്നതിനിടെയാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (സി.എസ്.ഒ) വളര്‍ച്ചാനിരക്കില്‍ കുറവുവരുത്തിയത്. ഖനനം, ക്വാറി, ടെലികോം തുടങ്ങിയ മേഖലകളിലെ കണക്കുകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് വ്യത്യാസം കണ്ടെത്തിയതെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സി.എസ്.ഒ മേധാവി പ്രവീണ്‍ ശ്രീവാസ്തവ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
2005-06, 2006-07 സാമ്പത്തിക വര്‍ഷങ്ങളിലെ വളര്‍ച്ചനിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. രണ്ടുവര്‍ഷങ്ങളിലും 9.3 ശതമാനമായിരുന്നു വളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയിരുന്നത്. ഇത് 7.9 ശതമാനം (2005-06), 8.1 ശതമാനം (2006-07)എന്നിങ്ങനെയാണ് കുറച്ചത്. 2007-08 സാമ്പത്തികവര്‍ഷത്തില്‍ 9.8 ശതമാനമായിരുന്നത് 7.7 ശതമാനമായും കുറച്ചു.
ഇതിനെതിരെ ശക്തമായി രംഗത്തുവന്നിരിക്കുകയാണ് കോണ്‍ഗ്രസ്. 'ശസ്ത്രക്രിയ വിജയിച്ചു പക്ഷെ, രോഗി മരിച്ചു'- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജുവേല വിശേഷിപ്പിച്ചു. മോദി സര്‍ക്കാരും കേന്ദ്രസര്‍ക്കാരിന്റെ കളിപ്പാവയായ നീതി ആയോഗും 2+2=8 എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം തന്ത്രങ്ങളും ചെപ്പടിവിദ്യകളും കാണിച്ച് പഴയ രേഖകള്‍ വില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പഴയ രേഖകള്‍ എത്ര മാറ്റിമാറിച്ചാലും മോദിക്ക് അധികാരത്തില്‍ നിന്ന് പുറത്തേക്കു പോകാനുള്ള തിയ്യതിയില്‍ മാറ്റംവരില്ല. ജി.ഡി.പിക്ക് 'ഗിമിക്രി ഡാറ്റ പ്രൊഡക്ട്' (പൊടിക്കൈ വിവര ഉല്‍പന്നം) എന്നാണ് മോദിയുടെ പുതിയ വ്യഖ്യാനമെന്നും സുര്‍ജുവേല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."