മാമ്പുഴക്കരി-എടത്വ റോഡില്‍ അറ്റകുറ്റപ്പണി തുടങ്ങി
ആലപ്പുഴ: സമയബന്ധിതമായി പദ്ധതി നിര്‍വ്വഹണം നടത്തുന്നതില്‍ വീഴ്ച സംഭവിക്കരുതെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭരണാനുമതി ലഭിച്ച പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ഊര്‍ജ്ജിത നടപടികള്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ സ്വീകരിക്കണം. അനുവദിക്കപ്പെട്ട പദ്ധതി തുക ലാപ്‌സായി പോകുന്ന അവസ്ഥ ഉണ്ടാകരുതെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. തകര്‍ന്നു കിടന്നിരുന്ന മാമ്പുഴക്കരിഎടത്വ റോഡില്‍ 118 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കിടങ്ങറനീരേറ്റുപുറം റോഡിലെ കുഴികളടയ്ക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ടാറിംഗ് മഴയ്ക്കു ശേഷം ആരംഭിക്കും.
രാമങ്കരി കടത്തു കടവ് മുതല്‍ വടക്കേക്കര വരെ നിര്‍മ്മിക്കേണ്ട പാലത്തിന്റെ ഡിസൈന്‍ തയ്യാറാക്കുന്നതിന് 12 ലക്ഷം രൂപയുടെ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ആലപ്പുഴ നഗരസഭയില്‍ കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളില്‍ വെള്ളമെത്തിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിച്ചതായി വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
കുടിവെള്ള വിതരണത്തിനായി മുന്‍കൂറായി പണമടച്ചിട്ടുള്ള ചേര്‍ത്തല നഗരസഭയില്‍ വാട്ടര്‍ അതോറിറ്റിയുമായി എഗ്രിമെന്റ് വയ്ക്കുന്ന മുറയ്ക്ക് ജലവിതരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ആലപ്പുഴ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ആരോഗ്യ വകുപ്പു ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതായും താല്‍ക്കാലികമായി രണ്ട് ഡോക്ടര്‍മാരെ നിയമിച്ചിട്ടുള്ളതായും ഡി.എം.ഒ.(ആരോഗ്യം) അറിയിച്ചു.
കേന്ദ്രസംസ്ഥാന പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുള്ള തുകയുടെ വിനിയോഗം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. എം.പി, എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ട് വിനിയോഗം, ഇരുപതിന പരിപാടി എന്നിവയുടെ പുരോഗതിയും കളക്ടര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അവലോകനം ചെയ്തു.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ. രാജേന്ദ്രന്‍, മന്ത്രിമാര്‍, എം.പി., എം.എല്‍.എ.മാരുടെ പ്രതിനിധികള്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."