താവഴിക്കാരുടെ ചരിത്ര സ്മരണകള്‍ തേടി ആറാം തലമുറയിലെ ഡച്ച് സംഘമെത്തി
മട്ടാഞ്ചേരി: ഡച്ച് സേനയുടെ പടനായകനായിരുന്ന സിമണ്‍ ഹോക്സ് ട്രായുടെ ആറാം തലമുറയില്‍പ്പെട്ടവര്‍ പിതൃവഴിതേടി കൊച്ചിയിലെത്തി. 1663 ലാണ് പോര്‍ച്ചുഗീസുകാരെ തോല്‍പ്പിച്ച് ഡച്ചുകാര്‍ കൊച്ചിയുടെ ഭരണം പിടിച്ചെടുത്തത്. 1712 ലാണ് ഡച്ചു സേനാനായകന് സിമണ്‍ ഹോക്സ്ട്ര പട്ടാള ചുമതലയേറ്റത്. 1735ല്‍ മരണപെടുകയും ചെയ്തു. സിമണ്ന്റെ ശവ സംസ്ക്കാര ചടങ്ങുകള്‍ ഫോര്‍ട്ടുകൊച്ചിയിലെ ഡച്ച് സിമിത്തേരിയിലാണ് നടന്നത്. സൗത്ത് കടപ്പുറത്ത് പഴയ ലൈറ്റ് ഹൗസിനു സമീപത്തായാണ് ഡച്ച് പടനായകര്ക്കായി പണിത സെമിത്തേരി നിലകൊള്ളുന്നത്.
സിമണ്ന്റെ ആറാം തലമുറയില്‍പ്പെട്ട ബോബ് ഹോക്സ്ട്ര ,ഭാര്യ മാര്ഗാ സ്മിത്ത് ,നിയെന്കെ ഹോക്സ്ട്ര ഭാര്യ ജെല്ലി റെഹ് വേസ് എന്നിവരാണ് താവഴി വേരുകള്‍ തേടി കൊച്ചിയിലെത്തിയത്. ചര്‍ച്ചസ് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴിലുള്ള സിമിത്തേരി പൂട്ടി കിടക്കുകയായിരുന്നതിനാല്‍ അധികൃതരുമായി ബന്ധപ്പെട്ടാണ് തുറന്നു കാണുവാന്‍ അനുമതി ലഭിച്ചത്.
സിമിത്തേരിയില്‍ ഏറെ തിരഞ്ഞപ്പോഴാണ് പിന്തലമുറക്കാര് സിമണ്ന്റെ ശവ കല്ലറ കണ്ടെത്തിയത്. തേഞ്ഞ് മാഞ്ഞിരിക്കുന്ന കൊത്തിവെച്ച പേരുകള്‍ ഏറെ പ്രയാസപ്പെട്ടാണ് ഇവര്‍ കൊച്ചിയുടെ ചരിത്രകാരന് കൂടിയായ എം.എം സലീമിന്റെ സഹായത്തോടെ കണ്ടു പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."