വൈകല്യത്തെ കലകൊണ്ട് നേരിട്ട് നിഷാദ്
പൂച്ചാക്കല്‍: വൈകല്യങ്ങളെ അതിജീവിച്ച് വ്യത്യസ്ത പ്രകടനങ്ങള്‍ നടത്തി നിഷാദ് താരമാകുന്നു. പരിശീലനത്തിന്റെയും അംഗീകാരത്തിന്റെയും പിന്‍ബലമില്ലാതെയാണ് മൂകനും ബധിരനുമായ നിഷാദ് സര്‍ഗാത്മകതയുടെ കരുത്തില്‍ കാന്‍വാസ് ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനാകുന്നത്.
പാണാവള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് നിഷാദ് മന്‍സില്‍ പരേതനായ ശാഹുദ്ദീന്റെ മകന്‍ നിഷാദ് ഇന്ന് തിരക്കുള്ള കലാകാരനാണ്. പത്താം ക്ലാസ് വിജയിച്ച നിഷാദിന് ഉപരിപഠനത്തിനുള്ള പ്രവേശനം ലഭിക്കാതെവന്നപ്പോള്‍ തന്റെ വിഷമങ്ങളും സന്തോഷങ്ങളും നോട്ട് ബുക്കിന്റെ താളുകളില്‍ കാര്‍ട്ടൂണ്‍ ചിത്രമായി വരച്ചിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട മാതാവ് നസീമയും നിഷാദിന്റെ കൂട്ടുകാരും ചിത്രരചനക്ക് പ്രോത്സാഹനം നല്‍കി. പഴയ കാല പള്ളികളും ക്ഷേത്രങ്ങളും തൊഴില്‍ മേഖലകളും കാന്‍വാസില്‍ തയ്യാറാക്കിയപ്പോള്‍ അത് കാണുവാനും വാങ്ങുവാനും ആവശ്യക്കാര്‍ ഏറെയായി. ചിത്രരചനയോടൊപ്പം തയ്യല്‍ പരിശീലനം നേടിയിരുന്നു. ഇപ്പോള്‍ പൂച്ചാക്കല്‍ ലിസിയം ജംഗ്ഷന് സമീപം സ്വന്തമായി ഒരു തയ്യല്‍ കട നടത്തുകയാണ്. കൂടാതെ ആഴ്ചയില്‍ മൂന്ന് തവണ പെരുമ്പളം ഗവ. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചനാ പരിശീലനം നടത്തി വരുന്നു.
നിഷാദിന്റെ മുന്നില്‍ അഞ്ച് മിനിറ്റ് നിന്ന് കഴിഞ്ഞാല്‍ അവരവരുടെ ചിത്രങ്ങള്‍ വരച്ചു നല്‍കും. ചിത്രപ്രദര്‍ശനങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും നിഷാദിന് ആശയം എഴുതിക്കൊടുത്ത് അതനുസരിച്ചുള്ള ചിത്രങ്ങള്‍ വാങ്ങല്‍ പതിവാണ്. ചിത്രരചന, തയ്യല്‍ എന്നിവയോടൊപ്പം ക്രിക്കറ്ററല്ലാത്ത നിഷാദ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വേദികളില്‍ അവതരിപ്പിക്കും. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ഇന്ത്യയുടെ ജേഴ്‌സിയിട്ട് കളത്തിലിറങ്ങിയാല്‍ അവരുടെ ഭാവം എന്തായിരിക്കുമെന്ന് നിഷാദ് അനായാസം പ്രകടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."