പാരലല്‍ കോളജ് അധ്യാപകന്റെ മരണം :അന്വേഷണം സത്യസന്ധമായി നടത്തും: റൂറല്‍ എസ്.പി അശോക് കുമാര്‍
കിളിമാനൂര്‍:പുളിമാത്ത് ദേവി ക്ഷേത്ര കുളത്തില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ട പാരലല്‍ കോളജ് അദ്ധ്യാപകന്റെ മൃതദേഹവുമായി പൊലിസ് സ്റ്റേഷനിലേക്ക് ബന്ധുക്കള്‍ മാര്‍ച്ച് നടത്താന്‍ തുടങ്ങി.
വിവരം അറിഞ്ഞ പൊലിസ് മൃതദേഹം മോര്‍ച്ചറിയില്‍ സൂഷിച്ചിരുന്ന ആശുപത്രി പരിസരത്ത് വെച്ച് തന്നെ മാര്‍ച്ച് തടഞ്ഞു.
പൊലിസിനെ മറികടന്ന് മാര്‍ച്ച് നടത്താന്‍ തുടങ്ങിയെങ്കിലും സത്യസന്ധമായി അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ്.പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് മാര്‍ച്ച് നടത്തനുള്ള ശ്രമം ഉപേക്ഷിച്ചു. ഇന്നലെ കേശവപുരം സി.എച്ച്.സി പരിസരത്താണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത് .
കിളിമാനൂര്‍ വെള്ളല്ലൂര്‍ മാത്തയില്‍ ഇടവനക്കോണം വി.ബി.നിവാസില്‍ വേലുകുട്ടിയുടെയും ബേബിയുടെയും മകന്‍ അനൂപിനെ (33) യാണ്കഴിഞ്ഞ ദിവസം കിളിമാനൂര്‍ പുളിമാത്ത് ദേവി ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. എന്നാല്‍ മരിച്ച അനൂപിന്റെ അടിവസ്ത്രവും ഷര്‍ട്ടും പാന്റും മൊബൈലും മാലയും പേഴ്‌സും ചെരുപ്പും സമീപത്തെ കിണറ്റിലാണ് കാണപ്പെട്ടത്. ഇത് സംശയത്തിന് ഇടനല്‍കി.
അപ്പോള്‍ തന്നെ ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു.
കുളത്തില്‍ അനൂപിനൊപ്പം മറ്റു മൂന്നുപേരും കുളിക്കാന്‍ ഉണ്ടായിരുന്നു എന്നത് ബന്ധുക്കള്‍ക്ക് കൂടുതല്‍ സംശയത്തിന് കാരണമായി.
ഒപ്പം കുളിക്കാന്‍ ഉണ്ടായിരുന്ന മൂന്ന് പേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും കിളിമാനൂര്‍ പൊലിസില്‍ നിന്നും നീതി ലഭിക്കില്ലെന്നും കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യത ഉണ്ട് എന്ന ആശങ്കയും ബന്ധുക്കള്‍ ഉന്നയിച്ചു .വിവരങ്ങള്‍ ഉന്നത പൊലിസ് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിലേക്കാണ് സ്റ്റേഷന്‍ മാര്‍ച്ചിന് രൂപം നല്‍കിയത്. റൂറല്‍ എസ്.പി, ആര്‍.ഡി.ഒ ഇവരിലാരെങ്കിലും സ്ഥലത്തു വന്ന് ഉറപ്പ് തരണമെന്നും സമരക്കാര്‍ വാശിപിടിച്ചു.
തുടര്‍ന്ന് റൂറല്‍ എസ്.പി സമരക്കാരുമായി ഫോണില്‍ സംസാരിച്ചു. തുടര്‍ന്ന് മാര്‍ച്ചിനെത്തിയവര്‍ മൃതദേഹവുമായി വീട്ടിലേക്ക് പോവുകയും മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു.അതേ സമയം കസ്റ്റഡിയില്‍ ഉള്ളവരെ വിശദമായി പൊലിസ് ചോദ്യം ചെയ്തു വരികയാണ് .അറസ്റ്റ് ചെയ്തിട്ടില്ല .
കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്ത് വിട്ടിട്ടില്ല .മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് അഡ്വ.ബി.സത്യന്‍ എം.എല്‍.എ. റൂറല്‍ എസ്.പിയോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."