ഗതാഗത കുരുക്കില്‍ കാട്ടാക്കട പട്ടണം
കാട്ടാക്കട: കാട്ടാക്കട പട്ടണത്തില്‍ രൂക്ഷമായ ഗതാഗതകുരുക്കും അതുമായി ബന്ധപ്പെട്ട അപകടങ്ങളും പതിവായി. ഇപ്പോള്‍ ഒരു പോയിന്റ് കടക്കാന്‍ മണിക്കൂറുകള്‍ പോലും വേണ്ടി വരുന്ന നില.
ചന്ത ദിവസങ്ങളിലാകട്ടെ കാട്ടാക്കട കടക്കണമോ മണിക്കൂറുകള്‍ കാത്തിരിക്കണം.
താലൂക്ക് ആസ്ഥാനമായി മാറിയ കാട്ടാക്കടയില്‍ ഇപ്പോള്‍ ചന്ത ദിവസങ്ങളില്‍ മാത്രമല്ല ദിനവും കുരുക്കിന്റെ ചങ്ങലകളാണ്. ഏതാണ്ട് മണിക്കൂറുകള്‍ എടുത്താലേ പോകാന്‍ കഴിയൂ എന്നതാണ് അവസ്ഥ.
ജങ്ഷന്‍ മുതല്‍ ചന്ത വരെയും അവിടെ നിന്നും കോളജ് വരെയും ട്രാഫിക്ക് കുരുക്ക് നീളും. പിന്നെ കാണുന്നത് വാഹനങ്ങളുടെ നീണ്ട നിര. ബുദ്ധിമുട്ടുന്നത് യാത്രക്കാരും.
ഇപ്പോള്‍ താലൂക്ക് കൂടി വന്നതോടെ ദിവസവും വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡിലാണ്. ഇത് കൂടിയാകുമ്പോള്‍ കുരുക്ക് സ്വാഭാവികം സ്വതവേ വീതി കുറഞ്ഞ റോഡുകളാണ് കാട്ടാക്കടയില്‍ ഉള്ളത്.
ആ റോഡിലാണ് അനധിക്യത നിര്‍മാണവും സാധനങ്ങള്‍ റോഡില്‍ ഇറക്കി വയ്ക്കുന്നതും. ഇതിനിടയില്‍ കൂടി വേണം വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍.
മാത്രമല്ല കാട്ടാക്കടയിലെ വഴിവാണിഭം വന്‍ തോതിലാണ് പെരുകിയിരിക്കുന്നത്. പട്ടണം ആകെ വഴി വാണിഭക്കാരുടെ പിടിയിലാണ്. ചന്ത ദിവസങ്ങളിലാകട്ടെ അത് കൂടും.
ഇതാണ് കുരുക്കിന് കാരണം. കാല്‍ നടയാത്രകൂടി ദുരിതമായ കാട്ടാക്കടയില്‍ അശാസ്ത്രിയമായ വാഹനപാര്‍ക്കിങ് മറ്റൊരു പ്രശ്‌നമാണ്.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് തോന്നിയ രീതിയിലാണ്. അവര്‍ക്കായി ഒരു പൊതു പാര്‍ക്കിങ് സംവിധാനം ഇവിടില്ല. മാത്രമല്ല സമാന്തരവാഹനങ്ങളും പുറപ്പെടുന്നതും പാര്‍ക്കിങ് നടത്തുന്നതും അവര്‍ക്കിഷ്ടമുള്ളരീതിയിലാണ്. ഇതാണ് കുരുക്കിന് കാരണം.
കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ അശാസ്ത്രിയമായ ബസുകളുടെ വരവും പോക്കും കുരുക്കിന് മറ്റൊരു കാരണമാണ്. കുരുക്ക് പരിഹരിക്കാന്‍ അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില്ല.
പഞ്ചായത്തും പൊലിസും ഇക്കാര്യത്തില്‍ ചില നടപടികള്‍ ആലോചിച്ചെങ്കിലും അത് ഒരിടത്തും എത്തുന്നില്ല. ജങ്ഷന്‍ വികസനത്തിനായി ഏതാണ്ട് 50 കോടി രൂപ വരെ അനുവദിച്ചതാണ്. അതാകട്ടെ പദ്ധതിയുടെ പാളിച്ച കാരണം പാളിപ്പോയി.
യു.ഡി.എഫ് കാലത്ത് എം.കെ. മുനീര്‍ ആണ് പദ്ധതിയ്ക്കായി തറക്കല്ലിട്ടതും പണി തുടങ്ങിയതും. എന്നാല്‍ പണികള്‍ എങ്ങും എത്തിയില്ല.
റോഡുകള്‍ വീതി കൂട്ടുക, വാഹനങ്ങള്‍ക്കായി പാര്‍ക്കിങ് സൗകര്യമൊരുക്കുക, ട്രാഫിക്ക് സംവിധാനമൊരുക്കുക തുടങ്ങി നിരവധി പദ്ധതികളാണ് ചിട്ടപ്പെടുത്തിയത്. എന്നാല്‍ അതൊന്നും നടന്നില്ല.
അതിനിടെ ദിവസവും കുരുങ്ങുന്ന കാട്ടാക്കടയിലെ സംവിധാനം മെച്ചപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ നടപടി എടുക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യമുയര്‍ത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."