ജില്ലാ വികസന സമിതി യോഗം:സര്‍ക്കാര്‍ ഓഫിസുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണം
തൃശൂര്‍: സര്‍ക്കാര്‍ ഓഫിസുകളിലെ ഒഴിവ് ജില്ലാതല ഉദ്യോഗസ്ഥര്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ടു ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കണമെന്ന് ജില്ലാ വികസന സമിതി ഏകകണ്ഠമായി ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതിയിലാണ് ആവശ്യമുയര്‍ന്നത്.
ജില്ലാ വികസന സമിതിയില്‍ ഒന്‍പതു പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പി.കെ.ബിജു എം.പി ആറു പ്രമേയങ്ങളും എ.എല്‍.എ മാരായ കെ.വി അബ്ദുല്‍ ഖാദര്‍, അഡ്വ.കെ രാജന്‍, യു.ആര്‍ പ്രദീപ് എന്നിവര്‍ ഓരോ പ്രമേയവുമാണ് അവതരിപ്പിച്ചത്. പട്ടികജാതി വിഭാഗത്തിനുളള കോര്‍പ്പസ് ഫണ്ടിന്റെ വിനിയോഗത്തിലുളള വീഴ്ചയെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് അടുത്ത ജില്ലാ വികസന സമിതിയ്ക്കു മുന്‍പ് നല്‍കണം.
കൂടാതെ ഈ വീഴ്ചയെക്കുറിച്ച് പരിശോധിക്കാന്‍ പ്രത്യേക യോഗം ചേരണമെന്നും പി.കെ ബിജു എം.പി വികസന സമിതിയില്‍ ഉന്നയിച്ചു. താലൂക്കാസ്ഥാനമായ വടക്കാഞ്ചേരി റൂട്ടില്‍ നിര്‍ത്തിലാക്കിയ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പുനഃസ്ഥാപിക്കണം. ആരംഭിക്കുമെന്നു പറഞ്ഞ തൃശൂര്‍-ഒറ്റപ്പാലം റൂട്ടില്‍ ചെയിന്‍ സര്‍വിസുകള്‍ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അകമല വനമേഖലയിലെ ചന്ദനമോഷണം തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം, സംസ്ഥാന പാത 22 ലെ വാഴക്കോട് മുതല്‍ വിയ്യൂര്‍ വരെയുളള ഭാഗങ്ങളിലെ കുഴികള്‍ അടക്കാന്‍ നടപടി വേണം, തലപ്പിളളി താലൂക്കില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഭൂചലനങ്ങള്‍ സംബന്ധിച്ച് സമഗ്രപഠനവും പ്രഭവകേന്ദ്രം കണക്കാക്കി ഭൂകമ്പമാപിനിയും പുനഃസ്ഥാപിക്കണം, അടാട്ട് ഗ്രാമപഞ്ചായത്തിലെ ചിറ്റിലപ്പിളളി ദേശത്തെ 54 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് അടിയന്തിര നടപടി തുടങ്ങിയ പ്രമേയങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. പഴയന്നൂര്‍ വടക്കേത്തറ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സക്കാതിരിക്കുന്ന കുമ്പളക്കോട് മാട്ടിന്‍മുകള്‍ മലയകോളനിയിലെ റെജീഷിന്റെ ഭാര്യയുടെ ദുരനുഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. അശ്വനി ആശുപത്രിയിലെ നഴ്‌സുമാരെ പിരിച്ചുവിടുന്ന ആശുപത്രി അധികൃതരുടെ നടപടിയ്ക്കതിരെ ജില്ലാ കലക്ടര്‍ അടിയന്തിര യോഗം ചേര്‍ന്ന് നടപടി എടുക്കണമെന്നും മാന്ദാമംഗലം ഭാഗത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുളള മാവ്, പ്ലാവ് ഉള്‍പ്പെടെ 13 മരങ്ങള്‍ കര്‍ഷകര്‍ വെട്ടുന്നത് ഫോറസ്റ്റ് വകുപ്പ് എതിര്‍ക്കുന്നതിനെതിരെയും നടപടി വേണമെന്ന് പ്രമേയത്തിലൂടെ അഡ്വ.കെ.രാജന്‍ എം.എല്‍.എ ജില്ലാ വികസന സമിതിയില്‍ ഉന്നയിച്ചു.
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ദേശീയപാത 17 ല്‍ പ്രത്യേകിച്ച് ചാവക്കാട്-ചേറ്റുവ റോഡ്, മണത്തല, എടക്കഴിയൂര്‍ ഭാഗങ്ങളില്‍ വലിയ കുഴികളുണ്ടായത് അടിയന്തിരമായി അടച്ച് ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് പ്രമേയത്തിലൂടെ കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലാസഹകരണ ബാങ്ക് നടത്തിയ അദാലത്ത് വഴി പണം അടച്ചവരുടെ ആധാരം എത്രയും വേഗം തിരിച്ചു നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുളള അപേക്ഷ പഞ്ചായത്തുകള്‍ തോറും സ്വീകരിക്കണം. താലൂക്ക് സപ്ലൈ ഓഫിസുകളിലെ വന്‍തിരക്ക് ഇതു മൂലം ഒഴിവാക്കാനാവുമെന്നും യു.ആര്‍.പ്രദീപ് എം.എല്‍.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ ആനുകൂല്യങ്ങള്‍ മറ്റാളുകള്‍ കൈപ്പറ്റുന്നതിനെതിരെയും നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു. ചാലക്കുടിയിലെ പൊതുസ്ഥലം കൈയേറ്റം, ഡി-സിനിമാസിന്റെ റീസര്‍വെ, പട്ടയം നല്‍കല്‍ എന്നിവയെ സംബന്ധിച്ച നിജസ്ഥിതി ജില്ലാ വികസന സമിതിയില്‍ ബി.ഡി.ദേവസ്സി എം.എല്‍.എ ആരാഞ്ഞു. മണ്ണ് പരിശോധന ലാബിന് പുതിയ കെട്ടിടം ഉണ്ടായ നിലയ്ക്ക് മറ്റു വകുപ്പുകള്‍ക്ക് നല്‍കാന്‍ ചാലക്കുടി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ലാബ് മാറ്റാന്‍ നടപടി ഉണ്ടാകണമെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു.
പുളള്, മനക്കൊടി ഭാഗത്ത് സര്‍വിസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്തിയത് പുനഃരാംഭിക്കണമെന്നും പാണഞ്ചേരി ഫാമില്‍ നെല്‍കൃഷി നടത്താന്‍ അവിടെയുളള കിണര്‍ സംരക്ഷിക്കണമെന്നും ദേശീയപാതയോരത്തെ കാനയുടെ പണിപൂര്‍ത്തിയാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ആവശ്യപ്പെട്ടു. കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങുമ്പോള്‍ കൃത്യമായ രസീത് അവര്‍ക്ക് നല്‍കണം. ഇതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും അവര്‍ പറഞ്ഞു.
ജില്ലാ വികസന സമിതിയില്‍ ഗീതാഗോപി എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡോ.എ.കൗശിഗന്‍, എ.ഡി.എം (ഇന്‍ചാര്‍ജ്ജ്) സി.വി.സജന്‍, അസിസ്റ്റന്റ് കലക്ടര്‍ ഡോ.വിനയ് ഗോയല്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ യു.ഗീത, ജില്ലാ തല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."