കുട്ടികളെ വെയിലത്ത് നിര്‍ത്തി പീഡിപ്പിച്ചെന്ന്; ഐ.ജി.എം.എം.ആര്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരേ പരാതി
നിലമ്പൂര്‍: പ്രാക്തന ഗോത്രവര്‍ഗമായ കാട്ടുനായ്ക്കര്‍, ചോലനായ്ക്കര്‍ കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന നിലമ്പൂരിലെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെ വെയിലത്ത് നിര്‍ത്തി പീഡിപ്പിച്ചതായി പരാതി. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികളായ സുനില്‍, രാജേഷ് എന്നിവരെയാണ് കഴിഞ്ഞ ഏതാനും ദിവസം വെയിലത്ത് നിര്‍ത്തിയതായി ആരോപണമുള്ളത്. വിവരമറിഞ്ഞ് കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രധാനാധ്യാപികയോട് ബഹളംവച്ചു.
പി.ടി.എ പ്രസിഡന്റ് ഉള്‍പ്പടെയുള്ളവരും വിവിധ സംഘടന നേതാക്കളും സ്‌കൂളിലെത്തി. രക്ഷിതാക്കളില്‍ ചിലര്‍ പ്രധാനാധ്യാപികയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇതോടെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലിസും സ്ഥലത്തെത്തി.
പഠിക്കാത്തവര്‍ സ്‌കൂളില്‍ വരേണ്ടതില്ലെന്ന് പ്രഥാനാധ്യാപിക കുട്ടികളോട് പറഞ്ഞതായി രക്ഷിതാക്കള്‍ പറഞ്ഞു. സ്‌കൂളില്‍ 100 ശതമാനം വിജയം ഉറപ്പാക്കുന്നതിനായാണ് ഈ ശ്രമമെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.
അതേസമയം കുട്ടികളെ പുറത്ത് നിര്‍ത്തിയിട്ടില്ലെന്നും പഠിക്കാത്തവര്‍ സ്‌കൂളില്‍ വരരുതെന്ന് പറഞ്ഞിട്ടില്ലെന്നും പ്രഥാനാധ്യാപിക ആര്‍.സൗദാമിനി പറഞ്ഞു. തന്നോട് വ്യക്തിവൈരാഗ്യമുള്ള ഒരു അധ്യാപികയാണ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച് സ്‌കൂളിനെത്തിരെ ആരോപണവുമായി വന്നതെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."