ബാങ്കുകളുടെ ഭാഷ മലയാളത്തിലാക്കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
തിരുവനന്തപുരം: ബാങ്കുകളുടെ എഴുത്തുകുത്തുകളും ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും മലയാളത്തിലാക്കുന്ന കാര്യം ബാങ്കുകളുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹാരമുണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
കമ്മിഷന്‍ ഔദ്യോഗിക ഭരണഭാഷാ വകുപ്പില്‍നിന്ന് റിപ്പോര്‍ട്ട് വാങ്ങി. ബാങ്കിങ് മേഖലയിലെ മാതൃഭാഷാ ഉപയോഗം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയില്‍ ഉന്നയിച്ച് നടപടിയെടുപ്പിക്കാന്‍ 2019 ഏപ്രില്‍ ഒന്നിന് ധന(ആസൂത്രണ-എ) വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥ- ഭരണപരിഷ്‌കാര (ഔദ്യോഗിക ഭാഷ) വകുപ്പ് കമ്മിഷനെ അറിയിച്ചു.
ബാങ്കില്‍ അക്കൗണ്ട് എടുക്കുന്നതു മുതലുള്ള എല്ലാ ഫോറങ്ങളും ഇംഗ്ലീഷിലാണ് ലഭിക്കുന്നത്.
ഇത് ബാങ്ക് ഇടപാടുകാരില്‍ 75 ശതമാനത്തിനും വായിച്ചു മനസിലാക്കാന്‍ കഴിയാറില്ല. ബാങ്ക് ജീവനക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ ഒപ്പിട്ടു നല്‍കുകയാണ് ഇടപാടുകാര്‍ ചെയ്യുന്നത്.
ബാങ്കുകള്‍ ഈടാക്കുന്ന വിവിധ തരം ചാര്‍ജുകളെ കുറിച്ചും ഇംഗ്ലീഷ് അറിയാത്തവര്‍ അജ്ഞരാണ്.
ബാങ്കിങ് ഇടപാടുകളിലെ ഇംഗ്ലീഷ്‌വല്‍ക്കരണം കാരണം ഭാഷ അറിയാത്തവര്‍ പലപ്പോഴും കബളിക്കപ്പെടാറുണ്ടെന്നും അഭിഭാഷകനായ ടോം ജോസ് പൂച്ചാലിന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."