പാപനാശം കുന്നില്‍ നിന്ന് മാലിന്യം തീരത്തേക്ക് തള്ളുന്നു
കല്ലമ്പലം: പാപനാശം കുന്നില്‍ നിന്ന് മാലിന്യങ്ങള്‍ കവറുകളിലാക്കി തീരത്തേക്ക് തള്ളുന്നു. കുന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ നിന്നാണ് മാലിന്യങ്ങള്‍ താഴേക്ക് വലിച്ചെറിയുന്നത്. സീസണ് തുടക്കമായതോടെയാണ് മാലിന്യ നിക്ഷേപവും വര്‍ധിക്കുന്നത്. കഴിഞ്ഞ ദിവസം നോര്‍ത്ത് ക്ലിഫില്‍ നിന്ന് വലിയ സഞ്ചികളിലാക്കി കുന്നില്‍ ചരിവില്‍ മാലിന്യം തള്ളി. തീരത്തും മലയിടുക്കിലുമാണ് തള്ളിയത്. തീരത്ത് പതിക്കുന്നവ തിരയില്‍പ്പെട്ട് മറ്റിടങ്ങളില്‍ അടിയുകയാണ് ചെയ്യുന്നത്.
ഹോട്ടല്‍ മാലിന്യങ്ങളുള്‍പ്പെടെ തള്ളുന്നതിനാല്‍ തീരത്ത് ദുര്‍ഗന്ധം നിറഞ്ഞ അന്തരീക്ഷമാണ്. മുന്‍കാലത്ത് വാഹനങ്ങളില്‍ കൊണ്ട് വരുന്ന മാലിന്യങ്ങള്‍ ഹെലിപ്പാട് ഭാഗത്ത് നിന്ന് താഴേക്ക് വലിച്ചെറിഞ്ഞിരുന്നു. മാലിന്യങ്ങള്‍ വീണ് പ്രകൃതി ദത്ത നീരുറവകള്‍ വരെ മലിനമായിരുന്നു. അതവസാനിച്ചപ്പോഴാണ് മറ്റിടങ്ങളില്‍ നിന്ന് രാത്രിയില്‍ മാലിന്യ നിക്ഷേപം നടത്തുന്നത്. പാപനാശത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍, റസ്റ്റോറന്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് നഗരസഭ മാലിന്യം ശേഖരിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ഇരുട്ടിന്റെ മറവില്‍ താഴേക്ക് വലിച്ചെറിയുന്നതാണ് ബീച്ചിനെ മലീമസമാക്കുന്നത്. കുന്നിന്‍ ചരിവുകളില്‍ കുറ്റിച്ചെടികളും മറ്റു മുള്ളതിനാല്‍ മാലിന്യം പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ല. കടല്‍ത്തീരത്തെത്തി ദുര്‍ഗന്ധം വമിക്കുമ്പോഴാണ് അറിയുന്നത്. കുന്നിന് മുകളില്‍ നിന്ന് സെപ്റ്റിക് മാലിന്യങ്ങളും ബീച്ചിലേക്ക് ഒഴുക്കി വിടാറുമുണ്ട്. സെപ്റ്റിക് ടാങ്കുകള്‍ നിറയുമ്പോള്‍ നീണ്ട ഹോസുപയോഗിച്ചാണ് കക്കൂസിലെ മലിനജലമുള്‍പ്പെടെ ഒഴുക്കുകയാണ് ചെയ്യുന്നത്. കുന്നിന്റെ അഗ്ര ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള ഹോസുകള്‍ കാണാം. വൃത്തി ഹീനവും ദുര്‍ഗന്ധ പൂരിതവുമായ അന്തരീക്ഷമാണ് ഇതുവഴിയുണ്ടാകുന്നത്. അന്താരാഷ്ട്ര ടൂറിസം കേന്ദ്രമായ വര്‍ക്കല ബീച്ചില്‍ നിന്ന് സഞ്ചാരികള്‍ അകലുന്നതിന് ഇത് കാരണമാകുന്നു. വിവിധ സംഘടനകളും വിദേശികളുള്‍പ്പെടെയുള്ളവരും ചേര്‍ന്ന് ഇടയ്ക്കിടെ കടല്‍ത്തീരവും കുന്നിന്‍ ചരിവും ശുചീകരിക്കാറുണ്ട്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവൃത്തികള്‍ക്ക് നേര്‍ വിപരീതമായാണ് ചിലരുടെ പ്രവര്‍ത്തനം. ഇത്തരം സാമൂഹിക വിരുദ്ധ പ്രവണതകള്‍ തടയാന്‍ നടപടിയൊന്നുമുണ്ടാകാറില്ല.
ഹെലിപ്പാട് മേഖലയില്‍ സ്വീവേജ് പ്ലാന്റ് സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കണമെന്ന് റിസോര്‍ട്ടുടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നഗരസഭാ നേതൃത്വം ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. കാമറകള്‍ സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തണമെന്നും ആവശ്യമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."