പെട്രോള്‍ പമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം
പാലക്കാട് : പെട്രോള്‍ പമ്പുകളില്‍ ഗുണഭോക്താവിന് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് പെട്രോള്‍ പ്രോഡക്ട്‌സ് ഗ്രിവന്‍സ് റിഡ്ഡ്രസല്‍ ഫോറത്തില്‍ പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ. യൂസഫ് ആവശ്യപ്പെട്ടു.
പെട്രോള്‍ പമ്പുകളില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങളായ കുടിവെള്ളം, ശൗചാലയ സൗകര്യം, ടയര്‍ നിറയ്ക്കാനുളള സൗജന്യ വായു എന്നിവ ലഭിക്കുന്നില്ലെന്ന പരാതി ഫോറത്തില്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഗുണഭോക്താകളുടെ അവകാശങ്ങള്‍ പരിഹരിക്കുന്നതിനായുള്ള നടപടി സ്വീകരിക്കാന്‍ സബ് കലക്ടര്‍ ലീഗല്‍ മെട്രോളജിക്ക് നിര്‍ദ്ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പെട്രോള്‍ പ്രൊഡക്ട്‌സ് ഗ്രിവന്‍സ് റിഡ്രസല്‍- എല്‍.പി.ജി.ഓപ്പണ്‍ ഫോറത്തില്‍ ഗ്യാസ്(എല്‍.പി.ജി) ഇന്ധനങ്ങള്‍ സംബന്ധിച്ച അടിസ്ഥാന ആവശ്യങ്ങള്‍ ഉറപ്പാക്കുന്നതിന് ഏജന്‍സികള്‍ കാര്യക്ഷമമാകണമെന്ന് പാലക്കാട് ആര്‍.ഡി.ഒ കൂടിയായ സബ്കലക്ടര്‍ ആവശ്യപ്പെട്ടു. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ വ്യത്തിഹീനമാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ശുചിമുറികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ശുചിത്വ മിഷന് നിര്‍ദേശം നല്‍കുമെന്ന് യോഗത്തില്‍ ആര്‍.ഡി.ഒ അറിയിച്ചു.
പമ്പുകളില്‍ നിന്നും ഗുണഭോക്താവിന് സൗജന്യ എയര്‍ ലഭിച്ചില്ലെങ്കില്‍ പമ്പ് സ്ഥിതി ചെയ്യുന്ന പരിധിയില്‍പെട്ട നഗരസഭകള്‍ക്ക് നടപടി എടുക്കാവുന്നതാണ്. പമ്പുകളിലെ ശൗചാലയങ്ങളില്‍ പൊതുജനങ്ങള്‍ പുകയിലയും മറ്റ് ലഹരി വസ്തുകളും ഉപയോഗിക്കുന്നതായുള്ള വിതരണകാരുടെ പരാതിയില്‍ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പാലക്കാട് സബ് കലക്ടര്‍ക്ക് പരാതി നല്‍കാവുന്നതാണ്.
ഗ്യാസ് വിതരണ ഏജന്‍സികള്‍ ഉപഭോക്തൃ സൗഹാര്‍ദ്ദമാകണം. ഗ്യാസ് സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഗ്യാസ് വിതരണ ഏജന്‍സികളില്‍ വിളിയെത്തിയാല്‍ ഉപഭോക്താകളോട് സൗഹാര്‍ദ്ദപരമായി ഇടപെടണമെന്ന് എല്‍.പി.ജി ഓപണ്‍ ഫോറത്തില്‍ സബ് കലക്ടര്‍ ആസിഫ് കെ. യൂസഫ് അറിയിച്ചു. ഗ്യാസ് വിതരണ ഏജന്‍സികള്‍ ഉപഭോക്താകളോട് അനുവര്‍ത്തിക്കുന്ന മോശമായ നടപടികള്‍ സംബന്ധിച്ച് യോഗത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ജില്ലയില്‍ എല്‍.പി.ജി ഗ്യാസ് ഗുണഭോക്താകള്‍ക്ക് സബ്‌സിഡി ലഭിക്കുന്നില്ലെന്നും വീടുകളില്‍ ഗ്യാസ് ഗുണനിലവാര പരിശോധനക്ക് എത്തുന്നവര്‍ അമിത തുക ഈടാക്കുന്നതായും യോഗത്തില്‍ പരാതിയായി ഉയര്‍ന്നു. അനാവശ്യമായി തുക വര്‍ദ്ധിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പെട്രോളിയം കമ്പിനി അധികൃതരിലൊരാള്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ ഗ്യാസ് സിലിണ്ടര്‍ വിതരണത്തിലുളള പരാതികള്‍ കുറയ്ക്കാന്‍ വിതരണക്കാര്‍ ശ്രദ്ധിക്കണമെന്നും വിതരണക്കാര്‍ സിലിണ്ടറുകളുടെ സുരക്ഷ ഉറപ്പാക്കാനും യോഗം നിര്‍ദ്ദേശിച്ചു.
ഏജന്‍സികളുടെ കൃത്യനിര്‍വഹണം, ഗ്യാസ് വിതരണം, സബ്‌സിഡി വിതരണത്തിലെ അപാകത തുടങ്ങീയ വിവിധ വിഷയങ്ങളില്‍ 14 ഓളം പരാതികളാണ് ഓപ്പണ്‍ഫോറത്തില്‍ ലഭിച്ചത്. ജില്ലയിലെ ഗ്യാസ് ഉപഭോക്താകള്‍ക്ക് പരാതി അറിയിക്കാന്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ 8137067808 സൗജന്യ സര്‍വീസ് നമ്പര്‍ ഉപയോഗപ്പെടുത്തണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. എല്‍.പി.ജിപെട്രോള്‍ പമ്പ് ഉപഭോക്താകളുടെ പരാതികളും നിര്‍ദ്ദേശങ്ങളും യോഗം ചര്‍ച്ച ചെയ്തു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.അജിത്ത് കുമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ ഏജന്‍സി പ്രതിനിധികള്‍, ഓയില്‍ കമ്പിനി പ്രതിനിധികള്‍,ഉപഭോക്താക്കള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."