വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കലക്ടറുടെ നിര്‍ദേശം: സ്‌കൂളുകളുടെ പരിസരം ഉടന്‍ വൃത്തിയാക്കണമെന്നും ഉത്തരവ്
കല്‍പ്പറ്റ: ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ചതിനെ തുടര്‍ന്ന് വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുടെയും പരിസരം ഉടന്‍ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവ്. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിര്‍ദ്ദേശം. എന്നാല്‍ സംഭവത്തില്‍ പ്രതിഷേധം രൂക്ഷമാവുകയാണ്. വയനാട്ടില്‍ ഇന്ന് കെ.എസ്.യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടും ഇന്ന് ജില്ലാ കലക്ടര്‍ക്ക് കൈമാറും.
അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു. ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകന്‍ പി.ടി.എയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്ലറ്റും ടോയ്ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം. ക്ലാസ് മുറിയില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. എല്ലാമാസവും പരിശോധന തുടരണം.
കളിസ്ഥലങ്ങളില്‍ അടക്കം വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം. കളിസ്ഥലത്തും വിവിധ ആവശ്യങ്ങള്‍ക്ക് സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. പ്രധാനധ്യാപകന്റെ നിര്‍ദ്ദേശം സ്‌കൂളിലെ അധ്യാപകര്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്.
സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ കലക്ടറും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വയനാട്ടിലെ സ്‌കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."