രഞ്ജി ട്രോഫി: സച്ചിനും വിഷ്ണുവിനും സെഞ്ചുറി; സമനില ഉറപ്പിക്കാന്‍ കേരളം
തിരുവനന്തപുരം: ഇന്നിങ്സ് പരാജയത്തിന്റെ വക്കില്‍നിന്ന് മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ശക്തമായ തിരിച്ചു വരവ്. നായകന് സച്ചിന് ബേബിയുടെയും വിഷ്ണു വിനോദിന്റെയും സെഞ്ചുറി കരുത്തിലാണ് കേരളം പോരാട്ടത്തില്‍ തിരിച്ചെത്തിയത്. ആദ്യ ഇന്നിങ്സില്‍ 63 റണ്‍സിന് പുറത്തായ കേരളം ഇന്നലെ കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ എട്ടിന് 390 എന്ന നിലയിലാണ്. നാലിന് 38 എന്ന നിലയിലാണ് മൂന്നാം ദിനത്തില്‍ കേരളം ബാറ്റിങ് തുടങ്ങിയത്. ഇന്നിങ്സ് പരാജയത്തിന്റെ തുമ്പില്‍നിന്ന് ക്യാപ്ടന് സച്ചിന് ബേബിയും (143), പുറത്താകാതെ വിഷ്ണു വിനോദും (155 ) നേടിയ സെഞ്ചുറികളാണ് കേരളത്തെ രക്ഷിച്ചത്. 199 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇന്ന് കളി അവസാനിക്കാനിരിക്കേ കേരളത്തിന് 125 റണ്‍സിന്റെ ലീഡായി. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കേ അധികസമയം ക്രീസില്‍ പിടിച്ചു നിന്നാല്‍ കേരളത്തിന് സമനില പിടിക്കാം. മൂന്നാം ദിനത്തില്‍ 20 റണ്‍സുമായാണ് സച്ചിന് ബേബി ബാറ്റിങ് തുടങ്ങിയത്. ഒന്‍പത് റണ്‍സുമായി വി.എ ജഗദീഷ് കൂടെ ബാറ്റു ചെയ്യാനിറങ്ങി.
സ്കോര്‍ 80 ല്‍ എത്തി നില്‍ക്കേ ജഗദീഷ് (26) പുറത്തായി. ഹിര്‍വാനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നമാന്‍ ഓജയ്ക്ക് ക്യാച്ച് നല്‍കിയാണ് ജഗദീഷ് മടങ്ങിയത്. സ്കോര്‍ 100 ല്‍ എത്തി നില്‍ക്കേ സച്ചിന് കൂട്ടായെത്തിയ സഞ്ജു സാംസണ് (19) റണ്‍ ഔട്ടായി. സഞ്ജുവിന് പിന്നാലെ ക്രീസില്‍ എത്തിയ വിഷ്ണു വിനോദ് സച്ചിന് മികച്ച പിന്തുണ നല്കി. മധ്യപ്രദേശ് ബൗളിങ് നിരയ്ക്കെതിരേ ചുവടുറപ്പിച്ച ഇരുവരും കേരളത്തിന്റെ രക്ഷകരായി. കേരളത്തെ രക്ഷിക്കാന്‍ കപ്പിത്താന്റെ പ്രകടനം പുറത്തെടുത്ത സച്ചിന് 211 പന്തുകളില്‍ നിന്ന് 14 ബൗണ്ടറികളും മൂന്ന് സിക്സറുകളും അടക്കം പായിച്ച് 143 റണ്‍സ് എടുത്തു. ജെയിനിന്റെ പന്തില്‍ കാര്ത്തികേയന് ക്യാച്ച് നല്കി 77ാം ഓവറിലാണ് സച്ചിന് ബേബി കൂടാരം കയറിയത്. പകരം ക്രീസിലെത്തിയ കെ.സി അക്ഷയിനെ (1) കൂടെനിര്‍ത്തിയ വിഷ്ണു വിനോദ് കേരളത്തിന്റെ സ്കോര്‍ 320 ല്‍ എത്തിച്ചു. 20 പന്തുകള്‍ നേരിട്ട അക്ഷയ് സെന്നിന്റെ പന്തില്‍ ബൗള്‍ഡായി.
തുടര്‍ന്നെത്തിയ ബേസില്‍ തമ്പി 49 പന്തില്‍ 30 റണ്‍സുമായി വിഷ്ണുവിന് ശക്തമായ പിന്തുണ നല്കി. നാലു ഫോറും ഒരു സിക്സും ബേസിലിന്റെ ബാറ്റില്‍നിന്ന് പിറന്നു. രഞ്ജി ട്രോഫിയിലെ വിഷ്ണുവിന്റെ ആദ്യ സെഞ്ചുറിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."